ആശ്രിതരുടെ പുതിയ ലെവി നല്‍കേണ്ടത് ഇഖാമ പുതുക്കുമ്പോള്‍

Posted on: December 26, 2016 2:35 pm | Last updated: December 26, 2016 at 2:35 pm

ജിദ്ദ: പുതിയ ബജറ്റില്‍ നിര്‍േദശിക്കപ്പെട്ട ആശ്രിത വിസയിലുള്ള ഓരോ അംഗത്തിനുമുള്ള അധിക ഫീസ് അടക്കേണ്ടത് ഇഖാമ പുതുക്കുമ്പോഴായിരിക്കുമെന്ന് ജവാസാത്ത് കേന്ദ്രത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017 ജൂലൈ മുതല്‍ നടപ്പാക്കാനിരിക്കുന്ന പുതിയ ഫീസ് ഘടനക്കനുസരിച്ച് ജവാസാത്ത് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യും.

ആദ്യ വര്‍ഷത്തില്‍ ഒരു കുടുംബാംഗത്തിനു പ്രതിമാസ ഫീസ് 100 റിയാല്‍ എന്ന തോതില്‍ ആയിരിക്കും ഈടാക്കുക. ഇതു പ്രകാരം 2017 ജൂലൈ മുതല്‍ ഒരു കുടുംബ നാഥന്റെ ഇഖാമ പുതുക്കുമ്പോള്‍ ഓരോ കുടുംബാംഗത്തിനും 1200 റിയാല്‍ വീതം അധിക ഫീസ് അടക്കേണ്ടി വരും.

2018 ജൂലൈ മുതല്‍ ഈ ഫീസ് ഒരംഗത്തിനു 2400 റിയാലും 2019 ജൂലൈ മുതല്‍ 3600 റിയാലും 2020 ജൂലൈ മുതല്‍ 4800 റിയാല്‍ എന്ന തോതിലുമായിരിക്കും അടക്കേണ്ടി വരിക.

നേരത്തെ 650 റിയാലിനു കുടുംബ നാഥന്റെ ഇഖാമ പുതുക്കുന്നതോടനുബന്ധിച്ച് തന്നെ മറ്റു ഫീസുകളൊന്നുമില്ലാതെ കുടുംബാംഗങ്ങളുടെയെല്ലാം ഇഖാമകള്‍ പുതുക്കിക്കിട്ടിയിരുന്ന സ്ഥാനത്താണു പുതിയ ഫീസുകള്‍ വരുന്നത് എന്നത് പ്രവാസി കുടുംബങ്ങള്‍ക്ക് വന്‍ ബാദ്ധ്യതയായിത്തീരും.