Connect with us

International

കൊലവിളിയുമായി വീണ്ടും ഫിലിപ്പൈന്‍സ് പ്രസിഡന്റ്

Published

|

Last Updated

മനില: അഴിമതിക്കാരെ ഹെലികോപ്റ്ററില്‍ നിന്ന് താഴേക്കെറിയുമെന്നും താന്‍ ഇത് മുമ്പ് ചെയ്തിട്ടുണ്ടെന്നും ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗേ ഡ്യൂടേര്‍ട്. തെറി വിളികളിലൂടെയും കൊല പ്രസംഗങ്ങളിലൂടെയും വിവാദ നായകനായി മാറിയ ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.

മേയറായിരുന്ന സമയത്ത് കുറ്റാരോപിതരെ ബൈക്കില്‍ ചുറ്റി കൊന്നിരുന്നെന്ന ഡ്യൂടേര്‍ട്ടിന്റെ പ്രസംഗം മുന്‍നിര്‍ത്തി രാജി ആവശ്യം ഉയരുന്നതിനിടെയാണ് പുതിയ പ്രസ്താവന. കൊലപാതക, ബലാത്സംഗ കേസുകളില്‍ ആരോപിതനായ ചൈനീസ് പൗരനെ ഇത്തരത്തില്‍ ഹെലികോപ്റ്ററില്‍ നിന്ന് താഴെ എറിഞ്ഞിരുന്നെന്നും ഇതില്‍ തനിക്കൊരു പശ്ചാതാപവും ഉണ്ടായിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
“നിങ്ങള്‍ അഴിമതി ചെയ്യുകയാണെങ്കില്‍ നിങ്ങളുമായി മനിലയിലേക്ക് ഹെലികോപ്റ്ററില്‍ സഞ്ചരിക്കും. യാത്രക്കിടെ നിങ്ങളെ ഞാന്‍ പുറത്തെറിയും. മുമ്പ് ഞാനിത് ചെയ്തിട്ടുണ്ട്. എന്ത് കൊണ്ട് അത് എനിക്ക് ആവര്‍ത്തിച്ചുകൂടാ..?” ചുഴലിക്കൊടുങ്കാറ്റിലെ ഇരകളുമായി സംസാരിക്കവെ പ്രസിഡന്റ് പറഞ്ഞു. പ്രസംഗം അടങ്ങിയ വീഡിയോ പ്രസിഡന്റിന്റെ ഓഫീസ് തന്നെയാണ് പുറത്തുവിട്ടത്.
അതേസമയം, കൊലപ്രസംഗത്തിന്റെ പേരില്‍ ഇംപീച്‌മെന്റ് ഭീഷണിയും മനുഷ്യാവകാശ അന്വേഷണ ആവശ്യവും ശക്തമായിക്കൊണ്ടിരിക്കെ പ്രസിഡന്റ് നടത്തിയ പ്രസ്താവന വ്യാപകമായി ചര്‍ച്ചക്കിടയാക്കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രസംഗം തന്റെ പതിവ് ശൈലിയാണെന്ന് കാണിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായി ഇതിനെ കാണുന്നവരുണ്ട്. വിവാദം കത്തി നില്‍ക്കുന്ന സമയത്ത്, നടന്നതായി തെളിവോ അഭ്യൂഹമോയില്ലാത്ത കൊലപാതകം നടത്തിയെന്ന് പറഞ്ഞ് കോടതി നടപടികളില്‍ നിന്നും മറ്റും രക്ഷപ്പെടാനുള്ള കുതന്ത്രമാണ് പുതിയ പ്രസംഗമെന്ന് വിലയിരുത്തപ്പെടുന്നു. പ്രസിഡന്റിന്റെ ഓഫീസ് തന്നെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ടതാണ് ഇത്തരമൊരു സംശയത്തിന് വക നല്‍കുന്നത്.

മയക്കുമരുന്നിനെതിരെ വ്യാപകമായ മുന്നേറ്റം നടത്തുമെന്നും ഇത്തരക്കാരെ തന്റെ കൈയ്യില്‍ കിട്ടിയാല്‍ കൊന്നു കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ കഴിഞ്ഞയാഴ്ച ആറ് പേര്‍ അറസ്റ്റിലായിരുന്നു. ഈ സമയം ഞാന്‍ അവിടെ ഇല്ലാതിരുന്നത് അവരുടെ ഭാഗ്യമാണ്. പിടിക്കപ്പെടുന്ന സമയത്ത് ഞാന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അവരെ വെടിവെച്ച് കൊല്ലുമായിരുന്നു.” അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന്‌വിരുദ്ധ നടപടിയില്‍ വ്യാപകമായി കൊലപാതകങ്ങള്‍ നടപ്പാക്കിയ ഡ്യൂടേര്‍ട്ട് ഇതിനകം നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജൂണില്‍ അധികാരമേറ്റ ശേഷം 6,000 ത്തോളം പേര്‍ മയക്കുമരുന്ന് വേട്ടക്കിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ യു എന്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. അമേരിക്കയെയും പ്രസിഡന്റ് ബരാക് ഒബാമയെയും മോശമായ രീതിയില്‍ ആക്ഷേപിച്ച ഡ്യൂടേര്‍ട്ട് അടുത്തിടെ യു എന്നിനെതിരെയും തിരിഞ്ഞിരുന്നു.

---- facebook comment plugin here -----

Latest