ഹമദ് എയര്‍പോര്‍ട്ടിലെ ഇ ഗേറ്റ് വിദേശികള്‍ക്കായി തുറന്നു

Posted on: December 27, 2016 8:03 pm | Last updated: December 27, 2016 at 8:03 pm

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്ന ഖത്വര്‍ പ്രവാസികള്‍ക്ക് സൗജന്യമായി ഇ ഗേറ്റ് ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു.

രാജ്യത്ത് കഴിയുന്ന 18 വയസിനു മുകളിലുള്ള എല്ലാ വിദേശികക്കും ഖത്വര്‍ ഐ ഡി, പാസ്പാര്‍ട്ട് എന്നിവ ഉപയോഗിച്ച് ഇ ഗേറ്റ് ഉപയോഗിക്കാം. പ്രവാസികള്‍ക്കായി സൗജന്യ ഇ ഗേറ്റ് സംവിധാനം പ്രാബല്യത്തിലായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സേവനത്തിന് നേരത്തേ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഹമദ് വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ 19 ഇ ഗേറ്റുകളും അറൈവല്‍ ലോഞ്ചില്‍ 16 ഇ ഗേറ്റുകളുമാണ് പുതുതായി സജ്ജമാക്കിയതെന്ന് കേണല്‍ മുഹമ്മദ് റാശിദ് അല്‍ മസ്‌റൂഇ അറിയിച്ചു. നേരത്തെ റജിസ്റ്റര്‍ ചെയ്യാതെയും യാതൊരു ഫീസുമില്ലാതെയും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇഗേറ്റുകള്‍ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം യാത്രക്കാരെ അറിയിച്ചു. പ്രവാസി യാത്രക്കാര്‍ക്ക് വരാനും പോകാനും ഇഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്താം. കൗണ്ടര്‍ സ്റ്റാഫിന്റെ സഹായമില്ലാതെ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ട് ടെക്‌നോളജി ഉപയോഗിച്ച് യാത്രക്കാര്‍ക്ക് തന്നെ എല്ലാ കാര്യങ്ങളും നിര്‍വഹിക്കാവുന്നതാണ്. പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഓഫിസര്‍ വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കുകയും അറൈവല്‍/ ഡിപാര്‍ച്ചര്‍ സീല്‍ പതിക്കുകയും ചെയ്യുന്നതിന് വേണ്ടി നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇഗേറ്റ് സംവിധാനം വഴി സാധിക്കും. യാത്രക്കാരുടെ സ്വകാര്യതയും സുരക്ഷയും നിലനിര്‍ത്തി വളരെ വേഗത്തില്‍ ഇഗേറ്റ് വഴി എല്ലാ കാര്യങ്ങളും നിര്‍വഹിക്കാനാവും.

നിരവധി പ്രവാസികള്‍ക്ക് തങ്ങളുടെ പാസ്‌പോര്‍ട്ട് പേജുകളില്‍ വളരെ പെട്ടെന്ന് സീലുകള്‍ നിറഞ്ഞ് പുതിയവ എടുക്കുന്നത് ഒഴിവാക്കാനും ഈ സമ്പ്രദായം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്‌ട്രോണിക് ഗേറ്റ് സംവിധാനം ഉപയോഗിക്കുന്നത് വളരെ ലളിതമാണെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് സെക്്ഷന്‍ മേധാവി മേജര്‍ ഖാലിദ് മുഹമ്മദ് മുല്ല പറഞ്ഞു. ഇഗേറ്റിലെ ഇ റീഡറില്‍ പാസ്‌പോര്‍ട്ടോ ഐ ഡി കാര്‍ഡോ വയ്ക്കുകയെന്നതാണ് ആദ്യ പടി. കാര്‍ഡിലോ പാസ്‌പോര്‍ട്ടിലോ ഉള്ള വിവരങ്ങള്‍ ഇ റീഡര്‍ പിടിച്ചെടുക്കുകയും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ഇതോടെ ഇ ഗേറ്റിന്റെ ആദ്യ ഗ്ലാസ് ഗേറ്റ് തുറക്കും. ഇംഗ്ലീഷിലും അറബിയിലും യാത്രക്കാരനോട് മുന്നോട്ടു നീങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് ഇ ഗേറ്റിന്റെ മധ്യഭാഗത്തെത്തുന്ന യാത്രക്കാരന്റെ കണ്ണടയാളവും വിരലടയാളവും പിടിച്ചെടുക്കുകയും ഇത് നേരത്തേ ഐ ഡി കാര്‍ഡില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുമായി ഒത്തുനോക്കുകയും ചെയ്യുന്നതോടെ അവസാനത്തെ എക്‌സിറ്റ് ഗേറ്റ് തുറക്കും. ഇതോടെ യാത്രക്കാരന് ബോര്‍ഡിംഗ് ഗേറ്റിലേക്കോ ബാഗേജ് സ്വീകരിക്കുന്ന സ്ഥലത്തേക്കോ നീങ്ങാനാകും. എന്‍ട്രിയായാലും എക്‌സിറ്റ് ആയാലും പരമാവധി രണ്ട് മിനിറ്റ് മാത്രമാണ് ഈ പ്രക്രിയക്ക് വേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു.