കള്ളപ്പണം വെളുപ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

Posted on: December 23, 2016 12:11 am | Last updated: December 23, 2016 at 12:11 am

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കുന്നതിന് നല്‍കേണ്ട കമ്മീഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ബെംഗളൂരുവില്‍ യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ബെംഗളൂരു ചെനപട്ടണം സ്വദേശി സത്താര്‍ അലി (32)യെയാണ് സുഹൃത്തുക്കളായ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. തെങ്കിനകലു ഫോറസ്റ്റ് ഏരിയയിലാണ് സംഭവം.

ചെന്നപട്ടണ സ്വദേശികളായ അല്‍ത്താഫ്, മുഹൈബ്, സഈദ്, അക്ബര്‍ എന്നിവര്‍ ചേര്‍ന്നാണ് സത്താറിനെ കൊലപ്പെടുത്തിയത്. സത്താറിന്റെ കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയുടെ പുതിയ നോട്ടുകളും സംഘം മോഷ്ടിച്ചിരുന്നു. 20 ശതമാനം കമ്മീഷന്‍ നല്‍കിയാല്‍ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കാമെന്ന് സത്താര്‍ അറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് സത്താറിനെ കൊലപ്പെടുത്തി സംഘം പണം കൈക്കലാക്കുകയും ചെയ്തു. പ്രതികളായ നാല് പേരെയും രാമനഗര റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതിനിടെ, കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ രേഖകള്‍ ഇല്ലാതെ കൊണ്ടുപോവുകയായിരുന്ന 38.39 ലക്ഷം രൂപയുടെ രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ പോലീസ് പിടികൂടി. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചായിരുന്നു രണ്ടംഗ സംഘം പണം കടത്താന്‍ ശ്രമിച്ചത്. മതിയായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഹവാല ഇടപാടുകാരുമായി ഇവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പണം ഇല്ലാത്തതിനെ തുടര്‍ന്ന് കര്‍ണാടകയിലെ മിക്ക എ ടി എമ്മുകളും അടഞ്ഞുകിടക്കുന്നതിനിടയിലാണ് ദിനേന ലക്ഷക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുക്കുന്നത്.