പുതിയ 500, 2000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ ജനുവരി ഒന്നു മുതല്‍ ഖത്വറില്‍ ലഭ്യമാകും

Posted on: December 28, 2016 10:30 pm | Last updated: January 2, 2017 at 9:21 pm

ദോഹ: പുതിയ 500ന്റെയും 2000ത്തിന്റെയും ഇന്ത്യന്‍ രൂപ നോട്ടുകള്‍ അടുത്ത മാസം ഒന്നു മുതല്‍ ഖത്വറിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ ലഭിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയതെന്ന് ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുവര്‍ഷാരംഭത്തോടെ പുതിയ ഇന്ത്യന്‍ കറന്‍സികള്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനാകുമെന്ന് അല്‍മന എക്‌സ്‌ചേഞ്ചിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബഹ്‌റൈനിലെയും ദൂബൈയിലെയും തങ്ങളുടെ ശാഖകള്‍ വഴിയാണ് നിയമപരമായി പുതിയ ഇന്ത്യന്‍ നോട്ടുകള്‍ ഖത്വറിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമക്കി. നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ഖത്വറിലെ മണി എക്‌സ്‌ചേഞ്ചുകള്‍ ഇന്ത്യന്‍ നോട്ടുകള്‍ സ്വീകരിക്കുന്നതും നല്‍കുന്നതും നിര്‍ത്തിവെച്ചിരുന്നു.

ഇന്ത്യ സന്ദര്‍ശിച്ചെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് തങ്ങള്‍ക്ക് പുതിയ കുറച്ച് 500ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ മാത്രം തികയുന്നതായിരുന്നില്ല. നോട്ട് നിയമപരമായ മാര്‍ഗത്തിലൂടെ കൂടുതല്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു. ഉപഭോക്താക്കളുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന് അത് നിര്‍ബന്ധമായിരുന്നു. ഇന്ത്യയിലേക്കു പോകുന്ന നിരവധി പേര്‍ നോട്ടുകള്‍ അന്വേഷിച്ച് എത്തുന്നുണ്ട്.
പുതിയ ഇന്ത്യന്‍ നോട്ടുകള്‍ ജനുവരി ഒന്നോടെ ലഭ്യമാക്കുമെന്ന് ദുബൈയിലെയും ബഹ്‌റൈനിലെയും തങ്ങളുടെ ഓഫീസ് അറിയിച്ചതായും ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തു വിടുന്നതെന്നും അല്‍ സമാന്‍ എക്‌സ്‌ചേഞ്ചിലെ ഉദ്യോഗസ്ഥന്‍ ആദര്‍ശ് ഷിനാവ ഖത്വര്‍ ട്രിബ്യൂണിനോട് പറഞ്ഞു. പുതിയ ഇന്ത്യന്‍ കറന്‍സികള്‍ എണ്ണുന്നതിന് പുതിയ മെഷീന്‍ ആവശ്യമാണ്. പുതിയ നോട്ടുകള്‍ വലുപ്പം കൂടിയതിനാല്‍ പഴയ കൗണ്ടിംഗ് മെഷീനുകളെല്ലാം മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. പുതിയ നോട്ടുകള്‍ ഒറിജിനലാണെന്ന് പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്. നോട്ടില്‍ ഉള്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പരിശോധിക്കുന്നതിനാവശ്യമായ യന്ത്രം സാധ്യമാക്കേണ്ടതുണ്ടെന്നും ഷിനാവ പറഞ്ഞു. പുതിയ ഇന്ത്യന്‍ കറന്‍സികളുടെ ലഭ്യതക്കുറവ് വ്യാപാരത്തെ ബാധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
പുതിയ ഇന്ത്യന്‍ നോട്ടുകള്‍ ലഭിക്കുന്നതോടെ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുമെന്ന് അല്‍ ജസീറ എക്‌സ്‌ചേഞ്ച് പ്രതിനിധി പറഞ്ഞു. തങ്ങളുടെ ദുബൈ ബഹ്‌റൈന്‍ ശാഖകളില്‍ നിന്ന് പുതിയ നോട്ട് ലഭിക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ജനുവരി ആദ്യ ആഴ്ചയില്‍ ഉപഭോക്താക്കള്‍ക്ക് നോട്ടുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.