ബികോം ബിരുദത്തിനൊപ്പം കണക്കും ഫിസിക്‌സും പഠിച്ചെന്ന് എംഎല്‍എ

Posted on: December 29, 2016 9:57 am | Last updated: December 29, 2016 at 9:57 am

ഹൈദരാബാദ്: ബികോം ബിരുദത്തിനൊപ്പം താന്‍ കണക്കും ഫിസിക്‌സും പഠിച്ചിട്ടുണ്ടെന്ന പറഞ്ഞ എംഎല്‍എ വെട്ടിലായി. ആന്ധ്രപ്രദേശിലെ ടിഡിപി എംഎല്‍എയായ ജലീല്‍ ഖാന്‍ ആണ് വിചിത്രമായ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജലീല്‍ ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുമുണ്ട്.

ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാനായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും കണക്കിനോടും ഫിസിക്‌സിനോടുമുള്ള ഇഷ്ടം മുന്നില്‍ക്കണ്ടാണ് ചെറുപ്പത്തില്‍ കൊമേഴ്‌സ് പഠിച്ചതെന്നും ജലീല്‍ പറയുന്നു. ബികോമിന്റെ സിലബസില്‍ കണക്കും ഫിസിക്‌സുമില്ലെന്ന് ഇന്റര്‍വ്യൂ ചെയ്യുന്നയാള്‍ വാദിക്കുന്നുണ്ടെങ്കിലും എംഎല്‍എ അംഗീകരിക്കുന്നില്ല. മാത്രമല്ല, കണക്കിന് 100ല്‍ നൂറു മാര്‍ക്ക് മേടിച്ചെന്ന് അവകാശപ്പെടുകയും ചെയ്തു.

അഭിമുഖത്തിന്റെ വീഡിയോ പുറത്തുവന്നതോടെ എംഎല്‍എയുടെ അവകാശവാദത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസമാണ് ഉയരുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയവാഡ വെസ്റ്റ് മണ്ഡലത്തില്‍നിന്നാണ് ജലീല്‍ തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും പിന്നീട് ടിഡിപിയിലേക്കു കൂടുമാറുകയായിരുന്നു.