പുതുവര്‍ഷ ആഘോഷം: കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ക്ക് വിലക്ക്

Posted on: December 27, 2016 1:10 pm | Last updated: December 27, 2016 at 12:52 pm

കൊച്ചി: പുതുവര്‍ഷ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ വേണ്ടെന്ന് പോലീസ്. ഡി ജെ പാര്‍ട്ടികളില്‍ വ്യാപക മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണിത്. പുതുവര്‍ഷത്തോടനുബന്ധിച്ച് ഹോട്ടലുകളില്‍ വലിയ ഹാളുകളിലും ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. തുറന്ന സ്റ്റേജുകളില്‍ നിയന്ത്രിതമായി പാര്‍ട്ടികള്‍ നടത്താം. വലിയ ശബ്ദത്തിലുള്ള പാട്ടും നൃത്തവും അനുവദിക്കില്ല. രാത്രി 10ന് ശേഷം മദ്യം വിളമ്പാന്‍ പാടില്ല. പാര്‍ട്ടികളില്‍ മയക്കുമരുന്ന ഉപയോഗിക്കുന്നില്ലെന്ന് സംഘാടകര്‍ തന്നെ ഉറപ്പുവരുത്തണമെന്നും ആഘോഷങ്ങളില്‍ ഷാഡോ പോലീസിന്റെ നിയന്ത്രണവും പരിശോധനയും ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു. ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ ചൊവ്വാഴ്ച ഹോട്ടല്‍ ഉടമകളുടെ യോഗം പോലീസ് വിളിച്ചിട്ടുണ്ട്.

പുതുവര്‍ഷത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഈ യോഗത്തില്‍ ഹോട്ടല്‍ അധികൃതരെ പോലീസ് അറിയിക്കും. കഴിഞ്ഞ പുതുവര്‍ഷ ആഘോഷത്തിനിടെ കൊച്ചിയിലെ ഡി ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം നടന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.