സിഖ് വിരുദ്ധ കലാപം: സജ്ജന്‍കുമാറിന് ജാമ്യം

Posted on: December 22, 2016 6:10 am | Last updated: December 22, 2016 at 12:27 am

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ സജ്ജന്‍ കുമാറിന് ഉപാധികളോടെ ജാമ്യം. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുകയും ചെയ്യുമെന്ന ഉപാധികളോടെയാണ് ഡല്‍ഹിയിലെ കോടതി ജാമ്യമനുവദിച്ചത്. ~ഒരു ലക്ഷത്തിന്റെ സ്വന്തം ജാമ്യത്തിലും ഇതേ തുകക്കുള്ള മറ്റൊരു ആള്‍ ജാമ്യത്തിലുമാണ് ജാമ്യമനുവദിച്ചത്. കോടതിയുടെ അനുവാദമില്ലാതെ രാജ്യം വിട്ടുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജനക്പുരി, വികാസ് പുരി പോലീസ് സ്റ്റേഷനുകളില്‍ അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്ത രണ്ട് കേസുകളില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.

1984 ലെ സിഖ് വിരുദ്ധ കലാപ സമയത്ത് സിഖുകാരായ സോഹന്‍ സിംഗ്, അദ്ദേഹത്തിന്റെ മരുമകന്‍ അവതാര്‍ സിംഗ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജനക്പുരി സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുരുചരണ്‍ സിംഗ് എന്ന സിഖുകാരനെ തീകൊളുത്തിയ കേസിലാണ് വികാസ് പുരി സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ കേസുള്ളത്.