ഉത്തരവാദിത്വ ബോധത്തോടെ പെരുമാറാന്‍ കഴിയാത്ത നേതാക്കള്‍ കളമൊഴിയണമെന്ന് വി.ടി ബല്‍റാം

Posted on: December 28, 2016 9:18 pm | Last updated: December 29, 2016 at 10:30 am

പാലക്കാട്: ഉത്തരവാദിത്വ ബോധത്തോടെ പെരുമാറാന്‍ കഴിയാത്ത നേതാക്കള്‍ കളമൊഴിയണമെന്ന് വി.ടി ബല്‍റാം എംഎല്‍എ. ചില നേതാക്കളുടെ ഗ്രൂപ്പ് പോരിന്റെ നേര്‍ച്ചക്കോഴികളായി നിന്ന് തരാന്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ലെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ജനാധിപത്യ സംഘടനയില്‍ വീട്ടുകാരും കുശിനിക്കാരും തമ്മില്‍ വ്യത്യാസമില്ല. ചുമതലകള്‍ വ്യത്യസ്തമാണെങ്കിലും എല്ലാവര്‍ക്കും ഒരേ അംഗീകാരവും മാന്യതയുമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘വേശ്യന്മാര്‍’ ഉണ്ടാവുന്നിടത്തോളം വേശ്യകളും ഉണ്ടാവുമെന്നും നാം തിരിച്ചറിയേണ്ടതുണ്ടെന്നും ബല്‍റാം പറഞ്ഞു. അത് മനസിലാക്കാതെയുള്ള ഏകപക്ഷീയ അധിക്ഷേപം സ്ത്രീവിരുദ്ധവും രാഷ്ര്ടീയവിരുദ്ധവുമാണ്. ഭിന്നലിംഗക്കാരെ ഉദേശിച്ചാണ് ശിഖണ്ഡിയെന്ന് ആക്ഷേപസൂചകമായി ഉപയോഗിക്കുന്നതെങ്കില്‍ അതും പ്രതിഷേധാര്‍ഹമാണെന്നും നിലവാരമില്ലാത്ത വാക്‌പ്പോരിന് ശേഷം ഇപ്പോള്‍ തെരുവുയുദ്ധത്തിലേക്കും കാര്യങ്ങള്‍ അധ:പതിക്കുമ്പോള്‍ മുറിവേല്‍ക്കപ്പെടുന്നത് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മനോവീര്യമാണെന്നും വി.ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.