Connect with us

Gulf

രാജ്യത്തെ പൈപ്പ് വെള്ളം അണുമുക്തം; ആരോഗ്യ ലവണങ്ങള്‍ കുറവെന്ന് പഠനം

Published

|

Last Updated

ദോഹ: രാജ്യത്ത് പൈപ്പുകളില്‍ വിതരണം ചെയ്യുന്ന ജലം അണുമുക്തവും പാനയോഗ്യവുമാണെങ്കിലും വെള്ളത്തില്‍ മനുഷ്യ ശരീരത്തിന് ആവശ്യമായ അളവില്‍ ലവണങ്ങള്‍ ഇല്ലെന്ന് വിദഗ്ധ പഠനം. വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ പകുതിയും കടല്‍വെള്ളം ശുദ്ധീകരിച്ചതാണ്. ബാക്ടീരിയ, രാസ വസ്തുക്കള്‍ എന്നിവയില്‍ നിന്ന് മുക്തമാണെങ്കിലും ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ലവണങ്ങള്‍ ഇല്ലെന്നാണ് മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച്ച് സ്‌കൂളില്‍ പ്രൊഫസറായ ഡോ. ജെറോം റിയാഗു നടത്തിയ പഠനത്തില്‍ പറയുന്നത്.
കഴിഞ്ഞയാഴ്ച ഖത്വര്‍ എന്‍വയേണ്‍മെന്റ് ആന്‍ഡ് എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ക്യു ഇ ഇ ആര്‍ ഐ) നടന്ന വര്‍ക്ക്‌ഷോപ്പില്‍ റിയാഗു തന്റെ പഠനം അവതരിപ്പിച്ചു. പൊട്ടാസ്യവും മഗ്‌നീഷ്യവും കുറഞ്ഞ വെള്ളം തുടര്‍ച്ചയായി കുടിക്കാന്‍ ഉപയോഗിക്കുന്നത് പൊണ്ണത്തടി, ഹൈപര്‍ ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ ഖത്വറിലെയും മറ്റു രാജ്യങ്ങളിലെയും ഡീസലൈനേറ്റഡ് വാട്ടര്‍ (ഉപ്പ് കളഞ്ഞ കടല്‍ വെള്ളം) തുരുമ്പിക്കല്‍ ശേഷി ഇല്ലാതാക്കുന്നതിന് പ്രത്യേക പ്രക്രിയക്ക് വിധേമാക്കുന്നുണ്ട്. വീടുകളിലേക്കുള്ള ടാപ്പുകളിലേക്കെത്തും മുമ്പ് പൈപ്പ് വഴി സുരക്ഷിതമായി ഒഴുകുന്നതിന് വേണ്ടിയാണ് ഇത്. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ഇതോടൊപ്പം ലവണങ്ങള്‍ കൂടി ഈ വെള്ളത്തില്‍ ചേര്‍ക്കണമെന്നാണ് റിയാഗു അഭിപ്രായപ്പെടുന്നത്.
മഗ്‌നീഷ്യം കുറഞ്ഞ വെള്ളം കുടിക്കുന്നത് നാഡീ സംബന്ധമായ രോഗങ്ങള്‍, പ്രസവ സംബന്ധമായ പ്രശ്‌നങ്ങള്‍, ശിശുക്കളിലെ പെട്ടെന്നുള്ള മരണം തുടങ്ങിയവക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന നേരത്തേ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. വീടുകളില്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളിലും കുപ്പി വെള്ളത്തിലും ലവണങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഖത്വറിലെ പൈപ്പ് വെള്ളം കുടിക്കാന്‍ അനുയോജ്യമായ വിധം അതീവ സുരക്ഷിതമാണെന്ന് കഴിഞ്ഞ വര്‍ഷം ക്യു ഇ ഇ ആര്‍ ഐ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പൈപ്പ് വെള്ളത്തില്‍ മാലിന്യമോ വിശാംഷങ്ങളോ അടങ്ങിയിട്ടില്ലെന്ന കാര്യം റിയാഗുവും സ്ഥിരീകരിക്കുന്നു. എന്നാല്‍, ആവശ്യമായ ലവണങ്ങള്‍ ഇല്ലെന്നപ്രശ്‌നമാണ് അദ്ദഹം ചൂണ്ടിക്കാട്ടുന്നത്. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ശിപാര്‍ശ ചെയ്തു.

Latest