യുഎപിഎ ചുമത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ അനുമതി വേണം: ഡിജിപി

Posted on: December 23, 2016 8:11 pm | Last updated: December 24, 2016 at 11:31 am

തിരുവനന്തപുരം: സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ യു എ പി എ ചുമത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇനി കരുതലോടെ നീങ്ങണമെന്ന് പോലീസിന് ഡി ജി പിയുടെ നിര്‍ദേശം. കേസെടുക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ സര്‍ക്കുലര്‍ ഇറക്കി. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കുടുതല്‍ ശ്രദ്ധയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും ഉറപ്പുവരുത്തണമെന്നാണ് പ്രധാന നിര്‍ദേശം.

സി പി എം കേന്ദ്ര- സംസ്ഥാന നേതൃത്വവും മുന്നണിയിലെ മറ്റുകക്ഷികളും പോലീസ് നടപടികള്‍ക്കെതിരെ ശക്തമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ഡി ജി പിയുടെ സര്‍ക്കുലര്‍. യു എ പി എ ചുമത്തുന്നതിനോട് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. യു എ പി എ, രാജ്യദ്രോഹകുറ്റം, എന്‍ ഐ എ ആക്റ്റ് പ്രകാരമുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ എഫ് ഐ ആര്‍ തയാറാക്കുന്നതിന് മുമ്പ് ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടിയിരിക്കണം. ഇത്തരം വകുപ്പുകള്‍ ചുമത്തുന്നതിന് ആവശ്യമായ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവ ചുമത്താവൂ.

യു എ പി എ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വകുപ്പുകളില്‍ ഡി വൈ എസ് പി/ എസ് പി തല ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനുള്ള നടപടികള്‍ റേയ്ഞ്ച് ഐ ജിമാര്‍ സ്വീകരിക്കണം. ഇതിനായി സംസ്ഥാനതലത്തില്‍ പ്രത്യേക ശില്‍പ്പശാല സംഘടിപ്പിക്കും.
ഈയിടെ രജിസ്റ്റര്‍ ചെയ്ത ചില കേസുകളും എഫ് ഐ ആറുകളും പരിശോധിച്ചപ്പോള്‍ ചിലവകുപ്പുകള്‍ ചുമത്തുന്നതിലും മറ്റും വേണ്ടത്ര അവധാനത പുലര്‍ത്തിയിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങളെന്ന് ഡി ജി പി വ്യക്തമാക്കി.
സി ഐ, ഡിവൈ എസ് പി, എസ് പി,/ ജില്ലാ പോലീസ് മേധാവി തുടങ്ങിയവരില്‍ നിന്ന് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റ് നടത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വിവിധ സര്‍ക്കുലറുകള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുണ്ട്, ഇതു സംബന്ധിച്ച സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ പൂര്‍ണമായും പാലിച്ചാകണം കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റ് നടത്തേണ്ടത്. ഇക്കാര്യത്തില്‍ ഉയര്‍ന്ന ഉദ്യേഗസ്ഥരുടെ ശരിയായ മേല്‍നോട്ടമുണ്ടാകണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ട റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തേണ്ട കേസുകളിള്‍ എഫ് ഐ ആര്‍ തയാറാക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട സി ഐയുമായി ആലോചിച്ച് വേണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്. അതേപോലെ ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്ന കേസുകളില്‍ എഫ് ഐ ആര്‍ തയാറാക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട ഡി വൈ എസ് പിയുമായി ആലോചിച്ച് സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കണം.

മനുഷ്യക്കടത്ത് കേസുകള്‍ പോലെ ചില പ്രത്യേക ഉദ്യോഗസ്ഥര്‍ക്ക് വിജ്ഞാപനപ്രകാരം അന്വേഷണച്ചുമതല നല്‍കുന്ന കേസുകളില്‍ പ്രസ്തുത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാകണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി ആലോചിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥനുമായി ഇക്കാര്യം ആലോചിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

പോലീസിനെതിരേ ശക്തമായ വിമര്‍ശം ഉയര്‍ന്ന പശ്ചാതലത്തിലാണ് ഡി ജി പി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. സി പി എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ്കാരാട്ട്, എം എ ബേബി, സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ എന്നിവര്‍ പരസ്യമായി പോലീസിനെതിരേ രംഗത്തുവന്നിരുന്നു.