പതിനാല് വയസ്സുകാരന് മര്‍ദനം; നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം

Posted on: December 30, 2016 6:54 am | Last updated: December 29, 2016 at 11:55 pm

തിരുവനന്തപുരം: എറണാകുളം ജില്ലയിലെ വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ പതിനാല് വയസ്സുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. വീഴ്ച വരുത്തുന്ന പക്ഷം എസ് ഐയുടെ ശമ്പളത്തില്‍നിന്ന് പണം ഈടാക്കി നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോലീസ് സ്റ്റേഷനില്‍ കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ വരാപ്പുഴ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷാരോണ്‍ സി എസ്സിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ നസീര്‍, മീന കുരുവിള എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷന്‍ ഫുള്‍ ബെഞ്ച് സംസ്ഥാന പോലീസ് മേധാവിക്കും എറണാകുളം ജില്ലാ റൂറല്‍ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി.
കുടുംബ തര്‍ക്കത്തെത്തുടര്‍ന്ന് വേര്‍പിരിഞ്ഞു നില്‍ക്കുന്ന അമ്മക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിന് പതിനാലുകാരനെ വരാപ്പുഴ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മര്‍ദിച്ചെന്ന മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച കേസിലാണ് നടപടി.
കുടുംബസംബന്ധമായ പ്രശ്‌നങ്ങളില്‍, ക്രിമിനല്‍ കുറ്റവുമായി ബന്ധപ്പെടാതെയോ കോടതി ഉത്തരവില്ലാതെയോ പോലീസ് ഇടപെടരുതെന്നും കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്നും വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 40 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.