ബ്രസീലിനെ നടുക്കിയ ദുരന്തത്തിന് പിറകില്‍

Posted on: December 29, 2016 6:17 am | Last updated: December 29, 2016 at 12:18 am
SHARE

ബൊഗോട്ട: ബ്രസീലിയന്‍ ക്ലബ്ബ് ഷാപ്‌കെയിന്‍സെയുടെ താരങ്ങള്‍ കൊളംബിയന്‍ മലനിരകളില്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടത് ലോകത്തെ നടുക്കിയിരുന്നു. എന്നാല്‍, വിമാനദുരന്തത്തിന്റെ കാരണം അറിഞ്ഞാല്‍ ഒന്നുകൂടി നടുങ്ങും. അമിത ഭാരവും ഇന്ധനം തീര്‍ന്നു പോയതുമാകാം ദുരന്തത്തിലെത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി.

അപകടം സംഭവിക്കുന്നതിന് തൊട്ട് മുമ്പായിട്ട് പൈലറ്റ് കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കിയ സന്ദേശത്തില്‍ നിന്നാണ് ഇക്കാര്യം ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. എത്രയും പെട്ടെന്ന് ഇന്ധനം നിറയ്ക്കാനുള്ള ലാന്‍ഡിംഗ് സൗകര്യം ഒരുക്കണമെന്നായിരുന്നു പൈലറ്റിന്റെ അടിയന്തര സന്ദേശം. രാത്രി 9.49 നായിരുന്നു ഈ സന്ദേശം കണ്‍ട്രോള്‍ റൂമിലെത്തിയത്. 9.53 ന് വിമാനത്തിന്റെ എഞ്ചിന്‍ പൂര്‍ണമായും നിലച്ചു. 9.57 ഓടെ പൈലറ്റ് യാത്രികര്‍ക്ക് അടിയന്തര സാഹചര്യം വ്യക്തമാക്കിക്കൊണ്ട് അറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ വിദ്യുത്ശക്തി നിലച്ച് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ഒമ്പതിനായിരം അടി ഉയരത്തിലായിരുന്നു വിമാനം. 9.58ന് ഏകദേശം മണിക്കൂറില്‍ 130 മൈല്‍ വേഗത്തില്‍ വിമാനം സെറോ ഗോര്‍ഡോ മലനിരകളില്‍ തകര്‍ന്നു വീണു.

ഇന്ധനം തീര്‍ന്നു പോയത് ഗുരുതരമായ വീഴ്ചയാണ്. പക്ഷേ, അതിനൊരു കാരണമായി പറയുന്നത്. വിമാനം അമിതഭാരം പേറിയതാണ്. അഞ്ഞൂറ് കിലോയെങ്കിലും അധികം വന്നതാകാം ഇന്ധനം പെട്ടെന്ന് തീരാനിടയാക്കിയത്. ഇത് പൈലറ്റ് തിരിച്ചറിയാതെ പോവുകയും ചെയ്തു.