കാല്‍നടയായി രാജ്യം ചുറ്റാന്‍ സ്വദേശി യുവാവ്

Posted on: December 21, 2016 7:56 pm | Last updated: December 21, 2016 at 7:56 pm

ദുബൈ: യു എ ഇയിലെ ഏഴ് എമിറേറ്റുകളിലൂടെ നടന്ന് ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് സ്വദേശിയായ ജലാല്‍ ബിന്‍ തനിയ എന്ന മുപ്പതുകാരന്‍. ഏഴു ദിവസംകൊണ്ടാണ് ഏഴ് എമിറേറ്റുകള്‍ നടന്നുതീര്‍ക്കുക. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പൊതുജനമധ്യത്തില്‍ എത്തിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്. മാസങ്ങളായി നടത്തിയ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ജലാല്‍ രാജ്യം നടന്നു താണ്ടാന്‍ തുടങ്ങിയത്. 2006 മുതല്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഇദ്ദേഹം സജീവമാണ്. ഇതിന്റെ ഭാഗമായി പൊതുജന ശ്രദ്ധ നേടുന്ന നിരവധി സാഹസിക പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. 10 വര്‍ഷം മുമ്പ് ജലാല്‍ ആദ്യമായി യു എ ഇയിലെ ഏഴ് എമിറേറ്റുകളും നടന്നു താണ്ടി ചരിത്രം സൃഷ്ടിച്ചിരുന്നു. പിന്നീട്, അബുദാബിയില്‍ നിന്ന് മക്കയിലേക്ക് നടന്നതും ഏറെ വാര്‍ത്താപ്രാധാന്യം നേടി. രാജ്യത്തെ നിരവധി കൂറ്റന്‍ കെട്ടിടങ്ങള്‍ കയറി സാഹസികത തെളിയിക്കുകയും ചെയ്തു.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി വ്യക്തിപരമായി നടത്തുന്ന ആറാമത്തെ ഉദ്യമമാണിതെന്ന് ജലാല്‍ പറഞ്ഞു. അബുദാബി പടിഞ്ഞാറന്‍ മേഖലയിലെ ഗുവൈഫാത്ത് അതിര്‍ത്തിയില്‍ നിന്ന് തുടങ്ങുന്ന നടത്തം ഫുജൈറ തീരത്ത് അവസാനിപ്പിക്കും.