പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഗൗരവമായ പരിശ്രമം ആവശ്യമാണ്: മുഖ്യമന്ത്രി

Posted on: December 23, 2016 10:32 pm | Last updated: December 23, 2016 at 10:32 pm
SHARE

ദുബൈ: പ്രവാസികള്‍ക്ക് നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലേബര്‍ ക്യാമ്പുകളിലെ ജീവിത ദുരിതാവസ്ഥ, പാസ്‌പോര്‍ട്ട് വാങ്ങി വച്ചിട്ട് പറഞ്ഞതല്ലാത്ത ജോലി ചെയ്യിക്കുന്ന സ്ഥിതി, നാട്ടില്‍ പോകാന്‍ അനുവാദം കിട്ടായ്ക, സുഗമമല്ലാത്ത ജോലി സാഹചര്യം, സുരക്ഷിതമല്ലാത്ത പണിക്കു നിയോഗിക്കല്‍, ജോലി മാറുന്നതിലെ നിയന്ത്രണം, തൊഴില്‍ നഷ്ടപ്പെടല്‍ എന്നിങ്ങനെ പലതും. ഇതില്‍ മിക്കതും സമൂഹത്തിന്റെ ഏറ്റവും താഴത്തെ തട്ടിലുള്ളവരെ ബാധിക്കുന്നതാണെന്നും കേന്ദ്രഗവണ്‍മെന്റുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍കൊണ്ടുവന്ന് അടിയന്തരമായി നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

പ്രവാസികള്‍ക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്. ലേബര്‍ ക്യാമ്പുകളിലെ ജീവിത ദുരിതാവസ്ഥ, പാസ്‌പോര്‍ട്ട് വാങ്ങി വച്ചിട്ട് പറഞ്ഞതല്ലാത്ത ജോലി ചെയ്യിക്കുന്ന സ്ഥിതി, നാട്ടില്‍ പോകാന്‍ അനുവാദം കിട്ടായ്ക, സുഗമമല്ലാത്ത ജോലി സാഹചര്യം, സുരക്ഷിതമല്ലാത്ത പണിക്കു നിയോഗിക്കല്‍, ജോലി മാറുന്നതിലെ നിയന്ത്രണം, തൊഴില്‍ നഷ്ടപ്പെടല്‍ എന്നിങ്ങനെ പലതും. ഇതില്‍ മിക്കതും സമൂഹത്തിന്റെ ഏറ്റവും താഴത്തെ തട്ടിലുള്ളവരെ ബാധിക്കുന്നതാണ്.
ഗള്‍ഫില്‍ ജോലി ചെയ്യുന്നതില്‍ ഏതാണ്ട് 70 ശതമാനവും ആ വിഭാഗത്തില്‍പെട്ടവരാണു താനും. ജോലിയില്‍നിന്നും എളുപ്പം പുറത്താകുന്നവര്‍ കൂടിയാണിവര്‍.

ഇതര വിഭാഗക്കാര്‍ വൈദഗ്ധ്യം ആവശ്യമായ തൊഴിലിലും മറ്റുമാകയാല്‍ അവര്‍ക്കുള്ള തൊഴില്‍ സുരക്ഷിതത്വം പോലും ഇവര്‍ക്കില്ല. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ കാര്യത്തില്‍ എന്തു ചെയ്യാന്‍ പറ്റും എന്നത് സര്‍ക്കാരിന്റെ പരിശോധനയിലാണ്. തൊഴില്‍ നഷ്ടപ്പെട്ടുനില്‍ക്കുന്നവരെ എങ്ങനെ സഹായിക്കാന്‍ പറ്റും എന്നത് ആലോചിക്കും. കേന്ദ്രഗവണ്‍മെന്റുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍കൊണ്ടുവന്ന് അടിയന്തരമായി നീങ്ങാനാണുദ്ദേശിക്കുന്നത്. തൊഴില്‍പ്രശ്‌നങ്ങള്‍, നിയമസഹായ പ്രശ്‌നങ്ങള്‍, എന്നിങ്ങനെ പലതുണ്ട് ചെയ്യാന്‍.
സാധാരണക്കാര്‍ക്കു നാട്ടില്‍ വന്നുപോകാന്‍ കഴിയാത്തവിധം വിമാനയാത്രാക്കൂലി കൂട്ടുന്നതിന്റെ പ്രശ്‌നമുണ്ട്. ഓരോ സീസണിലും പ്രവാസി മലയാളികള്‍ക്ക് അപ്രാപ്യമാകുന്ന വിധം വിമാന യാത്രാക്കൂലി കൂട്ടുക. സാധാരണ ഘട്ടത്തിലേതിനേക്കാള്‍ പലയിരട്ടിയായി നിരക്കു കൂട്ടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. മറ്റുള്ള വിമാന കമ്പനികള്‍ കൊള്ളയടിക്കുന്നതു പിന്നെയും മനസ്സിലാക്കാം. നമ്മുടെ നാഷണല്‍ കാരിയറായ എയര്‍ഇന്ത്യ തന്നെ ആ കമ്പനികളുടെ കൊള്ളയ്ക്കു വഴിതുറന്നുകൊണ്ട് ഉയര്‍ന്ന നിരക്കുറപ്പിച്ചു നിന്നാലോ?

പുനരധിവാസ പദ്ധതിയുടെ കാര്യം കുറേകാലമായി പറയുന്നെങ്കിലും ഒന്നും മുമ്പോട്ടു പോയിട്ടില്ല. വി പി സിങ്ങിന്റെ മന്ത്രിസഭ കേന്ദ്രത്തിലും ഇ കെ നായനാരുടെ മന്ത്രിസഭ കേരളത്തിലുമുണ്ടായിരുന്നപ്പോള്‍ തുടങ്ങിവെച്ചതാണ് ഈ ചര്‍ച്ച. അന്ന് കേരളം ഇതിനായുള്ള പദ്ധതി തയ്യാറാക്കി വി പി സിംഗിന് സമര്‍പ്പിച്ചു. അത് ക്ലിയര്‍ ചെയ്യാനിരിക്കെ ആ ഗവണ്‍മെന്റ് വീണു. യുഎഇയിലെ ഇന്ത്യന്‍ സമൂഹം വര്‍ഷം 15 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ദേശീയ ഖജനാവിനു നല്‍കുന്നത്. ഇതിന്റെ തുഛമായ ഒരംശം മതി ഗള്‍ഫ് പുനരധിവാസ പാക്കേജ് ഉണ്ടാക്കാന്‍. എന്നാല്‍, അതു നിലവില്‍ വരുന്നില്ല. ഇതടക്കമുള്ള കാര്യങ്ങളില്‍ മുന്നോട്ടു പോകേണ്ടതുണ്ട്.
ചിലര്‍ നിലവിലുള്ള പദ്ധതികള്‍ അറിയുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല എന്ന പ്രശ്‌നവുമുണ്ട്. പണം പ്രത്യുല്‍പാദനപരമായ മേഖലകളില്‍ നിക്ഷേപിക്കാതെ തട്ടിപ്പുനിക്ഷേപങ്ങളിലോ വന്‍കെട്ടിട നിര്‍മ്മാണങ്ങളിലോ ഒക്കെ വ്യര്‍ത്ഥമാക്കുന്നവരുണ്ട്. ഇവിടെയൊക്കെ ബോധവല്‍ക്കരണം ആവശ്യമാണ്. അതുമാത്രം പോര. ഗള്‍ഫ് പ്രവാസികള്‍ക്കു വിശ്വാസപൂര്‍വ്വം നിക്ഷേപം നടത്താനും അതിലൂടെ വരുമാനമുണ്ടാക്കാനും ഉള്ള സര്‍ക്കാര്‍ പദ്ധതികള്‍ വരും. കിഫ്ബി പോലുള്ളവയില്‍, സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ പോലുള്ളവയില്‍ നിക്ഷേപിക്കാം. ഇതിനൊക്കെയുള്ള വ്യക്തതയിലേക്കു കാര്യങ്ങള്‍ നീങ്ങുകയാണിന്ന്.

വ്യവസായം വരണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമുണ്ടാവണം. ബജറ്റ് വിഹിതം കൊണ്ടു സാധിക്കാവുന്നതല്ല ഇത്. ബജറ്റിനു പുറത്ത് അഞ്ചുവര്‍ഷം കൊണ്ട് 50000 കോടി കണ്ടെത്തി അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാനുള്ള ഫണ്ട് വേറെയുണ്ട്. അതിടലക്കം പ്രവാസികള്‍ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രവാസികളായ മലയാളികളുടെ എണ്ണം ഏതാണ്ട് 31 ലക്ഷം വരും. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഒരുപക്ഷേ ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ പ്രവാസസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നായിരിക്കും കേരളം. ഇതില്‍ 24 ലക്ഷത്തോളം ഇന്ത്യക്കു പുറത്ത് ജോലി ചെയ്യുന്നവരാണ്. ഇന്ത്യയില്‍തന്നെ മറ്റു സംസ്ഥാനങ്ങളില്‍ കുടിയേറിയവരുടെ എണ്ണം ഏകദേശം ഏഴു ലക്ഷമാണ്.
എന്നാല്‍, കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പദ്ധതി അടങ്കലിലും പ്രവാസികളുടെ സ്ഥാനം വളരെ വളരെ ചെറുതായിരുന്നു ഒരു ഘട്ടത്തില്‍. 1987ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി ഒരു പ്രവാസകാര്യവകുപ്പ് കേരളത്തില്‍ തുടങ്ങുന്നത്. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനെക്കാള്‍ പ്രവാസകാര്യ വകുപ്പിനുള്ള ബജറ്റ് വിഹിതം ഈ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിദേശവരുമാനസ്രോതസ്സായ പ്രവാസികള്‍ പലപ്പോഴും അവഗണനയും അവജ്ഞയും നേരിട്ടിട്ടുണ്ട്. വിദേശനിക്ഷേപത്തിന്റെ എത്രയോ വലിയ ഭാഗമാണ് പ്രവാസികള്‍ അയയ്ക്കുന്ന പണം. എന്നിട്ടും അതിനുപോലും സേവന നികുതി അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. വിദേശനിക്ഷേപത്തെ ആകര്‍ഷിക്കാനെന്ന മട്ടില്‍ നല്‍കുന്ന ഇളവുകള്‍ പ്രവാസിക്ക് ബാധകമല്ല. കനത്ത വിമാനക്കൂലിയാണ് പ്രവാസികള്‍ നല്‍കേണ്ടി വരുന്നത്. ഇതിനൊക്കെ പരിഹാരം കാണാന്‍ ഗൗരവമായ പരിശ്രമം ആവശ്യമായ ഘട്ടമാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here