കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പ്: മുഹമ്മദ് ഫര്‍ഹാന്‍ ഇന്ത്യന്‍ ടീമില്‍

Posted on: December 22, 2016 6:11 am | Last updated: December 22, 2016 at 12:12 am

കൊച്ചി: 2017 ല്‍ ഇന്ത്യയില്‍ നടക്കുന്ന കാഴ്ചപരിമിതര്‍ക്കുള്ള ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിയായ മുഹമ്മദ് ഫര്‍ഹാന്‍ ഇടം നേടി. 2014 ല്‍ നടന്ന ലോകകപ്പിലും ഫര്‍ഹാന്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. അജയ് റെഡ്ഡിയാണ് 17 അംഗ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍.

മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ മുഹമ്മദ് ഫര്‍ഹാന്‍ നിലവില്‍ കാഴ്ചപരിമിതര്‍ക്കുള്ള കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. 2009 മുതല്‍ ഫര്‍ഹാന്‍ ക്രിക്കറ്റില്‍ സജീവമാണ്. 2014 ഏപ്രിലില്‍ ആസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെയാണ് ഫര്‍ഹാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2014ല്‍ ദക്ഷിണാഫ്രിക്കയിലെ കേപ്പ്ടൗണില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഫര്‍ഹാന്റെ നേട്ടത്തിനുള്ള അംഗീകാരമായി കേരള സര്‍ക്കാര്‍ സാമൂഹിക ക്ഷേമ വകുപ്പില്‍ ഫര്‍ഹാന് ജോലി നല്‍കിയിരുന്നു. ജനുവരി 29 മുതല്‍ ഫെബ്രുവരി 12 വരെയാണ് കാഴ്ചപരിമിതര്‍ക്കുള്ള രണ്ടാമത്തെ ട്വന്റി 20 ലോകകപ്പ് നടക്കുക. ഡല്‍ഹി, ഫരീദാബാദ്, ഇന്‍ഡോര്‍, മുംബൈ, ഗുജറാത്ത്, കൊച്ചി, ബെംഗളൂരു, കട്ടക്ക്, ആന്ധാപ്രദേശ് എന്നിവിടങ്ങളാണ് മത്സരവേദി.