താമരശ്ശേരിയില്‍ മോഷണ പരമ്പര: പ്രതി മനോരോഗിയെന്ന്

Posted on: December 23, 2016 10:07 pm | Last updated: December 23, 2016 at 10:07 pm

താമരശ്ശേരി: കോഴിക്കടയില്‍ മോഷണം നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാളെ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. മലപ്പുറം കിഴിശ്ശേരി കരണികുന്ന് ശിവദാസന്‍(34) ആണ് പിടിയിലായത്.

താമരശ്ശേരി പഴയ ബസ്റ്റാന്റിന് സമീപത്തെ മഞ്ചു ചിക്കന്‍സ്റ്റാളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. കോഴികളെയുമായി എത്തിയ ലോറി ശ്രദ്ധയില്‍പെട്ടതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാളെ ലോറിയിലുണ്ടായിരുന്നവര്‍ പിടികൂടിയത്. ചിക്കന്‍ സ്റ്റാളിന്റെ കെട്ടിടം തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അകത്തു സ്ഥാപിച്ച സിസി ടിവി കാമറയും മോണിറ്റും തകര്‍ത്ത ശേഷം മേഷയില്‍ സൂക്ഷിച്ച 68000 രൂപ മോഷ്ടാക്കള്‍ കൈക്കലാക്കി. രാത്രിയില്‍ കോഴികളുമായി വരുന്ന ഏജന്റിനു നല്‍കാന്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്.

ചുങ്കത്തെ ബിഫ് സ്റ്റാളിലെ നേര്‍ച്ചപ്പെട്ടിയിലെ പണവും, മറ്റൊരു ചിക്കന്‍ സ്റ്റാളില്‍ സൂക്ഷിച്ച പണവും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച പണവുമായാണ് ഒരാള്‍ ഓടി രക്ഷപ്പെട്ടത്. പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും കൂടെയുണ്ടായിരുന്ന ആളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.