Connect with us

Gulf

ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായില്ലെങ്കില്‍ കനത്ത പിഴ: ഡി എച്ച് എ

Published

|

Last Updated

ഡോ. ഹൈദര്‍ അല്‍ യൂസഫ്

ദുബൈ: തൊഴിലാളികളുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താത്ത തൊഴില്‍ ഉടമസ്ഥര്‍ക്ക് കനത്ത പിഴ നേരിടേണ്ടി വരുമെന്ന് ദുബൈ ഹെല്‍ത് അതോറിറ്റി (ഡി എച്ച് എ). ദുബൈ വിസയിലുള്ള തൊഴിലാളികള്‍ക്കും ആശ്രിത വിസയില്‍ താമസിക്കുന്നവര്‍ക്കും ഈ മാസം 31നുള്ളില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം. അല്ലാത്ത സ്ഥാപന ഉടമകള്‍ക്ക് 31ന് ശേഷം പിഴ ചുമത്തുമെന്ന് ഡി എച്ച് എ വൃത്തങ്ങള്‍ വ്യക്തമാക്കി.

ദുബൈ വിസക്കാരായ 98 ശതമാനം പേരും നിര്‍ബന്ധ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. 40 ലക്ഷത്തോളം വരുമിത്. മൂന്ന് ഘട്ടമായാണ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. മൂന്നാം ഘട്ടത്തിന്റെ കാലാവധി ഈ വര്‍ഷം ജൂലൈ 31നു കഴിഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ പേരെ പദ്ധതിയില്‍ ഉള്‍പെടുത്തുന്നതിന് സമയ പരിധി നീട്ടുകയായിരുന്നു. ഈ സമയ പരിധിയാണ് ഈ മാസം 31ന് കഴിയുന്നത്. മൂന്നാം ഘട്ടത്തിലും പദ്ധതിയുടെ ഭാഗമാകാത്ത കമ്പനി ഉടമകള്‍ക്കാണ് പിഴ ചുമത്തുന്നത്. കാലാവധി തീരുന്ന നിമിഷത്തിലേക്ക് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സമയം മാറ്റി വെക്കരുത്. സമയ പരിധി കഴിഞ്ഞിട്ടും പോളിസി എടുക്കാത്തവര്‍ക്ക് പിഴ ചുമത്തുന്ന പ്രവര്‍ത്തികള്‍ ഊര്‍ജിതമാക്കുമെന്ന് ഡി എച്ച് എയുടെ ഹെല്‍ത് ഫണ്ടിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസഫ് പറഞ്ഞു.
താമസ-കുടിയേറ്റ, വിദേശകാര്യ വകുപ്പുമായി ചേര്‍ന്ന്, ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്താത്തവരുടെ വിസ പുതുക്കി നല്‍കുന്നതിനും തൊഴിലാളികള്‍ക്ക് പരിരക്ഷ ഉറപ്പു വരുത്താത്ത കമ്പനിയുടെ പുതിയ വിസ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും വിലക്കേര്‍പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഭാഗമാകാത്ത കമ്പനികള്‍ക്ക് ഒരു തൊഴിലാളിക്ക് പ്രതിമാസം 500 ദിര്‍ഹം എന്ന നിലയില്‍ പിഴയീടാക്കും. എന്നാല്‍ ഒരു തൊഴിലാളിക്ക് ഒരു വര്‍ഷത്തേക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് 565 മുതല്‍ 650 ദിര്‍ഹം വരെയാണ് ഈടാക്കുന്നത്. അതിനാല്‍ ഈ പദ്ധതിയുടെ ആനുകൂല്യം എല്ലാവരും ഉപയോഗപ്പെടുത്തണം, അദ്ദേഹം ചൂണ്ടിക്കാട്ടി.
50 ഓളം പ്രമുഖ ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളെയാണ് ഡി എച്ച് എ യുടെ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഇതില്‍ ഒന്‍പതെണ്ണം 4000 ദിര്‍ഹമിന് താഴെ വേതനമുള്ള തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നവയാണ്. ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായി 2013 അവസാനത്തില്‍ 11 ലക്ഷം പേരാണ് പരിരക്ഷ ഉറപ്പ് വരുത്തിയത്. നവീകരിച്ച പുതിയ പദ്ധതിയനുസരിച്ച് ആദ്യ ഘട്ടത്തിന്റെ അവസാനം 19 ലക്ഷം പേര്‍ പദ്ധതിയുടെ ഭാഗമായി. രണ്ടാം ഘട്ടത്തില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തിയവരുടെ തോത് 26 ലക്ഷമായി ഉയര്‍ന്നു. മൂന്നാം ഘട്ടത്തിന്റെ സമയപരിധി ആദ്യം നിശ്ചയിച്ചിരുന്ന ഈ വര്‍ഷം ജൂലൈ മാസത്തോടെ ഇത് 34 ലക്ഷമായി ഉയര്‍ന്നു.

പദ്ധതി നടപ്പില്‍ വരുത്തിയ ഈ കാലയളവിനുള്ളില്‍ 680 കോടി ദിര്‍ഹമിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് സേവനങ്ങളാണ് നല്‍കിയത്. ജനറല്‍ ഫിസിഷ്യന്‍, ഫാമിലി ഫിസിഷ്യന്മാരുടെ സേവനങ്ങള്‍, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം , സര്‍ജറി, ലബോറട്ടറി സേവനങ്ങള്‍, അത്യാഹിത വിഭാഗം, പ്രസവം എന്നിവ പോളിസിയുടെ പരിധിയില്‍പെടും, അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest