കടല്‍ വെള്ളത്തില്‍ നിന്നും വിമാന ഇന്ധനം വികസിപ്പിച്ചു

Posted on: December 27, 2016 8:07 pm | Last updated: December 27, 2016 at 8:07 pm

ദോഹ: സംയോജിത സമുദ്രജലോര്‍ജവും കാര്‍ഷക സംവിധാവും ഉപയോഗിച്ച് നിര്‍മിക്കുന്ന ജൈവ ഇന്ധനം വിമാനങ്ങളില്‍ ഉപയോഗിക്കാമെന്ന് പഠനം. ഫോസിലുകളില്‍നിന്നും ഗ്യാസ് ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഈ പ്രക്രിയയില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകൂ എന്നും പഠനം കണ്ടെത്തുന്നു. ഖത്വര്‍ യൂനിവേഴ്‌സിറ്റിയിലെയും മസ്ദര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെയും ഒരു സംഘം ഗവേഷകരാണ് കണ്ടു പിടുത്തം നടത്തിയത്.

സംയോജിത സമുദ്ര ജലോര്‍ജവും കാര്‍ഷിക സംവിധാനവും ഉപയോഗിച്ച് ഉത്പാദിച്ച ഇന്ധനത്തിന് ഫോസില്‍ ജെറ്റ് ഇന്ധനത്തേക്കാള്‍ 68 ശതമാനം കുറവ് മാത്രമാണ് ഗ്രീന്‍ഹൗസ് ഗ്യാസ് ഉത്പാദിപ്പിക്കുന്നത് എന്നാണ് കണ്ടെത്തിയത്. വളരെ പോസിറ്റീവായ റിസള്‍ട്ടാണ് ഗവവേഷണത്തില്‍ നിന്ന് ലഭിച്ചതെന്നും കൂടുതല്‍ ഊജം ബാക്കിയാകുന്ന പദ്ധതിയാണിതെന്നും ഗവേഷകര്‍ പറഞ്ഞു. ബോയിംഗ് കോര്‍പറേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം നടത്തിയത്. ലൈഫ് സൈക്കിള്‍ അസസ്‌മെന്റ് ഇന്റര്‍നാഷനല്‍ ജേര്‍ണലാണ് പുതിയ കണ്ടുപിടുത്തം വിവരിക്കുന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയത്. ഖത്വര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡവലപ്‌മെന്റിലെ റിസര്‍ച്ച് വിഭാഗം അസി. പ്രൊഫസര്‍ ഡോ. ജെ ജെഡ് ബ്രൗണ്‍ ആണ് പ്രബന്ധം എഴുതിയിരിക്കുന്നത്.

കടല്‍ വെള്ളം തടാകത്തിലേക്ക് പമ്പ് ചെയ്‌തെടുത്ത് കാര്‍ഷിക ആവശ്യത്തിനും മനുഷ്യോപോഗത്തിനും അനുയോജ്യമാക്കുന്നതിനൊപ്പം നടത്തിയ പരീക്ഷണങ്ങളില്‍നിന്നാണ് ബയോ ജെറ്റ് ഇന്ധനം ഉത്പാദിപ്പിക്കാമെന്നു കണ്ടെത്തിയത്. ഇന്ധന ഉത്പാദനത്തിനൊപ്പം ജലം വൈദ്യുതോത്പാദനത്തിനും ഉപയോഗിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. കടല്‍ വെള്ളവും ഉപ്പുവെള്ളത്തില്‍ വളരുന്ന സസ്യങ്ങളും ഉപയോഗിച്ചുള്ള ബയോ ഗ്യാസ് നിര്‍മാണ രീതിയാണിത്. പാരിസ്ഥിതിക നാശം തീരേ കുറവുള്ള രീതിയെന്നതാണ് ഇതിനെ പ്രധാനമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.