ഇസ്‌റാഈലിനെതിരായ യു എന്‍ പ്രമേയം

Posted on: December 27, 2016 6:46 am | Last updated: December 27, 2016 at 12:47 pm

ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരായ യു എന്‍ പ്രമേയത്തില്‍ ഫലസ്തീനികള്‍ ആഹ്ലാദ ഭരിതരാണെങ്കിലും, ഇസ്‌റാഈലിന്റെ അനധികൃത കുടിയേറ്റത്തിന് ഇത് പരിഹാരമാകുമെന്ന് വിശ്വസിക്കുന്നത് മൗഢ്യമായിരിക്കും. അന്താരാഷ്ട്ര നിയമ പ്രകാരം ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടക്കുന്ന ജൂതകുടിയേറ്റം നിയമ വിരുദ്ധമാണെന്നും കുടിയേറ്റം നിര്‍ത്തിവെക്കണമെന്നുമാണ് പ്രമേയം പറയുന്നത്. ഫലസ്തീന്‍- ഇസ്‌റാഈല്‍ തര്‍ക്കത്തിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ദ്വിരാഷ്ട്ര ഫോര്‍മുലയെ കുടിയേറ്റം തുരങ്കം വെക്കുമെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ദ്വിരാഷ്ട്ര ഒത്തുതീര്‍പ്പ് ഫോര്‍മുല അനുസരിച്ചു കിഴക്കന്‍ ജറൂസലമായിരിക്കും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം. ഈ ഭാഗങ്ങളിലാണിപ്പോള്‍ ഇസ്‌റാഈല്‍ ജൂതകുടിയേറ്റം ശക്തിപ്പെടുത്തിയത്.

യു എന്‍ പ്രമേയം അംഗീകരിക്കില്ലെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കി. 1967ലെ യുദ്ധത്തില്‍ ഫലസ്തീനില്‍ ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഭാഗങ്ങള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് അവരുടെ നിലപാട്. അതുകൂടി ഇസ്‌റാഈലിന്റെ ഭാഗമാക്കുക എന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കിഴക്കന്‍ ജറൂസലമിലെയും വെസ്റ്റ്‌ബേങ്കിലെയും ഫലസ്തീന്‍ മേഖലകളില്‍ നടക്കുന്ന ജൂത കുടിയേറ്റം. ആറ് ലക്ഷത്തോളം ജൂതരാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ സഹായത്തോടെ ഈ മേഖലയില്‍ അനധികൃതമായി ഭൂമി കൈയേറി വീടും കെട്ടിടങ്ങളും നിര്‍മിക്കുകയും കൃഷിയിറക്കുകയും ചെയ്യുന്നത്. ഈ കെട്ടിടങ്ങള്‍ക്കും കൃഷിഭൂമികള്‍ക്കും അംഗീകാരം നല്‍കുന്ന ബില്ലിന് കഴിഞ്ഞ മാസം ഇസ്‌റാഈല്‍ മന്ത്രിതല സമിതി അംഗീകാരവും നല്‍കി. ജൂതകുടിയേറ്റത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കെയാണ് ഇസ്‌റാഈലിന്റെ ധിക്കാരപരമായ നടപടി. അറബികള്‍ക്കെതിരെ ജൂതകുടിയേറ്റക്കാര്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. നിരവധി ഫലസ്തീനി കുടുംബങ്ങളും വീടുകളും പള്ളികളും ജൂതകുടിയേറ്റക്കാരുടെ അക്രമത്തിന് ഇരയായിട്ടുണ്ട്. പരമാവധി ദ്രോഹിച്ചു മേഖലയില്‍ നിന്ന് ഫലസ്തീനികളെ ആട്ടിയോടിച്ചു പ്രദേശം പൂര്‍ണമായി ജൂതവത്കരിക്കുകയാണ് ലക്ഷ്യം. ഭരണകൂടം ഇതിന് പിന്തുണയും നല്‍കുന്നു.

യു എന്‍ പ്രമേയം നടപ്പിലാക്കേണ്ടത് അംഗ രാജ്യങ്ങളാണ്. അമേരിക്കയുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബറാക് ഒബാമയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വോട്ടെടുപ്പില്‍ നിന്ന് മാറിനിന്നു പ്രമേയം പാസ്സാക്കുന്നതിന് അമേരിക്ക സാഹചര്യമൊരുക്കിയെങ്കിലും നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് അമേരിക്ക അംഗീകരിക്കില്ല. ഇക്കാലമത്രയും ഇസ്‌റാഈലിന്റെ മനുഷ്യാവകാശ ലംഘനത്തെ അപലപിക്കുന്ന ഒരു വാക്കുപോലും യു എസ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇസ്‌റാഈലിനെതിരെ ഐക്യ രാഷ്ട്ര സഭയില്‍ വരുന്ന പ്രമേയങ്ങളെല്ലാം വീറ്റോ ചെയ്തു നിര്‍വീര്യമാക്കുയും ചെയ്യുകയായിരുന്നു. ഒബാമ പദവിയിലെത്തിയപ്പോള്‍ പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ അദ്ദേഹത്തില്‍ നിന്ന് മനുഷ്യത്വപരമായ നിലപാട് പ്രതീക്ഷിച്ചതാണ്. അധികാരമേറ്റെടുത്ത ഉടനെ ജൂതകുടിയേറ്റത്തെ അപലപിക്കുന്ന ഒരു പ്രസ്താവന അദ്ദേഹം നടത്തുകയുമുണ്ടായി. ഇസ്‌റാഈല്‍ വിരുദ്ധതക്ക് അമേരിക്കന്‍ ഭരണതലത്തില്‍ സഹകരണം ലഭിക്കില്ലെന്ന് ബോധ്യമായതോടെ ഫലസ്തീന്‍ അനുകൂല നയം ഉപേക്ഷിച്ചു അദ്ദേഹം ഇസ്‌റാഈല്‍ അനുകൂല നിലപാടിലേക്ക് മാറുകയാണുണ്ടായത്.
വെസ്റ്റ്‌ബേങ്ക് മേഖലയിലെ ജൂതകുടിയേറ്റം 1949ലെ ജനീവ കരാറിന്റെ ലംഘനവും നീതീകരിക്കാനാകാത്തതുമാണെന്ന് യു എന്‍ മനുഷ്യാവകാശ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ ഇസ്‌റാഈല്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്നും 2013 ജനുവരിയില്‍ സമര്‍പ്പിച്ച ഫ്രഞ്ച് ജഡ്ജി ക്രിസ്റ്റിന്‍ ചാനറ്റിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നതാണ്. ജനീവ കരാറനുസരിച്ചു ജൂത കുടിയേറ്റം യുദ്ധക്കുറ്റമാണ്. ഇതടിസ്ഥാനത്തില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനാവശ്യമായ നയപരിപാടികളെടുക്കാന്‍ യു എന്നില്‍ നടന്ന നീക്കങ്ങളെ അമേരിക്ക ഇടപെട്ടു പരാജയപ്പെടുത്തുകയായിരുന്നു. ഇപ്പോഴത്തെ കുടിയേറ്റ വിരുദ്ധപ്രമേയം അവതരിപ്പിച്ചത് ന്യൂസിലാന്‍ഡ്, വെനിസ്വേല, മലേഷ്യ, സെനഗല്‍ എന്നീ അംഗരാജ്യങ്ങള്‍ ചേര്‍ന്നാണ്. അവര്‍ക്ക് മുമ്പ് ഈജിപ്ത് ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. നിയുക്ത അമേരിക്കല്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ഇടപെട്ടു ഈജിപ്തിനെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയാണുണ്ടായത്.

ഫലസ്തീനികള്‍ക്ക് കാര്യമായ ഗുണം ചെയ്യില്ലെങ്കിലും ഇസ്‌റാഈലിന് രാഷ്ട്രീയമായി തിരിച്ചടിയാണ് യു എന്‍ പ്രമേയം. അമേരിക്കയോ ബ്രിട്ടനോ ഫ്രാന്‍സോ പ്രമേയം വീറ്റോ ചെയ്യുമെന്നായിരുന്നു ഇസ്‌റാഈല്‍ പ്രതീക്ഷിച്ചിരുന്നത്. പ്രമേയത്തെ എതിര്‍ക്കണമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ രാഷ്ട്രങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആഗോള സമൂഹത്തിന്റെ പൊതുവികാരത്തോടൊപ്പം നില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.