Connect with us

Malappuram

ശമ്പളമെടുക്കാന്‍ ജീവനക്കാര്‍ ബേങ്കിലേക്ക്; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

Published

|

Last Updated

അരീക്കോട്: ശമ്പളം എടുക്കാനായി ജീവനക്കാര്‍ ബേങ്കിലേക്ക് ഓടുന്നതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ കാലിയാകുന്നു. ആഴ്ചയില്‍ 24000 രൂപവരെ മാത്രമേ എടുക്കാവൂ എന്ന നിയമം ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്ചവരെ ഇത്രയും തുക ബേങ്കില്‍ നിന്നും ആര്‍ക്കും ലഭിച്ചിരുന്നില്ല.
എന്നാല്‍ രണ്ട് ദിവസമായി 24000 വരെ ബേങ്കുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ ബേങ്കില്‍ തിരക്കും വര്‍ധിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പൂര്‍ണമായും ബേങ്കുകളിലൂടെയാണ് വിതരണം ചെയ്യുന്നത്. ഒരിടത്തും എ ടി എം പൂര്‍ണമായും പ്രവര്‍ത്തിക്കാത്തതിനാല്‍ പലരും ബേങ്കില്‍ നേരിട്ടെത്തി പണം സ്വീകരിക്കുന്നതാണ് തിരക്ക് കൂടാന്‍ കാരണം. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് ഡ്യൂട്ടിയിലാണ് ബേങ്കില്‍ വരുന്നത്. രാവിലെ ബേങ്കില്‍ വന്ന് ടോക്കണ്‍ എടുത്ത് ഓഫീസീല്‍ എത്തി ഒപ്പ് വെച്ച് മുങ്ങുകയാണ് പല ജീവനക്കാരും. സ്‌കൂളുകളില്‍ പരീക്ഷ ആയതിനാല്‍ അധ്യാപകര്‍ ഷെഡ്യൂള്‍ ചെയ്യാതെയാണ് വരുന്നത്. അതോടെ പല സമയത്തും ഒാഫീസുകളില്‍ ജീവനക്കാര്‍ ഉണ്ടാകാറില്ല.
തിരക്ക് കാരണം ഓരോ ബേങ്കിലും മൂന്നും നാലും മണിക്കൂര്‍ ആവുന്നുണ്ട്. ഇത്രസമയം ഓഫീസില്‍ അതാത് ജീവനക്കാരുടെ സീറ്റുകള്‍ കാലിയുമാണ്. ലീവെടുത്ത് ബേങ്കില്‍ പോകാന്‍ ജീവനക്കാര്‍ തയ്യാറാകുന്നുമില്ല. ഫീല്‍ഡ് വര്‍ക്ക് എന്ന് പറഞ്ഞാണ് ജീവനക്കാര്‍ സ്ഥലം വിടുന്നത്. ഓഫീസിലുള്ള മറ്റുജീവനക്കാരുടമായി ഒത്തുകളി ഇതിന് പിന്നിലുണ്ട്. ചില അധ്യാപകര്‍ ക്ലാസ് കട്ട് ചെയ്തും ബേങ്കിലേക്ക് പോകുന്നുണ്ട്. ഇതോടെ വിവിധ ആവശ്യത്തിനായി ഓഫീസിലെത്തുന്നവരാണ് കഷ്ടപെടുന്നത്. അധ്യാപകര്‍ക്ക് ശനിയാഴ്ചകളില്‍ അവധിയാണെങ്കിലും അത്തര ദിവസങ്ങളില്‍ പണം പിന്‍വലിക്കാനായി പോകാറുമില്ല.
പണ ലഭിക്കാതെ വരുമ്പോള്‍ ജീവനക്കാര്‍ ബേങ്ക് ജീവനക്കാരുമായി വഴക്കിനും മുതിരാറുണ്ട്. ഇന്നലെ അരീക്കോട് എസ് ബി ടിയില്‍ 12 മണിയോടെ കൂട്ടമായി എത്തിയ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ശമ്പളം ലഭിക്കാതെയായതോടെ മാനേജറുമായി വഴക്കിന് ഇടവരുത്തി. മുഴുവന്‍ ജീവനക്കാര്‍ക്കും നല്‍കാന്‍ ആവശ്യമായ തുകയില്ലെന്ന് മാനേജര്‍ പറഞ്ഞെങ്കിലും വിട്ട് കൊടുക്കാന്‍ ജീവനക്കാരും തയ്യാറായില്ല.
പിന്നീട് മുന്‍ഗണനാ അടിസ്ഥാനത്തില്‍ തുക നല്‍കി ബാക്കി ഇന്ന് നല്‍കാമെന്ന വ്യവസ്തയോടെ തിരിച്ചയക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ ആഘോഷ വേളയില്‍ മുന്‍കൂട്ടി ശമ്പളം ലഭിക്കാറുണ്ടെങ്കിലും ഇത്തവണ ക്രിസ്മസ് ആയിട്ടും അത് ഇല്ലാത്തത് ജീവനക്കാരെ വലക്കുന്നുണ്ട്. തുടര്‍ച്ചയായി ബേങ്ക് അവധിയുമാണ്. അത് കാരണം ഇന്നലെ വന്‍തിരക്കാണ് പലയിടങ്ങളിലും കാണപെട്ടത്. ക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് നല്‍കാന്‍ തീരുമാനിച്ചതോടെ ബേങ്കുകളില്‍ തിരക്കിന് അല്‍പം കുറവുണ്ട്.