Connect with us

International

'സ്‌ട്രോംഗ്' ആയി നില്‍ക്കണമെന്ന് ഇസ്‌റാഈലിനോട് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍/ടെല്‍അവീവ്: താന്‍ അധികാരത്തിലെത്തുന്നത് വരെ “സ്‌ട്രോംഗ്” ആയി നില്‍ക്കണമെന്ന് ഇസ്‌റാഈലിനോട് യു എസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റത്തിനെതിരെ യു എന്നില്‍ ഫലസ്തീന് അനുകൂലമായ പ്രമേയം പാസ്സായതിനെ തുടര്‍ന്ന് അപമാനം നേരിടുമ്പോഴാണ് ട്രംപിന്റെ ആശ്വാസ വാക്ക്. കടുത്ത ഇസ്‌റാഈല്‍ അനുകൂല നിലപാടുള്ള ട്രംപ് അധികാരത്തിലേറിയാല്‍ പ്രമേയത്തിനെതിരെ രംഗത്തുവരുമെന്ന് ഇതോടെ വ്യക്തമായി.

ട്രംപിന്റെ നിര്‍ദേശം അവഗണിച്ച് യു എന്നില്‍ പ്രമേയം വീറ്റോ ചെയ്യാതെ അമേരിക്ക വിട്ടുനിന്നിരുന്നു. ഇതില്‍ കടുത്ത പ്രതിഷേധം അറിയിച്ച ട്രംപ് അധികാരത്തിലേറിയ ശേഷം യു എന്നില്‍ മാറ്റം കൊണ്ടുവരുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.
ട്വിറ്ററിലൂടെയാണ് ഇസ്‌റാഈലിനെ പിന്തുണച്ച് ട്രംപ് രംഗത്തെത്തിയത്. അന്താരാഷ്ട്ര തലത്തില്‍ കടുത്ത സമ്മര്‍ദം നേരിട്ടുകൊണ്ടിരിക്കുന്ന ഇസ്‌റാഈലിന് ട്രംപിന്റെ പിന്തുണ നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ഇത് ട്രംപിനുള്ള മറുപടി ട്വീറ്റില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് അറിയിക്കുകയും ചെയ്തു. ഇസ്‌റാഈലിനോടുള്ള ട്രംപിന്റെ ബന്ധം സന്തോഷം നല്‍കുന്നുവെന്നും എല്ലാ പിന്തുണക്കും നന്ദിയുണ്ടെന്നുമായിരുന്നു നെതന്യാഹു അറിയിച്ചത്.
അമേരിക്കയുടെ മികച്ച സൗഹൃദ രാജ്യമാണ് ഇസ്‌റാഈലെന്നും അവരെ പിണക്കാന്‍ സാധിക്കില്ലെന്നുമുള്ള രീതിയിലായിരുന്നു ട്രംപിന്റെ ട്വിറ്റര്‍ സന്ദേശം വന്നത്. രണ്ട് സന്ദേശങ്ങളാണ് ട്രംപ് ഇസ്‌റാഈല്‍ വിഷയത്തില്‍ ട്വീറ്റ് ചെയ്തത്.
അതിനിടെ, കിഴക്കന്‍ ജറുസലേമിലെ കുടിയേറ്റ ഭൂമിയില്‍ 500 പുതിയ വീടുകളുടെ നിര്‍മാണത്തിന് നിയമസാധുത തേടി കൊണ്ടുള്ള ബില്ലിന് വോട്ടിംഗിന് ഇടുന്നത് മാറ്റിവെക്കാന്‍ ഇസ്‌റാഈല്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വോട്ടിംഗ് മാറ്റിവെച്ചത്. പുതിയ കുടിയേറ്റ വീടുകള്‍ പണിയുന്നതിനെ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി എതിര്‍ത്തതിന് പിന്നാലെയാണ് വോട്ട് മാറ്റിവെക്കാന്‍ ഇസ്‌റാഈല്‍ തീരുമാനിച്ചത്.
ജറുസലേം പ്ലാനിംഗ് ആന്‍ഡ് ഹൗസിംഗ് കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട വോട്ട് മാറ്റിവെച്ചുവെന്ന് അറിയിച്ചത്.

Latest