Connect with us

Gulf

ഉപഭോക്തൃ അവകാശങ്ങള്‍ ഹനിക്കുന്ന ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

Published

|

Last Updated

ദുബൈ: എമിറേറ്റിലെ താമസക്കാര്‍ മുഴുവനും ഇന്‍ഷ്വറന്‍സ് എടുക്കാനുള്ള സമയപരിധിയില്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്‍ഷ്വര്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ഇന്‍ഷ്വറന്‍സില്‍ ചേരുമ്പോള്‍ ഉപഭോക്താവിന് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇന്‍ഷ്വറന്‍സ് പോളിസികള്‍ക്ക് ഹെല്‍ത് അതോറിറ്റി നിശ്ചയിച്ചുകൊടുത്തതിലധികം തുക ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കും അവരുടെ ഇടനിലക്കാര്‍ക്കും പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. അമിതമായി പണം ഈടാക്കിയ ഓരോ അപേക്ഷകളിന്മേലും 10,000 വീതമാണ് ഇത്തരക്കാര്‍ക്കെതിരെ പിഴ ചുമത്തുകയെന്ന് അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കിയില്ലെങ്കില്‍ സ്ഥാപനങ്ങള്‍ കനത്ത പിഴയടക്കേണ്ടിവരുമെന്ന് ഹെല്‍ത്ത് അതോറിറ്റി വീണ്ടും മുന്നറിയിപ്പ് നല്‍കി. മൂന്നര ലക്ഷം പേരാണ് ഇനി ഇന്‍ഷ്വറന്‍സ് പോളിസിയെടുക്കാത്തവര്‍. ഈ മാസം 31 ആണ് അവസാന തിയതി. എല്ലാവരും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഹെല്‍ത് കാര്‍ഡ് പദ്ധതിയില്‍ അംഗങ്ങളായിരിക്കണമെന്നു ഹെല്‍ത് അതോറിറ്റി സാമ്പത്തിക വകുപ്പ് തലവന്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ് ഓര്‍മിപ്പിച്ചു.
ജനുവരി മുതല്‍ പ്രതിമാസം 500 ദിര്‍ഹം പിഴ ഈടാക്കും. തൊഴിലാളികളാണു നിയമം ലംഘിച്ചതെങ്കില്‍ സ്‌പോണ്‍സര്‍ പിഴ അടയ്‌ക്കേണ്ടിവരും. ദുബൈയില്‍നിന്നു വിസ ലഭിച്ചവര്‍ രാജ്യത്തിനു പുറത്താണെങ്കിലും പിഴ അടക്കേണ്ടിവരുമെന്നു ഡോ. ഹൈദര്‍ ഓര്‍മിപ്പിച്ചു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിസാ കാലാവധി തീരുന്നവര്‍ക്കും ഹെല്‍ത് കാര്‍ഡ് നിര്‍ബന്ധമാണ്.
സ്‌പോണ്‍സറാണ് അനുയോജ്യ പോളിസി എടുത്തു തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടത്. തൊഴിലാളിയുടെ വിസ പുതുക്കാന്‍ തൊഴിലുടമക്കു താല്‍പര്യമില്ലെങ്കില്‍ വിസ റദ്ദാക്കുന്ന സമയത്ത് രാജ്യത്തു താമസിച്ച കാലയളവ് കണക്കാക്കി പോളിസി തുക തിരിച്ചുനല്‍കുമെന്ന് അല്‍ യൂസഫ് വ്യക്തമാക്കി.

പദ്ധതിയില്‍ ഭാഗഭാക്കാകാത്ത തൊഴിലുടമകള്‍ തൊഴിലാളികളുടെ മുഴുവന്‍ ചികിത്സാ ചെലവുകളും വഹിക്കാന്‍ ബാധ്യസ്ഥരാണ്. ഇതില്‍ വീഴ്ച വരുത്തുന്നവരും പിഴയടക്കേണ്ടിവരും.

 

Latest