കേരളത്തിന്റെ ജലസമ്പത്തും കാലാവസ്ഥാവ്യതിയാനവും ഡോ. കമലാക്ഷന്‍ കൊക്കാല്‍

വികസിത രാജ്യങ്ങള്‍ നദികളെ ഏതുവിധം പരിപാലിക്കുന്നു എന്ന് നാം അറിയേണ്ടതുണ്ട്. അവരുടെ സാക്ഷരതയുടെയും വികസനത്തിന്റെയും മാത്രമല്ല സംസ്‌കാരത്തിന്റെ പ്രതീകങ്ങള്‍ കൂടിയായാണ് നദികളെ ഇവര്‍ കൈകാര്യം ചെയ്യുന്നത്. മാലിന്യമില്ലാത്ത, കൈയേറ്റങ്ങളില്ലാത്ത, കോരിക്കുടിക്കാന്‍ പോലും തോന്നിപ്പിക്കുന്ന ശുദ്ധമായ ജലം ഒഴുകുന്ന അവിടങ്ങളിലെ നദികള്‍ അവരുടെ സംസ്‌കാരങ്ങളുടെ നേര്‍ക്കാഴ്ചയാണ്. നമ്മുടെ നദികള്‍ നോക്കൂ, ചവറ്റുകൊട്ടകള്‍ വലിച്ചെറിയുന്ന, മല വിസര്‍ജ്യങ്ങളടക്കം നിപതിക്കുന്ന ഒഴുകാതെ നാറ്റം വമിപ്പിച്ച്, ഊര്‍ധശ്വാസം വലിക്കുന്ന നമ്മുടെ നദികളിലെ ജലം തീര്‍ച്ചയായും ഒരു പരിധി വരെയെങ്കിലും സ്വച്ഛന്ദം എടുത്തു ഉപയോഗിക്കാന്‍ വൈമനസ്യം ഉണ്ടാകും. കേരളത്തില്‍ നാല് ഇടത്തരം നദികളുണ്ട്. പമ്പ, പെരിയാര്‍ , ഭാരതപ്പുഴ, ചാലിയാര്‍ എന്നിവയാണ് അവ. എന്നാല്‍ ഈ നാല് നദികളുടേയും മൊത്തം ജലമൊഴുക്ക് കൃഷ്ണാ നദിയിലുള്ള ജലമൊഴുക്കിനേക്കാള്‍ കുറവാണെന്ന് ഡോ.ബസാക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 40 നദികള്‍ 2000 ചതുരശ്ര കി. മീറ്ററില്‍ താഴെ മാത്രം നദീതട വിസ്തീര്‍ണമുള്ള ചെറു നദികളാണ്. അവയുടെ മൊത്തം നീരൊഴുക്ക ്‌ഗോദാവരിയുടെ മൂന്നിലൊന്ന് മാത്രമാണ്.
Posted on: December 30, 2016 6:22 am | Last updated: December 29, 2016 at 11:29 pm

കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ ജലസമ്പത്തില്‍ ഉണ്ടാക്കാന്‍ സാധ്യതയുളള പ്രത്യാഘാതങ്ങള്‍ വളരെ ഭീകരമാണെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മനുഷ്യന്റെ അനുചിതമായ പ്രവൃത്തികളും വികലമായ വികസനാസക്തിയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന മഹാവിപത്തുകളുമായി സംയോജിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ജലലഭ്യത ഏതൊരു സമൂഹത്തിന്റെയും ആവാസ വ്യവസ്ഥയുടെയും നിലനില്‍പിന് അത്യാവശ്യമാണ്. കൊടിയ ജലദൗര്‍ലഭ്യം നേരിടുന്ന മഹാരാഷ്ട്രയിലെ ലാത്തൂറും മറ്റും നമ്മുടെ മുന്നിലുള്ളപ്പോള്‍ ഈ രംഗത്ത് നമ്മുടെ ശ്രദ്ധ വേണ്ട രീതിയില്‍ പതിക്കാനും മുന്‍കൂട്ടി തയ്യാറാക്കുന്ന ഉചിതമായ പദ്ധതികള്‍ നടപ്പിലാക്കാനും കാര്യക്ഷമമായ നടപടികള്‍ തന്നെ ഉണ്ടാകേണ്ടതുണ്ട്. ശുദ്ധജല ലഭ്യതയുടെ കാര്യത്തില്‍ കാര്യമായ ഭീഷണിയാണ് ഇപ്പോള്‍ നാം നേരിടുന്നത്.വര്‍ധിച്ചു വരുന്ന ജനസംഖ്യയും ജലാവശ്യങ്ങളും മുന്‍പിന്‍ നോക്കാത്ത അപക്വവും അശാസ്്രതീയവുമായ വികസന മുന്നേറ്റങ്ങളും പരിസ്ഥിതിയുടെയും ജലസമ്പത്തിന്റെയും നിലനില്‍പിനും തദ്വാര നമ്മുടെ നാടിന്റെ നിലനില്‍പിനും ഹാനികരമാണെന്ന് നാം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. നമ്മുടെ കായല്‍ പ്രദേശങ്ങളും വെള്ളക്കെട്ടുകളും പരിസ്ഥിതി ലോല പ്രദേശങ്ങളും സംരക്ഷിക്കാന്‍ തീരദേശ പരിപാലന നിയമങ്ങളും തണ്ണീര്‍തട വിജ്ഞാപനങ്ങളും നിയമങ്ങളുമുണ്ടെങ്കിലും നിയമങ്ങളെ അനുസരിക്കാനറിയാത്ത, നിയമലംഘനങ്ങളില്‍ ഊറ്റം കൊള്ളുന്ന ഒരു ജനതയായി പലപ്പോഴും നാം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് മനോഹരമായ ഒരു ഹരിത ഭൂമിയെ മരുവത്കരണത്തിലേക്കാണ് നയിക്കുന്നതെന്ന് ഇപ്പോഴും പലരും തിരിച്ചറിഞ്ഞിട്ടില്ല.

നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും ജലസ്രോതസ്സുകളെ നിലനിര്‍ത്തുന്നതിലും സമൃദ്ധമാക്കുന്നതിലും സായൂജ്യം കണ്ടെത്തുമ്പോള്‍ വിദ്യാഭ്യാസം സിദ്ധിച്ച ആധുനിക കേരളീയര്‍ ധന്യമായ അത്തരം വഴികള്‍ വെടിഞ്ഞ് ആസുരമായ ആസക്തിയുടെ പിറകെ പ്രയാണം ചെയ്യുന്നത് തികച്ചും വിരോധാഭാസമാണെന്ന് പറയാതെ വയ്യ. ജലസമൃദ്ധിയുടെ കാര്യത്തില്‍ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുമ്പില്‍ നില്‍ക്കുന്നുവെന്ന് നാം വിശ്വസിക്കുന്ന കേരളം ആശാസ്ത്രീയവും അപക്വവുമായ ജലപരിപാലനത്തിലൂടെ ആഗോള തലത്തില്‍ തന്നെ പ്രത്യേകത അവകാശപ്പെടാവുന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. മനുഷ്യ രാശിയുടെ മുന്നിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫല ഭീഷണിയില്‍ ദിശയേതുമറിയാതെ കേരളവും ഇപ്പോള്‍ പകച്ചു നില്‍ക്കുകയാണ്. തികച്ചും ദയനീയമായ അവസ്ഥയാണിത്.
നദികള്‍ ഒരു നാടിന്റെ സമ്പത്താണെന്ന് നാം പലപ്പോഴും മറന്നു പോകുന്നതായി കാണാം. വികസ്വര രാജ്യങ്ങള്‍ നദികളെ ഏതുവിധം പരിപാലിക്കുന്നു എന്ന് നാം അറിയേണ്ടതുണ്ട്. അവരുടെ സാക്ഷരതയുടെയും വികസനത്തിന്റെയും മാത്രമല്ല സംസ്‌ക്കാരത്തിന്റെ പ്രതീകങ്ങള്‍ കൂടിയായാണ് നദികളെ ഇവര്‍ കൈകാര്യം ചെയ്യുന്നത്. മാലിന്യമില്ലാത്ത, കൈയേറ്റങ്ങളില്ലാത്ത, കോരിക്കുടിക്കാന്‍ പോലും തോന്നിപ്പിക്കുന്ന ശുദ്ധമായ ജലം ഒഴുകുന്ന അവിടങ്ങളിലെ നദികള്‍ അവരുടെ സംസ്‌കാരങ്ങളുടെ നേര്‍ക്കാഴ്ചയാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. നമ്മുടെ നദികള്‍ നോക്കൂ, ചവറ്റുകൊട്ടകള്‍ വലിച്ചെറിയുന്ന, മല വിസര്‍ജ്യങ്ങളടക്കം നിപതിക്കുന്ന ഒഴുകാതെ നാറ്റം വമിപ്പിച്ച്, ഊര്‍ധശ്വാസം വലിക്കുന്ന നമ്മുടെ നദികളിലെ ജലം തീര്‍ച്ചയായും ഒരു പരിധി വരെയെങ്കിലും സ്വച്ഛന്ദം എടുത്തു ഉപയോഗിക്കാന്‍ വൈമനസ്യം ഉണ്ടാകും. നമ്മുടെ ദേശീയ മാനദണ്ഡമനുസരിച്ച് നദി എന്നാല്‍ 15 കി. മീറ്ററിലധികം പ്രകൃത്യാലുള്ള ജല പ്രവാഹമാണ്. ഇത്തരം 44 നദികള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. മൊത്തം നദീതട വിസ്തീര്‍ണം അനുസരിച്ച് 20000 ചതുരശ്ര കി.മീറ്ററിലധികം വലിപ്പമുള്ള നദികളെയാണ് വലിയ നദികളെന്ന് അറിയപ്പെടുന്നത്. കേരളത്തില്‍ ഈ ഗണത്തില്‍ പെടുന്ന നദികള്‍ ഒന്നും തന്നെ ഇല്ലെന്ന് നാം അറിയണം. 20000 മുതല്‍ 2000 ചതുരശ്ര കി.മീറ്ററിനിടയില്‍ നദീതട വിസ്തീര്‍ണമുള്ള ഇടത്തരം നദികള്‍ എന്നു പറയുന്നു. കേരളത്തില്‍ നാല് ഇടത്തരം നദികളുണ്ട്. പമ്പ, പെരിയാര്‍ , ഭാരതപ്പുഴ, ചാലിയാര്‍ എന്നിവയാണ് അവ. എന്നാല്‍ ഈ നാല് നദികളുടേയും മൊത്തം ജലമൊഴുക്ക് കൃഷ്ണാ നദിയിലുള്ള ജലമൊഴുക്കിനേക്കാള്‍ കുറവാണെന്ന് ഡോ.ബസാക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 40 നദികള്‍ 2000 ചതുരശ്ര കി. മീറ്ററില്‍ താഴെ മാത്രം നദീതട വിസ്തീര്‍ണമുള്ള പ്രദേശമുള്ള ചെറു നദികളാണ്. അവയുടെ മൊത്തം നീരൊഴുക്ക് ഗോദാവരിയുടെ മൂന്നിലൊന്ന് മാത്രമാണെന്ന് ഡോ. ബസാക്കിന്റെ പഠനത്തില്‍ പ്രസ്താവിക്കുന്നു.

കേരളത്തിലെ ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ കുടിവെളളത്തിനായി പ്രധാനമായും ഭൂജല േസ്രാതസ്സുകളെയാണാശ്രയിക്കുന്നത്. ശുദ്ധജല ക്ഷാമത്തിന്റെയും ശുചിത്വത്തിന്റെയും അപര്യാപ്തത കാരണം സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇന്ന് സാര്‍വ്രതികമായിരിക്കുന്നു. ലോകത്താകമാനം ഇരുപത്തയ്യായിരത്തില്‍പരം ആളുകള്‍ മലിനജലം കുടിക്കുന്നതിലൂടെ പ്രതിദിനം മരണപ്പെടുന്നു. വയറിളക്കം, ഛര്‍ദി, കോളറ, വയറുകടി സന്നിപാതജ്വരം, മഞ്ഞപ്പിത്തം മുതലായവയാണ് സാധാരണ കണ്ടുവരുന്ന ജല ജന്യരോഗങ്ങള്‍. നമ്മുടെ നാട്ടില്‍ സാര്‍വ്രതികമായ ഭൂജലേസ്രാതസ്സുകളാണ് കിണറുകള്‍. കേരളത്തില്‍ 65 ലക്ഷത്തില്‍പരം കിണറുകളുണ്ടെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, സാധാരണ കിണറുകളില്‍ ജലലഭ്യത പരിമിതമാകുമ്പോള്‍ ജനങ്ങള്‍ കുഴല്‍ കിണറുകളെ ആ്രശയിക്കുന്ന രീതിയാണുളളത്. ഇതു മൂലം നിയന്ത്രണമേതുമില്ലാതെ ബോര്‍കിണറുകള്‍ കുഴിക്കുകയും ഭൂജലത്തിന്റെ അനിയന്ത്രിതമായ ഉപഭോഗം കാരണം ഭൂജലനിരപ്പ് താഴ്ന്ന് പോകുകയും ചെയ്യുന്ന പ്രവണത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെളളക്കെട്ടും തണ്ണീര്‍തടങ്ങളും പുഴകളും കായലുകളും നികത്തുന്നത് ഭൂജല പ്രവാഹത്തിനും ഭൂജലവിതാനത്തിന്റെ താഴ്ച്ചക്കും ഇടയാക്കുന്ന കാര്യം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കറിയാം.

മൂന്ന് മീറ്ററിലധികം ശരാശരി വാര്‍ഷിക മഴ ലഭിക്കുന്ന കേരളം ജല സമൃധിയുടെ കാര്യത്തില്‍ തികച്ചും അനുഗ്രഹിക്കപ്പെട്ട ഒരു സംസ്ഥാനമാണെന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. എന്നിട്ടും എന്തേ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളെയും രൂക്ഷമായ വരള്‍ച്ച ഗ്രസിക്കുന്നു. 1985- നു ശേഷം ഇത്തരം വരള്‍ച്ച രൂക്ഷമാകുന്നു. കുടിവെള്ള ക്ഷാമവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും എല്ലാ വര്‍ഷവും ഒരു പതിവു കാഴ്ചയാണ്. അതിന്റെ കാരണമൊന്ന് വിശകലനം ചെയ്തു നോക്കുന്നത് ഉചിതമായിരിക്കും. നമ്മുടെ സംസ്ഥാനത്ത് ലഭിക്കുന്ന മഴ ക്രമരഹിതമാണ്. വര്‍ഷാവര്‍ഷമുള്ള മഴയുടെ അളവില്‍ പല കാലങ്ങളിലും സാരമായ ഏറ്റ ക്കുറച്ചിലാണ് ഉള്ളത്. എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള കാല പരിധിക്കുള്ളില്‍ ആകെ വാര്‍ഷിക മഴയുടെ 70 ശതമാനം കേരളത്തില്‍ ലഭിക്കുന്നു. ഇതിനെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെന്നാണ് പറയുന്നത്. സെപ്റ്റംബര്‍ മുതല്‍ അടുത്ത വര്‍ഷം ജനുവരി വരെ ലഭിക്കുന്ന ഏതാണ്ട് 20 ശതമാനം മഴ തുലാവര്‍ഷമെന്ന പേരില്‍ അറിയപ്പെടുന്നു. ജനുവരി മുതല്‍ മെയ്‌വരെ 10 ശതമാനം വേനല്‍ മഴ ലഭിക്കുന്നു. പല കൊല്ലങ്ങളിലും മുകളില്‍ പറഞ്ഞിരിക്കുന്ന തുലാവര്‍ഷവും വേനല്‍ മഴയും യഥാസമയം ലഭിക്കാറില്ല. ഇത് മൂലം വരള്‍ച്ച ദുരിതങ്ങള്‍ അത്തരമിടങ്ങളില്‍ പതിവ് കാഴ്ചയാകുന്നു. കേരളത്തിന്റെ പടിഞ്ഞാറോട്ട് കുത്തനെ ചരിഞ്ഞ ഭൂപ്രദേശം കാരണം ലഭിക്കുന്ന മഴ ഒട്ടും താമസിയാതെ ഉപരിതല ജല പ്രവാഹമായി കടലില്‍ എത്തുന്ന അവസ്ഥയും നമ്മുടെ സംസ്ഥാനം നേരിടുന്നു. മഴവെള്ളം ഭൂമിയിലേക്ക് ഊഴ്ന്നിറങ്ങാന്‍ ലഭിക്കുന്ന സമയം 48 മണിക്കൂറില്‍ കുറവാണെന്നും നാം അറിയണം.

കേരളത്തില്‍ ലഭിക്കുന്ന ശരാശരി വാര്‍ഷിക മഴ നമ്മുടെ ദേശീയ ശരാശരിയുടെ 2.18 മടങ്ങാണെന്നും അറിയേണ്ടതുണ്ട്. ജലദൗര്‍ലഭ്യം നേരിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനെ അപേക്ഷിച്ച് അഞ്ച് മടങ്ങും തമിഴ്‌നാടിനെ അപേക്ഷിച്ച് മൂന്ന് മടങ്ങും മഴ കേരളത്തില്‍ ലഭിക്കുന്നു. ചെങ്കുത്തായ നമ്മുടെ സംസ്ഥാനത്തിന്റെ ഭൗമോപരിതലവും പരപ്പായ ഭൂപ്രദേശത്തിന്റെ അഭാവവും മഴവെള്ളത്തെ ഉള്‍ക്കൊള്ളാനും നിലനിര്‍ത്താനും പര്യാപ്തമായ മണ്ണിന്റെ അഭാവവും ഇതിനൊക്കെ പുറമെ നാം നടത്തുന്ന വന നശീകരണവും വര്‍ധിച്ചുവരുന്ന ജനപ്പെരുപ്പവും നമ്മുടെ സംസ്ഥാനത്ത് ജല ദൗര്‍ലഭ്യത്തിനിടയാക്കുന്നു. കേരളത്തിന്റെ ഓരോ യൂനിറ്റ് പ്രദേശങ്ങളിലും ഇതരസംസ്ഥാനങ്ങളുടെ മൂന്ന് ഇരട്ടിമുതല്‍ അഞ്ച് ഇരട്ടി വരെ മഴ ലഭിക്കുന്നു എങ്കിലും മൊത്ത വാര്‍ഷിക ഉപരിതല- ഭൂജല സമ്പത്ത് ദേശീയ തലത്തില്‍ തന്നെ ഏറ്റവും കുറവാണെന്ന് മനസ്സിലാക്കാം.
വര്‍ധിച്ചുവരുന്ന അന്തരീക്ഷ ഊഷ്മാവ് വലിയൊരളവില്‍ മനുഷ്യന്റെ പ്രവര്‍ത്തന ഫലമായിട്ടുള്ളതാണെന്ന് നമുക്കറിയാം. ഇത് സമുദ്രനിരപ്പ് ഉയരാന്‍ ഇടയാക്കും. വര്‍ധിച്ചുവരുന്ന അന്തരീക്ഷ താപനില ബാഷ്പീകരണതോത് കൂട്ടാനും ഭൂമിയിലെ ജലചക്രത്തെ സാരമായി ബാധിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് ലഭിക്കുന്ന മഴയുടെ അളവില്‍ കാര്യമായി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തവും തന്‍മൂലം കാലാവസ്ഥയില്‍ വ്യതിയാനമുണ്ടാക്കുകയും ചെയ്യും. മഴയുടെ തീവ്രതയിലും ലഭ്യതയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ വെള്ളപ്പൊക്കത്തിനും വരള്‍ച്ചക്കുമിടയാക്കുമെന്നും ഈ രംഗത്ത്പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മേല്‍പറഞ്ഞ മാറ്റങ്ങള്‍ തന്നെ കേരളത്തെ സംബന്ധിച്ച് തീവ്രമാണ്. നമ്മുടെ നദികളിലെനീരൊഴുക്കിനെയും ഭൂജലസമ്പത്തിനെയും ഇത് പ്രതികൂലമായി ബാധിക്കാം. നമ്മുടെ കായലുകളും തണ്ണീര്‍ത്തടങ്ങളും മറ്റ് സങ്കീര്‍ണമായ ആവാസവ്യവസ്ഥകളും ഗുരുതരമായ നിലനില്‍പ്പ് ഭീഷണി നേരിട്ടേക്കാം. ശുദ്ധ ജലത്തിന്റെ അപര്യാപ്തതക്കും സമുദ്ര ജലത്തിന്റെ ഉയര്‍ച്ച വര്‍ധിച്ച തോതില്‍ ഭൂജലത്തിലും കരയിലേക്കും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റത്തിനും തീരദേശത്തെ ശുദ്ധജല മേഖലകളും കൃഷിയിങ്ങളും നാശോന്മുഖമാകാനും സാധ്യതയുണ്ട്. ജനസാന്ദ്രമായ നമ്മുടെ തീരദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ രൂക്ഷമായി അനുഭവപ്പെട്ടേക്കാം. കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തില്‍ തന്നെ ഉയര്‍ന്ന താപനിലക്കും ശക്തമായ മഴക്കും ദൈര്‍ഘ്യമേറിയ വരണ്ട കാലാവസ്ഥക്കും തുടരെത്തുടരെ ഉണ്ടാകുന്ന ചുഴലിക്കാറ്റിനും ഇടയാകുന്നുവെന്ന് കാലാവസ്ഥാ പഠനത്തിനുള്ള അന്താരാഷ്ട സമിതി ചൂണ്ടികാണിച്ചിട്ടുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നദികളില്‍ വര്‍ധിച്ച രീതിയില്‍ ഓരു വെള്ളം തള്ളിക്കയറുന്നത് വര്‍ധിച്ച രീതിയില്‍ തീരദേശ ആവാസ മേഖലകളുടെ നാശത്തിനിടയാക്കും. വര്‍ധിച്ച രീതിയില്‍ തീരദേശ കടലാക്രമണവും തീരദേശ കടലെടുപ്പും ഇടക്കിടെയുള്ള ചുഴലിക്കാറ്റുപോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും അത്‌വഴിതെളിച്ചേക്കാം. വെള്ളപ്പൊക്കവും അനിശ്ചിതമായ മഴയും കേരളം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമായിരിക്കും. ശുചിത്വത്തെയും മനുഷ്യന്റെ ആരോഗ്യത്തേയും ശുദ്ധജല വിതരണത്തേയും വലിയ രീതിയില്‍ നിയന്ത്രിക്കുന്നത് കൊണ്ട് കേരളം പോലുള്ള തീരദേശ സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളി വളരെ കൂടുതലാണ്.
കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജലസമ്പത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം മുന്‍കൂട്ടി മനസ്സിലാക്കി യുക്തമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ട്. സമഗ്ര തീരദേശ പരിപാലനവും, തണ്ണീര്‍ത്തടപരിപാലനവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തിന്റ വെളിച്ചത്തില്‍ നിര്‍വഹിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ട് ഉചിതമായ രീതിയിലുളള ഹ്രസ്വകാല – ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തുകയും ചെയ്യണം. കാലാവസ്ഥാ വ്യതിയാനം തീരദേശ ഭൂവിനിയോഗത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും, കൃഷി, കുടിവെളള സ്രോതസ്സുകളെ ഏതുവിധം ബാധിക്കുമെന്നും മനസ്സിലാക്കി സാമൂഹിക-സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് ഉചിതമായ രീതിയില്‍ വിലയിരുത്തുകയും പ്രതിവിധികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും വേണം. ശാസ്ത്രസ്ഥാപനങ്ങളും ഗവേഷകരും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗരൂകരും കര്‍മനിരതരുമായി പദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
(കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ആണ് ലേഖകന്‍)