ചരിത്രം സാക്ഷി ! വിസ്മയ ദീപം

Posted on: December 29, 2016 7:30 am | Last updated: December 29, 2016 at 12:17 am

പി വി സിന്ധുവിന്റെ ചരിത്ര നേട്ടത്തില്‍ അവസാനിക്കുന്നില്‍ ഈ വര്‍ഷത്തെ വനിതാ കുതിപ്പ്. റിയോ ഒളിമ്പ്യാഡില്‍ സാക്ഷി മാലിക് എന്ന ഗുസ്തി താരം രാജ്യത്തിന്റെ അഭിമാന നക്ഷത്രമായി. നാടകീയതകള്‍ നിറഞ്ഞു നിന്ന മത്സരത്തില്‍ കിര്‍ഗിസ്ഥാന്റെ എയ്‌സുലു ടിനിബെകോവയെ കീഴടക്കിയാണ് സാക്ഷി ചരിത്രം സൃഷ്ടിച്ചത്. ഹരിയാനയില്‍ നിന്നുള്ള ഇരുപത്തിമൂന്നുകാരി കരസ്ഥമാക്കിയ ഒളിമ്പിക് വെങ്കലമെഡല്‍ ഗുസ്തിയില്‍ ഇന്ത്യന്‍ വനിതയുടെ ആദ്യ നേട്ടമായി.

പുരുഷ ഗുസ്തിയില്‍ സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തുമെല്ലാം അരങ്ങുവാണ ഒളിമ്പ്യാഡില്‍ ഒരു വനിതാ ശക്തി കൂടി ഉയര്‍ന്നുവന്നതില്‍ രാജ്യത്തിന് അഭിമാനിക്കാം.
ജിംനാസ്റ്റിക്‌സില്‍ ദീപ കര്‍മാകര്‍ ഉദിച്ചുയര്‍ന്നതാണ് മറ്റൊരു ചരിത്ര നിമിഷം. ചൈനയും റഷ്യയും അമേരിക്കയും കൈവെച്ചിരുന്ന മേഖലയാണ് ജിംനാസ്റ്റിക്‌സ്. അവിടെ ഇന്ത്യക്കാര്‍ക്കെന്ത് കാര്യം എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് – ദീപ കര്‍മാകര്‍. റിയോയില്‍ ദീപ മെഡല്‍ നേടിയിട്ടില്ല. പക്ഷേ, മെഡലോളം പോന്നതായിരുന്നു ദീപ നടന്നു കയറിയ വിജയപ്പടവുകള്‍. ഫൈനല്‍ റൗണ്ടിലാണ് ദീപ പിന്തള്ളപ്പെടുന്നത്. 15.006 പോയിന്റാണ് ദീപ സ്വന്തമാക്കിയത്. ഇതാകട്ടെ, മെഡല്‍ നേടിയവരില്‍ നിന്ന് 0.15 പോയിന്റ് മാത്രം പിറകില്‍. ഏറെ അപകടം പിടിച്ച മരണവോള്‍ട്ട് എന്നറിയപ്പെടുന്ന പ്രൊഡൊനോവ വോള്‍ട്ടായിരുന്നു ദീപയുടെ ഫേവറിറ്റ് പ്രകടനം. വിദേശ താരങ്ങളെയെല്ലാം വിസ്മയിപ്പിച്ചു ദീപയുടെ പ്രൊഡൊനോവ വോള്‍ട്ട്.

വനിതകളുടെ ഗോളില്‍ ഇന്ത്യയുടെ മേല്‍വിലാസമാണ് അതിഥി അശോക്. ലേഡിസ് യൂറോപ്യന്‍ ടൂര്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അതിഥി. ദോഹയില്‍ നടന്ന ഖത്തര്‍ ലേഡിസ് ഓപണിലും അതിഥി ചാമ്പ്യനായി.
ടെന്നീസിലേക്ക് വരുമ്പോള്‍ ഒരു മുഖം മാത്രം. സാനിയ മിര്‍സ. ഒന്നാം നമ്പര്‍ റാങ്കിംഗ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി സാനിയ മാറുന്നതിന് 2016 സാക്ഷ്യം വഹിച്ചു. മാര്‍ട്ടിന ഹിംഗിസിനൊപ്പം വോള്‍വോ കാര്‍ ഓപണ്‍ ജയിച്ചതോടെയാണ് സാനിയ ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ഹിംഗിസിനൊപ്പം ജനുവരിയില്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ഡബിള്‍സ് സ്വന്തമാക്കി. ഇതാകട്ടെ സാനിയയുടെ ആറാമത് ഗ്രാന്‍സ്ലാം കിരീടമായിരുന്നു.

പാരാലിമ്പിക്‌സില്‍ അഭിമാനം

പാരാലിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്തത് പത്തൊമ്പത് പേര്‍. നാല് പേര്‍ മെഡല്‍ സ്വന്തമാക്കി. ഇതാകട്ടെ, മുമ്പൊന്നുമില്ലാത്ത വിധമുള്ള നേട്ടവും. അംഗപരിമിതരുടെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ ചരിത്രം സൃഷ്ടിച്ചുവെന്ന് പറയാം.

എഫ് 46 ജാവലില്‍ ത്രോ വിഭാഗത്തില്‍ ദേവേന്ദ്ര ജഝാരിയ സ്വന്തം റെക്കോര്‍ഡ് തന്നെ ബ്രേക്ക് ചെയ്ത് സ്വര്‍ണം നേടി. ഹൈജമ്പില്‍ തങ്കവേലു മരിയപ്പന്‍ നേടിയ സ്വര്‍ണവും ചരിത്രസംഭവമായി. ഷോട് പുട്ടില്‍ ദീപ മാലിക് വെള്ളി മെഡലും വരുണ്‍ ഭാട്ടി വെങ്കലവും നേടി.
1988 മുതല്‍ 2012 വരെയുള്ള പാരാലിമ്പിക്‌സില്‍ ഇന്ത്യ ആകെ നേടിയത് മൂന്ന് മെഡലുകള്‍ മാത്രം. ഇത്തവണ ഒറ്റയടിക്ക് നാല് മെഡലുകള്‍. ദേവേന്ദ്ര ജഝാരിയ 2004 ലും മെഡല്‍ നേടിയിരുന്നു. രണ്ട് പാരാലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവും ദേവേന്ദ്ര ജഝാരിയാണ്.
(ക്രിക്കറ്റില്‍ വിരാട ഗാഥ-
അതേക്കുറിച്ച് നാളെ)