കേരളത്തില്‍ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് മുരളീധരന്‍

Posted on: December 26, 2016 2:23 pm | Last updated: December 26, 2016 at 6:09 pm

കോഴിക്കോട്: കേരളത്തില്‍ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ കഴിയുന്നില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഭരണപക്ഷവും പ്രതിപക്ഷവും സിപിഎം മാത്രമായി ചുരുങ്ങി. ഒരു സമരം നടത്താന്‍ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഒറ്റക്കെട്ടാണെന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് കോണ്‍ഗ്രസിലുള്ള പല നേതാക്കളും. ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

നേതാക്കള്‍ സ്വന്തം മുഖം മിനുക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടി ദുര്‍ബലമാവുകയാണ് ചെയ്യുന്നത്. എംഎം മണി രാജിവെക്കണമെന്ന് വെറും പ്രസ്താവനകളിറക്കുകയാണ് നേതാക്കള്‍ ചെയ്യുന്നത്. ഇതിനെതിരെ സമരം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. എല്ലാ നേതാക്കള്‍ക്കും പാര്‍ലമെന്ററി വ്യാമോഹങ്ങളുണ്ട്. എന്നാല്‍ ഇതിനെല്ലാം അണികള്‍ ആവശ്യമാണ്. നേതാക്കളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഏതാനും അണികള്‍ മാത്രമാണ് ഇന്ന് കോണ്‍ഗ്രസിനുള്ളതെന്നും മുരളി തുറന്നടിച്ചു.