60 വയസ് പൂര്‍ത്തിയായവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കില്ല

Posted on: December 27, 2016 8:06 pm | Last updated: December 28, 2016 at 10:34 pm

ദോഹ: രാജ്യത്ത് ഇനി 60 വയസ് പൂര്‍ത്തിയായ വിദേശികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് (ആര്‍ പി) പുതുക്കുന്നത് നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഖത്വരിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം നടപ്പാക്കുന്നതെന്ന് അല്‍വത്വന്‍ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. റസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതിന് പ്രായപരിധി 60 ആയി നിശ്ചയിച്ചാല്‍ പ്രവാസികള്‍ക്ക് ഖത്വറില്‍ തുടരാനാകില്ല.

സ്വദേശിവത്കരണലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം ശക്തമായി നടപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് നിഗമനം. വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ തേടുന്ന നിരവധി ഖത്വരി ബിരുദധാരികള്‍ക്ക് മികച്ച തൊഴില്‍ നല്‍കല്‍, പ്രവാസി യുവജനങ്ങള്‍ക്ക് രാജ്യത്തിന്റെ വികസന പദ്ധതികളില്‍ കൂടുതല്‍ അവസരം നല്‍കല്‍ എന്നിവ യാഥാര്‍ഥ്യമാക്കാനും പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പൊതു, സ്വകാര്യ മേഖലയില്‍ തീരുമാനം നടപ്പില്‍ വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഈ തീരുമാനം ബാധകമല്ലാത്ത തൊഴില്‍, രാജ്യക്കാര്‍ എന്നിവ സംബന്ധിച്ചുള്ള വ്യവസ്ഥകളും മന്ത്രാലയം നിര്‍ദേശിക്കും. നിയമപരവും ഭരണനിര്‍വഹണ പരവുമായ ചട്ടക്കൂട് പുതിയ നടപടിക്കായി തയ്യാറാക്കുന്നതായും വാര്‍ത്തകളുണ്ട്. ഇതുപ്രകാരം 60 വയസ് പൂര്‍ത്തിയാകുന്ന പ്രവാസിയുടെ തൊഴില്‍ കരാര്‍ സ്വമേധയാ റദ്ദാകും. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമത്തിലെ നിശ്ചിത കാലാവധിക്കുള്ളിലെ അര്‍ഹമായ മുഴുവന്‍ തുകയും പ്രവാസിക്ക് ലഭിക്കുകയും ചെയ്യും.
രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളില്‍ 60 വയസിന് മുകളിലുള്ള നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ പെന്‍ഷന്‍ പ്രായം അറുപത് ആക്കുന്നത് പ്രവാസികളെ സാരമായി ബാധിക്കും. എന്നാല്‍ വിദേശരാജ്യങ്ങളിലെ പ്രത്യേകിച്ചും ഇന്ത്യയിലെ ഉള്‍പ്പടെ യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. യുവജനങ്ങളുടെ തൊഴില്‍ വൈദഗ്ധ്യം ഖത്വറിന്റെ വികസന പദ്ധതികളില്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പുതിയ ഒഴിവുകളിലേക്ക് യോഗ്യരായ ഖത്വരി തൊഴിലന്വേഷകര്‍ ഉണ്ടെങ്കില്‍ പ്രവാസികളെ ആ ഒഴിവിലേക്ക് നിയമിക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഖത്വരി തൊഴിലന്വേഷകരുടെ വിശദവിവരങ്ങള്‍ മന്ത്രാലയം നല്‍കും.

പുതിയ ഒഴിവ് നികത്താന്‍ യോഗ്യരായ ഖത്വരി പൗരന്മാര്‍ ഉണ്ടെങ്കില്‍ പ്രവാസിക്ക് തൊഴില്‍ വിസ നല്‍കാന്‍ പാടില്ല. എത്രയും പെട്ടെന്ന് ആ ഒഴിവിലേക്ക് ഖത്വറി പൗരനെ നിയമിക്കണം. ഖത്വരി തൊഴിലന്വേഷകന് പരിശീലനവും ഓറിയന്റേഷനും ആവശ്യമെങ്കില്‍ അവയെല്ലാം നല്‍കി ജോലിക്ക് അനുയോജ്യമായ തരത്തിലേക്ക് മാറ്റിയെടുക്കാന്‍ കമ്പനികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. പ്രവാസി തൊഴിലാളികളുടെ കൃത്യമായ കണക്കും ഏത് പദ്ധതിയിലാണ് ജോലി ചെയ്യുന്നതെന്നും തയ്യാറാക്കുന്നതിനായി മന്ത്രാലയം അടുത്തിടെ വിവരശേഖരണം നടത്തിയിരുന്നു. താത്കാലിക പദ്ധതികളിലേക്ക് ജോലി ചെയ്യാനായി രാജ്യത്തെത്തിയ പ്രവാസി തൊഴിലാളികളുടെ വിശദവിവരങ്ങളും മന്ത്രാലയം പരിശോധിച്ചിരുന്നു.

അതേസമയം, 60 തികഞ്ഞവര്‍ക്ക് തൊഴില്‍ വിസ നിഷേധിക്കുമ്പോള്‍ രാജ്യത്ത് വ്യവസായ, വാണിജ്യ സംരംഭങ്ങള്‍ നടത്തുന്നവരും സംരംഭങ്ങളുടെ ഉടമസ്ഥര്‍ എന്ന നിലയില്‍ വിസയുള്ളവര്‍ക്കും 60നു ശേഷവും വിസ ലഭിക്കുമോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തത തരുന്നില്ല. രാജ്യത്ത് മലയാളികളുള്‍പ്പെടെ നിരവധി പേര്‍ സ്ഥാപനങ്ങളുടെ ഓണര്‍ഷിപ്പില്‍ തുടരുന്നുണ്ട്.