കൊലപാതകം അവിഹിത ബന്ധത്തിനുള്ള കലഹത്തിനിടെ; സുഹൃത്ത് പിടിയില്‍

Posted on: December 24, 2016 10:04 am | Last updated: December 24, 2016 at 10:04 am
നിധീഷ്‌

കൊല്ലം: യുവാവ് വയലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് പോലീസ് പിടിയില്‍. അഷ്ടമുടി വടക്കേകര രതീഷ് ഭവനില്‍ നിധീഷിനെ(26)യാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പനയം നെടിയവിള കിഴക്കതില്‍ ശ്യാം കുമാറിനെ(25) പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹേതര ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രദേശത്തെ ഒരു പ്രവാസിയുടെ വീട്ടില്‍ ജോലിക്കെത്തിയ ഇരുവരും പ്രവാസിയുടെ ഭാര്യയുമായി അടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതു നടക്കാതെ വരുകയും തൊട്ടടുത്ത ദിവസം രാത്രിയില്‍ വിവാഹേതര ബന്ധത്തിനായി ഈ വീടിന്റെ പരിസരത്തെത്തിയ ഇരുവരും കണ്ടുമുട്ടുകയും തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. തലയില്‍ കെട്ടുന്ന ബാന്റുപയോഗിച്ച് നിധീഷിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതി നല്‍കിയ മൊഴി. വയലിന്റെ സമീപത്തെ ഒരു വാഴത്തോട്ടത്തില്‍ വെച്ചാണ് കൊലപാതകം നടന്നത്. പിന്നീട് മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം 100 മീറ്റര്‍ അകലെയുള്ള വയലില്‍ കൊണ്ടിട്ടു.

ശ്യാംകുമാര്‍

ഇലക്ട്രിക്കല്‍ ജോലിക്കാരനാണ് മരിച്ച നിധീഷ്. പെയിന്റിംഗ് ജോലിക്കാരനാണ് ശ്യാം കുമാര്‍.
കൊല്ലപ്പെട്ട നിധീഷ് ശ്യാം കുമാറിന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയതിലുള്ള വിരോധവും പ്രതിക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു. സംഭവത്തിന് ശേഷം പനയത്തുള്ള മുന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ സുഹൃത്തിനെ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചതോടെ ശ്യാം കുമാര്‍ പിടിയിലായി.
കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എ സി പി റെക്‌സ് റോബി അര്‍വിന്‍, കൊല്ലം എ സി പി ജോര്‍ജ് കോശി, വെസ്റ്റ് സി ഐ ബിനു, അഞ്ചാലുമൂട് എസ് ഐ ദേവരാജന്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.