മഹല്ലുകള്‍ ടെക്‌നോളജിയുടെ ഗുണഫലങ്ങള്‍ ഉള്‍ക്കൊള്ളണം: ഡോ. ഹകീം അസ്ഹരി

Posted on: December 28, 2016 12:33 am | Last updated: December 27, 2016 at 11:34 pm
എസ് എം എ. ഇ-മഹല്ല് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്ത ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിക്കുന്നു.

കോഴിക്കോട്: കേരളത്തിലെ മഹല്ലുകള്‍ ആധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഗുണഫലങ്ങള്‍ ഉള്‍ക്കൊള്ളുകയും ടെക്‌നോളജിയുടെ ആദ്യത്തെ ആള്‍ മുസ്‌ലിംകളും മുസ്‌ലിം മഹല്ലുകളുമാകണമെന്ന് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി. തിന്മകളും അരാജകത്വവും ഇല്ലായ്മ ചെയ്യുന്നതില്‍ ഇ-മഹല്ല് സംവിധാനത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിയും. കൃത്യമായ ഡാറ്റ കൈകാര്യങ്ങളിലൂടെ ഒരളവോളം മനുഷ്യരിലെ ഭിന്നിപ്പും അപസ്വരങ്ങളും ഇല്ലാതാക്കാന്‍ സാധിക്കും. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ഇ മഹല്ല് സംവിധാനത്തിന്റെ ഇ-മഹല്ല് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ-മഹല്ല് പൈലറ്റ് പ്രൊജക്ടിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട അമ്പത് മുസ്‌ലിം മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി, മഹല്ല് ഖതീബ്, രണ്ട് ഐ ടി ഒഫീഷ്യല്‍സ് എന്നിവര്‍ക്കു വേണ്ടി യാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. ഇ യഅ്ഖൂബ് ഫൈസി സ്വാഗതം പറഞ്ഞു. ‘നമ്മുടെ മഹല്ല് ഇ-മഹല്ലിലേക്ക്’ പ്രൊഫ. മുഹമ്മദ് ശരീഫ് (ഫാറൂഖ് ട്രെയിനിംഗ്‌കോളജ്), ‘ഇ-മഹല്ല് പ്രസന്റേഷന്‍’ റംസി മുഹമ്മദ് കുട്ടമ്പൂര്‍ അവതരിപ്പിച്ചു.
വി എം കോയ മാസ്റ്റര്‍, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, എം എന്‍ സിദ്ധീഖ് ഹാജി, പി കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അന്തുഞ്ഞി മൊഗര്‍ സംബന്ധിച്ചു.