Connect with us

Idukki

ചിത്രം വരച്ച് റെക്കോര്‍ഡിന്റെ ഉയരങ്ങളിലെത്തിയ പഞ്ചായത്ത് അംഗം

Published

|

Last Updated

തൊടുപുഴ: ചിത്രം വരച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ അബ്ദുര്‍റസാഖാണ് പടം വരച്ച് റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം നേടിയത്. പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ വരച്ചതിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ നിന്ന് നാല് ദേശീയ റെക്കോഡുകളാണ് റസാഖിന് ലഭിച്ചത്.

കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു വ്യക്തി ഒറ്റ തവണ തന്നെ ഇന്ത്യാ ബുക്കിന്റെ നാല് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കുന്നത്. കേരള നിയമസഭയിലെ 140 എം എല്‍ എമാരുടെ ചിത്രങ്ങള്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 250 സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍, 220 രാജ്യങ്ങളിലെ 220 രാഷ്ട്ര തലവന്മാരുടെ ചിത്രങ്ങള്‍, റിയോ ഒളിമ്പിക്‌സിലെ സുവര്‍ണ ജേതാക്കള്‍ ഉള്‍പ്പെടെയുള്ള 70 കായിക താരങ്ങള്‍ എന്നിങ്ങനെ അറുനൂറോളം പേരുടെ ചിത്രങ്ങളാണ് പൊതു പ്രവര്‍ത്തനത്തിന്റെ തിരക്കിനിടയിലും റസാഖിന്റെ കാന്‍വാസില്‍ പതിഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മാസം കൊണ്ട് 250 സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ വരച്ചതിന് യൂനിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ദേശീയ റെക്കോഡും നേരത്തെ അബ്ദുര്‍റസാഖിന് ലഭിച്ചിരുന്നു.
അടുത്തിടെ 15 ദിവസം കൊണ്ട് അന്തരിച്ച ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ നൂറ് ചിത്രങ്ങള്‍ വരച്ചു. എറണാകുളത്ത് റെക്കോര്‍ഡ്
ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്റെ ഭാഗമായി ഫിദല്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ അഴുത ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച അബ്ദുര്‍റസാഖ് സ്വന്തമായി വരച്ച ചിത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത്. ഇത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ലോക പ്രശസ്തരുള്‍പ്പെടെ 900 ഓളം പേരുടെ ചിത്രങ്ങള്‍ അബ്ദുര്‍റസാഖ് വരച്ചു.

Latest