Connect with us

Kasargod

കുളക്കടവിലെ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു; എസ് ഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്‌

Published

|

Last Updated

കാസര്‍കോട്: കുളക്കടവിലെ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരുക്ക്. പ്രതികളെ പിടികൂടാനെത്തിയ എസ് ഐക്കും അക്രമത്തില്‍ പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ചെര്‍ക്കളയിലാണ് സംഭവം. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ നെല്ലിക്കട്ടയിലെ നൗഫലി (24)നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൂരിയിലെ മുഹമ്മദ് അശ്്‌റഫ് (22), ആര്‍ ഡി നഗറിലെ അബ്ദുല്‍ ശിഹാബ് (25) എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചെര്‍ക്കളയിലെ കുളത്തില്‍ കുളിക്കുന്നതിനെ ചൊല്ലി യുവാക്കള്‍ ചേരി തിരിഞ്ഞ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പകല്‍ നേരത്തുണ്ടായ സംഭവത്തിന്റെ തുടര്‍ച്ചയായി രാത്രിയില്‍ ചെര്‍ക്കളയില്‍ യുവാക്കള്‍ വീണ്ടും സംഘം ചേരുകയും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു.
തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കത്തിക്കുത്തുണ്ടാവുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി ലാത്തി വീശി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സാരമായി പരുക്കേറ്റ നൗഫലിനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നെഞ്ചിനേറ്റ പരുക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്കു മാറ്റി.
അതിനിടെ അക്രമക്കേസിലെ പ്രതികളെ പിടികൂടാനെത്തിയ കാസര്‍കോട് എസ് ഐ അജിതിന് വീണ് പരുക്കേറ്റു. തലക്കും കാലിനും പരുക്കേറ്റ എസ് ഐ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest