Connect with us

Gulf

ശൈഖ് സായിദ് പൈതൃകോത്സവത്തിന് ജനത്തിരക്കേറുന്നു

Published

|

Last Updated

ശൈഖ് സായിദ് പൈതൃകോത്സവ നഗരിയില്‍ ഒമാന്‍
സ്വദേശിയുടെ കളിമണ്‍ നിര്‍മാണയൂണിറ്റ്‌

അബുദാബി: യു എ ഇ യുടെ ചരിത്രവും പൗരാണികതയും പൈതൃക്യവും വിവരിക്കുന്ന ശൈഖ് സായിദ് പൈതൃകോത്സവത്തിന് ജനത്തിരക്കേറുന്നു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണാര്‍ഥം അബുദാബി ടൂറിസം കള്‍ചറല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബനിയാസ് അല്‍ വത്ബയിലാണ് പൈതൃകോത്സവം നടക്കുന്നത്.

പുതുതലമുറക്ക് യു എ ഇ യുടെ ചരിത്രവും, പൗരാണികതയും പൈതൃക്യവും പകര്‍ന്നു നല്‍കുന്നതിനാണ് പൈതൃകോത്സവം. യുണിയന്‍ മാര്‍ച്ച്, ദേശീയ ദിനാഘോഷ പരിപാടികള്‍, പരമ്പരാഗത പാചകം, ഈത്തപ്പഴ പ്രദര്‍ശനവും വില്‍പനയും, ക്ലാസിക്കല്‍ കാര്‍ പ്രദര്‍ശനം, ഒട്ടക പ്രദര്‍ശനവും മത്സരവും, പരമ്പരാഗത വാസ്തു ശില്‍പങ്ങള്‍, ഫാല്‍കണ്‍ പ്രദര്‍ശനം, മരുഭൂമിയിലെ മരുപ്പച്ചയും പച്ചക്കറിത്തോട്ടങ്ങളും, കൃഷിയും കൃഷി രീതികളും, മണ്‍കല നിര്‍മാണങ്ങള്‍, കളിമണ്‍ ശില്‍പങ്ങള്‍, പരമ്പരാഗത വീടുകള്‍, അല്‍ ബിദ്‌യ മസ്ജിദ്, പഴയ ഖസ്വറുല്‍ ഹുസന്‍ പോലീസ് സ്റ്റേഷന്‍, സംഗീത ജലധാര, കരിമരുന്ന് പ്രയോഗം, ശൈഖ് സായിദിന്റെ ജീവിതത്തിലൂടെ ഒരു യാത്ര, കുട്ടികളുടെ ചിത്ര രചനാ മത്സരം, കലാമത്സരങ്ങള്‍, മല്‍സ്യബന്ധന ഉപകരണങ്ങള്‍, ബോട്ടുകളുടെ നിര്‍മാണം തുടങ്ങിയവയാണ് പ്രധാനമായും നഗരിയില്‍ ഒരുക്കിയിട്ടുള്ളത്.
യു എ ഇ യുടെ വിവിധ എമിറേറ്റുകളുടെ പവലിയനുകള്‍ക്ക്പുറമെ യമന്‍, ഒമാന്‍, കുവൈത്ത്, സഊദി, ഖത്വര്‍, ബഹ്‌റൈന്‍, സെര്‍ബിയ, അഫ്ഗാനിസ്ഥാന്‍, ചൈന, ബോസ്‌നിയ , ഹെര്‍സിഗോവിന, കസാഖിസ്ഥാന്‍, ഇന്ത്യ, റഷ്യന്‍, ഈജിപ്ത്, സുഡാന്‍, അള്‍ജീരിയ, മൊറോക്കോ എന്നീ രാരാജ്യങ്ങളുടെ പവലിയനുകളില്‍ അവിടങ്ങളിലെ പരമ്പരാഗതവും പൗരാണികവുമായ കലകളും കരകൗശല വസ്തുക്കളുടെ വില്‍പനയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ പരമ്പരാഗത പൈതൃകോത്സവമാണ് ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍.
ഈ മാസം ഒന്നിന് തുടങ്ങിയ ഉത്സവം ജനുവരി ഒന്നിന് അവസാനിക്കും. പൈതൃകോത്സവത്തിന് യു എ ഇ ക്ക് പുറമെ ഒമാന്‍, സഊദി ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരെത്തുന്നുണ്ട്.
ജനത്തിരക്ക് മൂലം കഴിഞ്ഞ വര്‍ഷം പ്രദര്‍ശനം 15 ദിവസം ദീര്‍ഘീപ്പിച്ചുരുന്നെങ്കിലും ഈ വര്‍ഷം പ്രദര്‍ശനം ദീര്‍ഘീപ്പിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി