ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കും: പ്രധാനമന്ത്രി

Posted on: December 30, 2016 4:27 pm | Last updated: December 31, 2016 at 10:43 am

ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കാനായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ‘എളുപ്പത്തില്‍ ഇടപാടുകള്‍ നടത്തുവാനും പണം കൈമാറുവാനും സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ഞാന്‍ പുറത്തിറക്കും. സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ഈ ആപ്പ് ജനങ്ങളെ സഹായിക്കും’ മോദി ട്വിറ്ററില്‍ കുറിച്ചു.

ഡിജിറ്റില്‍ സാമ്പത്തിക ഇടപാടുകള്‍ വ്യാപകമാവുന്നതോടെ അഴിമതിക്ക് കൂച്ചുവിലങ്ങിടാന്‍ സാധിക്കുമെന്നും പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും വികസനസ്വപ്‌നങ്ങള്‍ പൂവണിയുമെന്നും നേരത്തെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട അന്‍പത് ദിവസത്തെ സമയപരിധി ഇന്നോടെ അവസാനിക്കുകയാണ്. പുതുവത്സര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന പ്രധാനമന്ത്രി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുതകുന്ന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.