Connect with us

Gulf

പുതുവത്സരാഘോഷം: കുവൈറ്റില്‍ പരിശോധന കര്‍ശനമാക്കും

Published

|

Last Updated

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ നിയമസംവിധാനത്തെയും സാംസ്‌കാരിക പാരമ്പര്യത്തെയും ലംഘിക്കുന്ന വിധത്തില്‍ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ ആഭ്യന്തര വകുപ്പ് പൗരന്മാര്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കി.

പുതുവത്സര രാത്രിയായ ഞായറാഴ്ച ശക്തമായ പോലീസ് പട്രോളിംഗും നിരീക്ഷണവും ഉണ്ടാവുമെന്നും ആഘോഷപരിപാടികള്‍ നടക്കുന്ന റെസ്റ്റാറന്റുകള്‍ , ടെന്റുകള്‍ , റിസോര്‍ട്ടുകള്‍ , ഫാം ഹൗസുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും വേണ്ടിവന്നാല്‍ അത്തരം കേന്ദ്രങ്ങളില്‍ റൈഡ് നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അറസ്റ്റ് ചെയ്യുകയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറുകയും ചെയ്യുമെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് കൊണ്ട് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം പബ്ലിക് പ്രോസിക്ക്യൂട്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ എവിടെയും റൈഡ് നടത്തരുതെന്നും എവിടെയെങ്കിലും നിയമലംഘനം നടക്കുന്നുവെന്ന് സുരക്ഷാവിഭാഗത്തിനു ബോധ്യപ്പെട്ടാല്‍ ഉടനെ പബ്ലിക് പ്രോസിക്ക്യൂട്ടറില്‍ നിന്ന് റൈഡിനുള്ള അനുമതി വാങ്ങിയ ശേഷം തുടര്‍നടപടി കൈക്കൊള്ളണമെന്നും പബ്ലിക് പ്രോസിക്ക്യൂട്ടര്‍ ജനറല്‍: മുഹമ്മദ് അല്‍ ദുഐജ് വ്യക്തമാക്കിയതായി അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഏതൊരാള്‍ക്കും തങ്ങളെ റൈഡ് നടത്താന്‍ വരുന്ന ഉദ്യോഗസ്ഥരോട് പരിശോധനാ അനുമതി രേഖ ആവശ്യപ്പെടാവുന്നതാണെന്നും അല്ലാത്ത പക്ഷം റൈഡിനു അനുവദിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. .

Latest