കോണ്‍ഗ്രസ് ദേശീയതലത്തില്‍ പ്രക്ഷോഭത്തിന്

Posted on: December 30, 2016 7:05 am | Last updated: December 30, 2016 at 12:06 am

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയും പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും അടുത്ത മാസം ആറ് മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് പ്രക്ഷോഭമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജീവാല പറഞ്ഞു.
50 ദിവസം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം തെറ്റാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഇത്രയും ദിവസത്തിനിടെ റിസര്‍വ് ബേങ്ക് 135 തവണ ചട്ടങ്ങള്‍ മാറ്റി. സാമ്പത്തിക പ്രയാസം കാരണം 115പേര്‍ മരിച്ചു. ഇനിയും ഏഴോ എട്ടോ മാസം തുടര്‍ച്ചയായി അച്ചടിച്ചാല്‍ മാത്രമേ പിന്‍വലിച്ചത്രയും പണം വിപണയിലെത്തിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശക്തമായ രാഷ്ട്രീയ ക്യാമ്പയിന് ബി ജെ പിയും തയ്യാറെടുക്കുന്നുണ്ട്. മോദി സര്‍ക്കാറിന്റെ പണരഹിത സമ്പദ്ഘടന എന്ന ആശയം പ്രചരിപ്പിക്കുന്നതിനാണ് അവരുടെ ഒരുക്കം. ഇതിന്റെ ഭാഗമായി നാളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ ജനങ്ങളെ ബോധവത്കരിക്കും. നാളെ രാത്രി 7.30ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനം ചെയ്യുമെന്നും കരുതുന്നു. ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നോട്ട് അസാധുവാക്കലിന്റെ നേട്ടത്തെ കുറിച്ച് വിശദീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടു.