സഹാറ ഗ്രൂപ്പിൽ നിന്ന് നരേന്ദ്ര മോഡി 40 കോടി രൂപ കോഴ വാങ്ങിയെന്ന് രാഹുൽ

Posted on: December 21, 2016 6:24 pm | Last updated: December 22, 2016 at 8:57 am
SHARE

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിര്‍ള, സഹാറാ ഗ്രൂപ്പുകളില്‍ നിന്ന് നരേന്ദ്ര മോഡി കോടികള്‍ കോഴ വാങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു. ഗുജറാത്തിലെ മെഹസാനയില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് വന്‍കിട ഗ്രൂപ്പുകളില്‍ നിന്ന് മോഡി കോഴ വാങ്ങിയതെന്ന് രാഹുല്‍ പറഞ്ഞു. 2013 ഒക്‌ടോബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ ആറ് മാസക്കാലയളവിനിടയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡി ഒന്‍പത് തവണയായി സഹാറ ഗ്രൂപ്പില്‍ നിന്ന് 40 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. ഇതിന് ആദായ നികുതി വകുപ്പിന്റെ രേഖകള്‍ തെളിവായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഇതിന്റെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ബിര്‍ളയില്‍ നിന്ന് മോഡി കോഴ വാങ്ങിയതായി നേരത്തെ കെജരിവാള്‍ ആരോപിച്ചിരുന്നു. ഇത് രാഹുലും ആവര്‍ത്തിച്ചു.

2013 ഒക് ടോബര്‍ 30 ന് 2.5 കോടിയും 2013 നവംബര്‍ 12 ന് 5 കോടിയും നവംബര്‍ 27 ന് 2.5 കോടിയും നവംബര്‍ 29 ന് 2.5 കോടിയും
2013 ഡിസംബര്‍ 13, 19, 2014 ജനവരി 13, 28 ഫിബ്രവരി 11 എന്നീ തീയതികളില്‍ അഞ്ച് കോടി വീതവും കോഴ കൈപ്പറ്റിയെന്നാണ് രാഹുലിന്റെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here