Connect with us

Gulf

പാര്‍പ്പിട പ്രദേശങ്ങളില്‍ മാലിന്യക്കുട്ടകള്‍ സ്ഥാപിക്കും

Published

|

Last Updated

ദോഹ: രാജ്യത്തെ പാര്‍പ്പിട പ്രദേശങ്ങളില്‍ മാലിന്യം തരം തിരിച്ച് നിക്ഷേപിക്കുന്നതിനുള്ള വീപ്പകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രം ഡയറക്ടര്‍ എന്‍ജിനീയര്‍ ഹമദ് ജാസിം അല്‍ ബഹര്‍ പറഞ്ഞു.

മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുമ്പായി മാലിന്യം തരംതിരിക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോക്‌സുകള്‍ സ്ഥാപിക്കുന്നത് വഴി കടലാസുകളും പ്ലാസ്റ്റിക്കുകളും പ്രത്യേകമായി വേര്‍ തിരിച്ച് സംഭരിക്കാന്‍ കഴിയുമെന്നും ഇതിലൂടെ വൈദ്യുതിയും ജൈവവളവും നിര്‍മിക്കുന്നത് കൂടുതല്‍ സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള പാര്‍പ്പിട മേഖലകളുടെ പരിസരങ്ങളില്‍ ചെറിയ മാലിന്യ ബോക്‌സുകളോടു കൂടിയ വലിയ കണ്ടെയ്‌നറുകള്‍ സ്ഥാപിക്കും. കടലാസ്, പ്ലാസ്റ്റിക് എന്നിവ വേര്‍തിരിച്ച് വേണം ഇതില്‍ നിക്ഷേപിക്കേണ്ടത്.
പദ്ധതിയുടെ അന്തിമ ജോലികള്‍ പൂര്‍ത്തിയായാലുടന്‍ മാലിന്യം തരം തിരിക്കുന്ന ബോക്‌സുകള്‍ സ്ഥാപിക്കും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അല്‍ ശമാലില്‍ പുതിയ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കും. മിസൈഈദിലെ കേന്ദ്രത്തിന് സമാനമായ രീതിയിലാണ് അല്‍ ശമാലില്‍ പുതിയ കേന്ദ്രം നിര്‍മിക്കുന്നത്. മൂന്ന് ചതുരശ്ര കിലോമീറ്ററിലാണ് പുതിയ കേന്ദ്രം. 400 കോടി റിയാല്‍ ചെലവിട്ട് നിര്‍മിച്ച മിസൈഈദിലെ കേന്ദ്രവും മൂന്ന് ചതുരശ്ര കിലോമീറ്ററിലാണ് സ്ഥിതി ചെയ്യുന്നത്. 220 കോടി റിയാല്‍ മിസൈഈദ് കേന്ദ്രത്തിന്റെ ഡിസൈന്‍ ചെലവും ബാക്കി തുക 25 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ചെലവുമാണ്. മിസൈഈദിലെ കേന്ദ്രത്തിന്റെ ഉത്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള ജോലികള്‍ പുരോഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 80 ടണ്‍ ജൈവ വളവും 50 മെഗാ വാട്ട് വൈദ്യുതിയും നിര്‍മിക്കാനുള്ള ശേഷിയാണ് മിസൈഈദിലെ കേന്ദ്രത്തിനുള്ളത്. മൂവായിരം ടണ്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ ഉപയോഗിച്ചാണ് ഇവ ഉത്പാദിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest