ഫിലിപ്പൈന്‍സ് പ്രസിഡന്റിനെതിരെ അന്വേഷണ ആവശ്യവുമായി യു എന്‍

Posted on: December 22, 2016 6:39 am | Last updated: December 21, 2016 at 11:39 pm

ന്യൂയോര്‍ക്ക്: മേയര്‍ ആയിരിക്കുന്ന സമയത്ത് ബൈക്കില്‍ ചുറ്റി കുറ്റവാളികളെ കൊന്നിരുന്നെന്ന ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടേര്‍ട്ടിന്റെ വിവാദ പ്രസ്താവനയില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് യു എന്‍. പ്രസിഡന്റിന്റെ കൊലപ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് യു എന്നിന്റെ ഇടപെടല്‍.

യു എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി സയ്യിദ് റആദ് അല്‍ ഹുസൈനാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. ഫിലിപ്പൈന്‍സിലെ ജുഡീഷ്യല്‍ വിഭാഗം അധികൃതരോടാണ് അദ്ദേഹം അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. കൊലപാതകം നടത്തിയെന്ന് ഒരാള്‍ പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമനടപടി നടക്കാത്തതിലുള്ള ആശങ്ക റആദ് രേഖപ്പെടുത്തി. ജൂഡീഷ്യല്‍ സംവിധാനം മൗനിയാകുന്നത് ആലോചിക്കാനാകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ തേടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് യു എന്നിന്റെ ആവശ്യം പിടിവള്ളിയായിരിക്കുകയാണ്. യു എന്നിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം നടത്താനും അന്വേഷണം നടക്കുമ്പോള്‍ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.
എന്നാല്‍, പ്രസിഡന്റാകുന്നതിന് മുമ്പ് ഡ്യൂടേര്‍ട്ട് നടത്തിയെന്ന് കരുതുന്ന കുറ്റകൃത്യത്തിന്റെ പേരില്‍ സ്ഥാനം രാജിവെക്കേണ്ടെന്ന ന്യായീകരണമാണ് ഭരണപക്ഷ പാര്‍ട്ടി നടത്തുന്നത്. വിവാദ പ്രസ്താവനയടങ്ങിയ പ്രസിഡന്റിന്റെ പ്രസംഗം അദ്ദേഹത്തിന്റെ പതിവ് സംസാര ശൈലിയാണെന്നും ഇവര്‍ പറയുന്നു.