സിറിയയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

Posted on: December 29, 2016 7:30 am | Last updated: December 28, 2016 at 11:12 pm

ഇസ്തംബൂള്‍: സിറിയയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തുര്‍ക്കിയും റഷ്യയും തീരുമാനിച്ചു. സിറിയന്‍ സര്‍ക്കാറിനെ പിന്തുണക്കുന്ന റഷ്യയും വിമത വിഭാഗങ്ങളെ സഹായിക്കുകയും അസദ് ഭരണകൂടത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന തുര്‍ക്കിയും തമ്മിലുള്ള കരാര്‍ ആറ് വര്‍ഷത്തോളമായി തുടരുന്ന രക്തരൂഷിത ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനുള്ള അവസാന സമാധാന ശ്രമമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അസദിനെതിരായ ആക്രമണങ്ങള്‍ക്ക് സിറിയയിലെ ചില വിമത സംഘടനകള്‍ക്ക് സഹായം നല്‍കുന്ന അമേരിക്കയെ മാറ്റി നിര്‍ത്തിയാണ് റഷ്യയും തുര്‍ക്കിയും കരാറില്‍ ഒപ്പുവെക്കുന്നത്. റഷ്യയുമായും വഌദ്മിര്‍ പുടിനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഡൊണാള്‍ഡ് ട്രംപ് യു എസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തുര്‍ക്കി – റഷ്യ കരാര്‍ എന്നത് ശ്രദ്ധേയമാണ്.

സിറിയന്‍ സര്‍ക്കാര്‍, അസദ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിവിധ വിമത വിഭാഗങ്ങള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ഇരുവരും ധാരണയായത്. തീവ്രവാദി സായുധ സംഘങ്ങള്‍, ഇസില്‍ എന്നിവരെ പുറത്താക്കിക്കൊണ്ടുള്ള വെടിനിര്‍ത്തല്‍ തീവ്രവാദികള്‍ക്കെതിരായ സംയുക്ത ആക്രമണത്തിനുള്ള വഴി തെളിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പ്രാദേശിക സമയം പത്ത് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. തീവ്രവാദി പട്ടികയില്‍ യു എന്‍ ഉള്‍പ്പെടുത്തിയ സംഘടനകള്‍ക്കെതിരെ സിറിയന്‍ സൈന്യം പോരാട്ടം നടത്തുന്ന സ്ഥലങ്ങളൊഴികെ മറ്റെല്ലാ ഏറ്റുമുട്ടല്‍ പ്രദേശങ്ങളിലും വെടിനിര്‍ത്തല്‍ ബാധകമാണ്. നേരത്തെ നിരവധി തവണ സിറിയയിലെ ഏറ്റുമുട്ടല്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് റഷ്യയും തുര്‍ക്കിയും കരാറില്‍ ഒപ്പുവെക്കുന്നത്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കരാര്‍ പ്രഖ്യാപനം.
സിറിയയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സമാധാന ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു. വെടിനിര്‍ത്തല്‍ വിജയകരമായാല്‍ സമാധാന ചര്‍ച്ച കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

റഷ്യയുടെ പൂര്‍ണ സൈനിക പിന്തുണയോടെ ഇടപെടല്‍ നടത്തുന്ന സിറിയയും ക്ഷയിച്ചുകൊണ്ടിരിക്കുന്ന വിമത സൈന്യവും വെടിനിര്‍ത്തല്‍ അംഗീകരിക്കാനാണ് സാധ്യത. എന്നാല്‍, വെടിനിര്‍ത്തല്‍ ലംഘനം നടത്താന്‍ അമേരിക്കയുടെ ഇടപെടല്‍ നടന്നേക്കും. നേരത്തെ നിരവധി തവണ വെടിനിര്‍ത്തലിന് ശ്രമം നടത്തിയ അമേരിക്കക്ക് റഷ്യയും തുര്‍ക്കിയും ചേര്‍ന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ മാനക്കേടുണ്ടാക്കിയേക്കും.
സിറിയയിലെ ആക്രമണങ്ങള്‍ക്ക് സൈനിക, ആയുധ, സാമ്പത്തിക ഇടപെടല്‍ നടത്തുന്ന രാജ്യങ്ങളില്‍ പ്രധാനികളാണ് റഷ്യയും തുര്‍ക്കിയും അമേരിക്കയും. രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതില്‍ ഓരോ രാഷ്ട്രങ്ങള്‍ക്കും വ്യക്തമായ താത്പര്യങ്ങളുമുണ്ട്. ഈ താത്പര്യങ്ങളെല്ലാം ട്രംപിന്റെ വരവോടെ ഒന്നായി മാറുമെന്നതാണ് വിലയിരുത്തല്‍. അമേരിക്കക്ക് അധിനിവേശം നടത്താനുള്ള പരുവത്തിലേക്ക് സിറിയയെ മാറ്റാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ഇസിലിന് അമേരിക്കയുടെ സഹായമുണ്ടെന്ന് തുര്‍ക്കി

ഇസ്തംബൂള്‍: സിറിയയില്‍ ആക്രമണം നടത്തുന്ന തീവ്രവാദി സംഘടനകള്‍ക്ക് യു എസ് സഖ്യ സേന പിന്തുണ നല്‍കുന്നുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇസില്‍, കുര്‍ദ് സായുധ സംഘം, പി വൈ ഡി തുടങ്ങിയ തീവ്രവാദി സംഘടനകളെ സഹായിക്കുന്നത് അമേരിക്കയാണെന്നും ഇതിന് തന്റെ കൈവശം വ്യക്തമായ തെളിവുണ്ടെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു. സമാനമായ ആരോപണം റഷ്യയും ഉന്നയിച്ചിട്ടുണ്ട്. ചിത്രങ്ങളും വീഡിയോയും ഇതിന് തെളിവായി കൈവശമുണ്ടെന്നാണ് ഉര്‍ദുഗാന്റെ ആരോപണം.
സിറിയന്‍ വിഷയത്തില്‍ റഷ്യയുമായി ചേര്‍ന്ന് സമാധാന ശ്രമം നടത്തുന്നതിനിടെയാണ് തുര്‍ക്കിയുടെ പുതിയ ആരോപണം. ഇസിലിന് അമേരിക്ക ആയുധ, സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്‍ബലമേകുന്നതാണ് തുര്‍ക്കിയുടെ ആരോപണം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നാണ് ഉര്‍ദുഗാന്റെ വിശദീകരണം.
സിറിയയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടത്തുന്ന വിവിധ വിമത സംഘടനകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് അമേരിക്കയാണ്. ഇക്കൂട്ടത്തില്‍ തീവ്രവാദി സംഘടനകളെയും അമേരിക്ക പിന്തുണക്കുന്നുണ്ട്. എന്നാല്‍, ഉര്‍ദുഗാന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇസിലിനെ അമേരിക്ക സഹായിക്കുന്നുവെന്നത് വാസ്തവിരുദ്ധമാണെന്നും യു എസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു.