സ്വകാര്യ കമ്പനികളെ ആശ്രയിക്കാന്‍ നീക്കം: വന്‍ വിലയ്ക്ക് വൈദ്യുതി വാങ്ങും

Posted on: December 30, 2016 6:08 am | Last updated: December 30, 2016 at 12:04 pm

പാലക്കാട്: കടുത്ത പ്രതിസന്ധി തരണം ചെയ്യാന്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഗുഡ്ഗാവ് ആസ്ഥാനമായ ഝാബുവാ പവര്‍ ലിമിറ്റഡില്‍ നിന്ന് വന്‍ തുകക്ക് വൈദ്യുതി വാങ്ങാനുള്ള കെ എസ് ഇ ബി നീക്കത്തിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കി.

മഴ കുറഞ്ഞതോടെ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ നവംബറിലാണ് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. പ്രതിദിനം 115 മെഗാവാട്ട് എന്ന കണക്കില്‍ ഈ മാസം ഒന്ന് മുതല്‍ 2040 നവംബര്‍ 30 വരെ 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാമെന്നതാണ് കരാര്‍. യൂനിറ്റൊന്നിന് 4.15 രൂപ എന്ന നിരക്ക് ഇതിനായി നിശ്ചയിക്കുകയും ചെയ്തു.
അതേസമയം, സ്വകാര്യ കമ്പനിയുമായി വലിയ കാലയളവിലേക്ക് കരാര്‍ ഒപ്പിടാനുള്ള തീരുമാനം നിലവിലുള്ള ചട്ടങ്ങള്‍ മറികടന്നാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ യൂനിറ്റിന് 28 പൈസ എന്ന നിരക്കില്‍ ലഭിക്കുമെന്നിരിക്കെ കൂടിയ തുകക്ക് വൈദ്യുതി വാങ്ങാനുള്ള കെ എസ് ഇ ബിയുടെ നീക്കം അഴിമതിക്ക് കളമൊരുക്കുമെന്നാണ് ആക്ഷേപം.

ദിവസവും വൈകുന്നേരം നാലോടെ വില്‍പ്പനക്കുള്ള നിരക്ക് നിശ്ചയിക്കുകയും കുറഞ്ഞ തുക ക്വാട്ട ചെയ്യുന്നവരില്‍ നിന്ന് വൈദ്യുതി വാങ്ങുകയുമാണ് വിവിധ സംസ്ഥാന ബോര്‍ഡുകള്‍ ചെയ്യുന്നത്. കരാര്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ റെഗുലേറ്ററി കമ്മീഷന്‍ സര്‍ക്കാറിന്റെ ഭാഗത്ത് സമ്മര്‍ദം കനത്തതോടെ വഴങ്ങുകയായിരുന്നു എന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ശരാശരി 20.21 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഈ വര്‍ഷമിത് 18 ദശലക്ഷമായി കുറഞ്ഞു. സംഭരണികളിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം വലിയ കുറവാണുണ്ടായിട്ടുള്ളത്. വേനലെത്തും മുമ്പ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വര്‍ധിച്ചു. ഉത്പാദനവും ഉപയോഗവും തമ്മില്‍ വലിയ അന്തരമാണുള്ളത്.