Connect with us

Editorial

പേഴ്‌സനല്‍ സ്റ്റാഫിന് പെരുമാറ്റച്ചട്ടം

Published

|

Last Updated

മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫുകള്‍ക്ക് കര്‍ശന പെരുമാറ്റച്ചട്ടങ്ങള്‍ നിര്‍ദേശിച്ചിരിക്കയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയലുകളുടെ നീക്കത്തിന് വേഗം പോരെന്ന് പരാതി ഉയരുകയും ആരോപണങ്ങളുടെ പേരില്‍ ഒരു മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് പുറത്തുപോകേണ്ടിവരികയും പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ഭരണപക്ഷ നേതാക്കള്‍ തന്നെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഞായറാഴ്ച തിരുവനന്തപുരത്ത് പേഴ്‌സനല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കണിശതയും കാര്യക്ഷമതയും കാണിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്. കൈക്കൂലി വാങ്ങുകയോ അഴിമതിക്ക് ഒരു വിധേനയും കൂട്ടുനില്‍ക്കുകയോ ചെയ്യരുത്. കൃത്യനിഷ്ഠ പാലിക്കണം. കൃത്യനിര്‍വഹണത്തില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ കടന്നുവരരുത്, ന്യായമെങ്കില്‍ പ്രതിപക്ഷ ചേരിയിലുള്ളവരുടെ ആവശ്യങ്ങളും പരിഗണിക്കണം, ഇടനിലക്കാരെ അടുപ്പിക്കരുത്. സര്‍ക്കാര്‍ നടപടികളും തീരുമാനങ്ങളും ജനങ്ങള്‍ക്കു വേണ്ടിയാണെന്ന ബോധത്തോടെയായിരിക്കണമെന്നും പരാതിയുമായി എത്തുന്നവരോട് മാന്യമായും രാഷ്ട്രീയ നിറം നോക്കാതെയും പെരുമാറണമെന്നും മുഖ്യമന്ത്രി ഉണര്‍ത്തി.

സര്‍ക്കാറിന്റെ പ്രവര്‍ത്തന മികവിലും പൊതുസമൂഹത്തില്‍ നിന്ന് നല്ല പ്രതികരണം നേടുന്നതിലും മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ പങ്ക് വലുതാണ്. പേഴ്‌സനല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനം മോശമാവുകയോ അവരെക്കുറിച്ചു അഴിമതിയാരോപണങ്ങള്‍ ഉയരുകയോ ചെയ്താല്‍ അത് മന്ത്രിമാര്‍ക്കും വകുപ്പിന് തന്നെയും ദുഷ്‌പേരുണ്ടാക്കും. കഴിഞ്ഞ സര്‍ക്കാറില്‍ എട്ടു മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണങ്ങളുയര്‍ന്നിരുന്നു. പേഴ്‌സനല്‍ സ്റ്റാഫായിരുന്നു പലതിനും ഉത്തരവാദി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്ക് തന്റെ പേഴ്‌സനല്‍ സ്റ്റാഫിലെ പലരെയും പുറത്താക്കേണ്ടിവന്നു. ഇത് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്‍പിച്ചു. സെക്രട്ടറിയേറ്റിന്റെ അകത്തളങ്ങളിലും ഇടനാഴികകളിലും ഡയറി കക്ഷത്തിറുക്കി ചുറ്റിക്കറങ്ങുന്ന ഇടനിലക്കാര്‍ ധാരാളമുണ്ട്. അവരുടെ സ്വാധീന വലയത്തില്‍ അകപ്പെട്ട് അനര്‍ഹമായ കാര്യങ്ങള്‍ സാധിച്ചു കൊടുക്കുമ്പോഴാണ് പേഴ്‌സനല്‍ സ്റ്റാഫിന്റെയും മന്ത്രിമാരുടെയും മേല്‍ കറ പുരളുന്നത്. ഇടനിലക്കാരുമായുള്ള ബന്ധത്തില്‍ സൂക്ഷ്മത പാലിച്ചാല്‍ ഒരളവോളം പ്രതിച്ഛായ കാത്തുസൂക്ഷിക്കാന്‍ സാധിക്കും.

പല തരക്കാരാണ് പേഴ്‌സനല്‍ സ്റ്റാഫ്. സര്‍ക്കാര്‍ ശമ്പളം പറ്റി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരാണ് ചിലര്‍. എങ്ങനെ ഒരു പ്രശ്‌നം പരിഹരിക്കാം എന്ന് ചിന്തിക്കുന്നതിന് പകരം എങ്ങനെ പരിഹരിക്കാതിരിക്കാം എന്ന തരത്തില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന വരുമുണ്ട്. പേഴ്‌സനല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും മികവുറ്റതുമാകണമെങ്കില്‍ കഴിവും സ്വഭാവഗുണവും, സംശുദ്ധ ജീവതവുമുള്‍പ്പെടെയുള്ള യോഗ്യതകളെ മാനദണ്ഡമാക്കിയായിരിക്കണം നിയമനം. സംശുദ്ധിയില്ലായ്മയുടെ ദൂഷ്യഫലം സോളാര്‍ കേസിലൂടെ അറിഞ്ഞതാണ്. എന്നാല്‍ രാഷ്ട്രീയമാണ് പലപ്പോഴും പേഴ്‌സനല്‍ സ്റ്റാഫിലെ നിയമനത്തിന്റെ മാനദണ്ഡം. ഇവര്‍ക്ക് അടിസ്ഥാന യോഗ്യത വേണ്ട. യോഗ്യതാ നിര്‍ണയ പരീക്ഷയും വേണ്ട. പാര്‍ട്ടി നേതാക്കളുടെ വിശ്വസ്തരായാല്‍ മതി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിയമിക്കപ്പെട്ട പേഴ്‌സനല്‍ സ്റ്റാഫില്‍ പലരും എസ് എസ് എല്‍ സി വിദ്യാഭ്യാസം പോലും നേടാത്തവരായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ സര്‍വീസ് വേണം. പേഴ്‌സനല്‍ സ്റ്റാഫിന് രണ്ട് വര്‍ഷത്തെ സര്‍വീസ് മതി. ഇവരുടെ നിയമനത്തില്‍ രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കുമ്പോള്‍ സെക്രട്ടറിയേറ്റ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ താവളമായി മാറുകയും വകുപ്പിനും സര്‍ക്കാറിനും ചീത്തപ്പേര് വരുത്തുകയും ചെയ്യും. നിലവില്‍ ഒരു സി പി എം മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലെ ചിലര്‍ രാഷ്ട്രീയ താത്പര്യത്തോടെ ഫയലുകള്‍ പിടിച്ചുവെക്കുന്നുവെന്നും മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എടുക്കുന്ന തീരുമാനങ്ങള്‍ പോലും പാര്‍ട്ടി താത്പര്യം ചൂണ്ടിക്കാട്ടി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തടയുന്നതായും പരാതി ഉയര്‍ന്നിരുന്നു.

ഭരണ കാര്യങ്ങളില്‍ മന്ത്രിമാരെ സഹായിക്കേണ്ടവരാണ് പേഴ്‌സനല്‍ സ്റ്റാഫ്. അവര്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളെക്കുറിച്ച് പഠിക്കുകയും അതിന്റെ സാധ്യത സംസ്ഥാനത്തിന് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ഈ ലക്ഷ്യത്തില്‍ അനുയോജ്യമായ പദ്ധതികള്‍ തയാറാക്കുകയും വേണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഓര്‍മിപ്പിക്കുകയുണ്ടായി. അതാത് വിഷയങ്ങളില്‍ പരിജ്ഞാനവും പ്രാഗത്ഭ്യവും പഠന തത്പരതയുമുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. പാര്‍ട്ടി ബന്ധം കൊണ്ട് മാത്രം ഈ നിലയിലേക്ക് ഉയരാന്‍ കഴിയില്ല. ജീവനക്കാരുടെ നിയമന, സ്ഥലംമാറ്റകാര്യങ്ങളില്‍ കൃത്യമായ മാനദണ്ഡം കൊണ്ടുവരികയും ഇപ്പോഴത്തെ കുത്തഴിഞ്ഞ അവസ്ഥ അവസാനിപ്പിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിയുന്നതും ഗവണ്‍മെന്റ് സര്‍വീസില്‍ ഉത്തരവാദിത്വമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കുകയാണ് യോഗ്യതയില്ലാത്തവര്‍ കയറിപ്പറ്റാതിരിക്കാന്‍ മാര്‍ഗമെന്ന് നേരത്തെ നിര്‍ദേശിക്കപ്പെട്ടതാണ്. ഭരണം കാര്യക്ഷമമാകുന്നതിന് പുറമെ ചെലവ് കുറക്കാനും അത് സഹായകമാകും.

---- facebook comment plugin here -----

Latest