Connect with us

National

മണി മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസിലെ കോടതി വിധിയെ തുടര്‍ന്ന് എം എം മണി രാജിവെക്കണമെന്ന ആവശ്യം സി പി എം കേന്ദ്ര നേതൃത്വം തള്ളി. മണി രാജിവെക്കേണ്ട ആവശ്യമില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന ഘടകം തീരുമാനമെടുക്കുമെങ്കിലും രാജിവെക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. രാജി ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ പോളിറ്റ്ബ്യൂറോക്കയച്ച കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. അങ്ങനെയൊരു കത്ത് അയച്ചിട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ നേരിട്ട് ഒരു ഇടപെടലും നടത്തില്ലെന്ന സൂചനയാണ് യെച്ചൂരി നല്‍കുന്നത്. തുടക്കം മുതല്‍ തന്നെ ഈ നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.
അതിനിടെയാണ് വി എസ് അച്യുതാന്ദന്‍ പോളിറ്റ്ബ്യൂറോക്ക് കത്തയച്ചത്. മണിയുടെ വിടുതല്‍ ഹരജി കോടതി തള്ളിയ സാഹചര്യത്തില്‍ കൊലക്കേസില്‍ വിചാരണ നേരിടുന്ന വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ധാര്‍മികതക്കും മൂല്യങ്ങള്‍ക്കുമെതിരാണെന്ന് കാണിച്ചായിരുന്നു വി എസ് അച്യുതാനന്ദന്റെ കത്ത്.
ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം മണിക്ക് അനുകൂലമാകും. മണി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. സി പി ഐ അടക്കമുള്ള ഘടക കക്ഷികളും മറിച്ചൊന്നും പറഞ്ഞിട്ടുമില്ല.
എന്നാല്‍, വി എസിന്റെ കത്ത് ചര്‍ച്ച ചെയ്യാതെ മാറ്റിവെക്കുന്നത് സി പി എമ്മില്‍ വീണ്ടും കലാപത്തിനിടയാക്കുമെന്ന് കരുതുന്നവരുമുണ്ട്.
ബന്ധു നിയമനത്തില്‍ കുടുങ്ങി ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ച ശേഷം പ്രതിഛായ മെച്ചപ്പെടുത്തി വരുന്നതിനിടെയാണ് പകരക്കാരനായെത്തിയ മണിയും വിവാദത്തില്‍ പെടുന്നത്.

Latest