ഐ ലീഗിന് ജനുവരി ഏഴിന് തുടക്കം

Posted on: December 22, 2016 7:13 am | Last updated: December 22, 2016 at 12:14 am

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളിന് ജനുവരി ഏഴിന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി വടക്കുകിഴക്കന്‍ ടീമായ ഷില്ലോംഗ് ലജോംഗ് എഫ് സിയെ നേരിടും. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. അന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ഐസ്വാള്‍ എഫ് സിയെ നേരിടും. ഇത്തവണ പത്ത് ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്. ഒമ്പത് റൗണ്ടുള്ള ആദ്യ ഘട്ടത്തിന്റെ മത്സര ക്രമം പുറത്തിറക്കി.

തമിഴ്‌നാട്ടില്‍ നിന്നുള്ള ചെന്നൈ സിറ്റി എഫ് സിയും പഞ്ചാബില്‍ നിന്നുള്ള മിനേര്‍വ പഞ്ചാബ് എഫ് സിയുമാണ് ലീഗിലെ പുതുമുഖങ്ങള്‍. കഴിഞ്ഞ വര്‍ഷം കളിക്കാതിരുന്ന മുന്‍ ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സും തരംതാഴ്ത്തലില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഐസ്വാള്‍ എഫ് സിയും ഇത്തവണ കളിക്കുന്നുണ്ട്. ജനുവരി എട്ടിനാണ് മുന്‍ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്റെ ആദ്യ മത്സരം. ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ബഗാന്റെ എതിരാളികള്‍. അന്ന് മുംബൈ എഫ് സി- ചെന്നൈ സിറ്റി എഫ്‌സി, ഡി എസ് കെ ശിവാജിയന്‍സ്- മിനേര്‍വ പഞ്ചാബ് എഫ് സി മത്സരങ്ങളും നടക്കും.