Connect with us

Kerala

ശങ്കര്‍ റെഡ്ഢിയുടെ നിയമനം നിയമ ലംഘനം: വിജിലന്‍സ് കോടതി

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫ് ഭരണകാലത്ത് വിജിലന്‍സ് ഡയറക്ടറായി ശങ്കര്‍ റെഡ്ഢിയെ നിയമിച്ചത് നിലവിലുളള നിയമങ്ങളുടെ ലംഘനമാണെന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി. നിയമനം നിലവിലുളള നിയമങ്ങള്‍ക്ക് വിരുദ്ധവും സുപ്രീം കോടതി വിധികളുടെ ലംഘനവുമാണ്. നാല് എ ഡി ജി പിമാരെ ഡി ജി പി തസ്തികയിലേക്ക് ഉയര്‍ത്തിയത് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്നാണോയെന്നും കോടതി ആരാഞ്ഞു. ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പ് മന്ത്രിസഭാ യോഗം ചേര്‍ന്ന് മറികടക്കുകയായിരുന്നു. സംസ്ഥാനത്ത് എട്ട് ഡി ജി പിമാരെ നിയമിക്കാന്‍ കേന്ദ്രം അനുമതി നല്‍കാതിരുന്നിട്ടും തിടുക്കപ്പെട്ട് എന്തിന് നിയമനം നടത്തിയെന്നും കോടതി ചോദിച്ചു.

ഹരജിയില്‍ വിധി പറയുന്നത് ഈ മാസം 30 ലേക്ക് മാറ്റി. ശങ്കര്‍ റെഡ്ഡിക്ക് ഡി ജി പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹരജിയാണ് മാറ്റിയത്.
യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ശങ്കര്‍ റെഡ്ഡിക്ക് മാനദണ്ഡം മറികടന്ന് സ്ഥാനക്കയറ്റവും നിയമനവും നല്‍കിയെന്നാണ് ഹരജിയിലെ ആരോപണം. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.
ശങ്കര്‍ റെഡ്ഡിക്ക് പുറമെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. ശങ്കര്‍ റെഡ്ഢിയുടെ നിയമനം സംബന്ധിച്ച രേഖകള്‍ വിജിലന്‍സിന്റെ കൈവശമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആഭ്യന്തര വകുപ്പിന് കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നുമായിരുന്നു വിജിലന്‍സിന്റെ നിലപാട്. രേഖകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് വിജിലന്‍സ് അഭ്യര്‍ഥിച്ചെങ്കിലും കോടതി രണ്ട് ദിവസത്തെ സമയം മാത്രമാണ് അനുവദിച്ചത്.

എ ഡി ജി പി റാങ്കുണ്ടായിരുന്ന ശങ്കര്‍ റെഡ്ഢിയെ വിജിലന്‍സ് ഡറക്ടറാക്കുന്നതിന് വേണ്ടി ഡി ജി പി റാങ്കിലേക്ക് ഉയര്‍ത്തിയത് ക്രമവിരുദ്ധമാണെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. നിലവില്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡയറക്ടറാണ് ശങ്കര്‍ റെഡ്ഢി.
ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ എതിര്‍പ്പുകളും ഔദ്യോഗിക റിപ്പോര്‍ട്ടുകളും മറികടന്നാണ് ശങ്കര്‍ റെഡ്ഢിയുടെ നിയമനമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
യു ഡി എഫ് നേതാക്കള്‍ ഉള്‍പ്പെട്ട 15ഓളം അഴിമതി കേസുകള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ശങ്കര്‍ റെഡ്ഢിയെ വിജിലന്‍സ് തലപ്പത്ത് നിയമിച്ചതെന്നും ഹരജിയില്‍ ആരോപിക്കുന്നു.

 

Latest