രാജ്‌മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവം: ആറുപേര്‍ക്ക് സസ്പന്‍ഷന്‍

Posted on: December 28, 2016 7:23 pm | Last updated: December 29, 2016 at 9:11 am

കൊല്ലം: ഡിസിസി ഓഫീസിന് പരിസരത്ത് വെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റംചെയ്ത ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയാണ് നടപടിയെടുത്തത്.

ബിനു മംഗലത്ത്, എംഎസ് അജിത്ത് കുമാര്‍,വിഷ്ണുവിജയന്‍, ആര്‍എസ്. അഭിന്‍, ശങ്കരനാരായണ പിള്ള, അതുല്‍ എസ്പി എന്നിവരെയാണ് സസ്‌പെന്‍ഡ്‌ചെയ്തത്. അക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ രണ്ടു ഡിസിസി ഭാരവാഹികള്‍ അംഗങ്ങളായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് രാവിലെ കോണ്‍ഗ്രസ് ജന്മദിനവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഉണ്ണിത്താനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഉണ്ണിത്താന്റെ കാറിന്റെ ചില്ല് തകര്‍ക്കുകയും അദ്ദേഹത്തിന് നേരെ ചീമുട്ട എറിയുകയും ചെയ്തിരുന്നു. കയ്യേറ്റത്തിനിടെ അദ്ദേഹത്തിന്റെ കൈയ്ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തു.