ഓണ്‍ലൈന്‍ മാധ്യമങ്ങളെ കണ്ണടച്ച് വിശ്വസിക്കാറുണ്ടല്ലേ?

ഓണ്‍ലൈന്‍ വാര്‍ത്തകളുടെ പ്രധാന പ്രശ്‌നമായി മാധ്യമഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത് അടരുകളാകുന്ന വാര്‍ത്താ ഉറവിടങ്ങളാണ്. ഫേസ്ബുക്കില്‍ വായിക്കുന്ന ന്യൂസ് ഫീഡുകള്‍ ഉദാഹരണം. ഒരു രാഷ്ട്രീയ നേതാവ് ഏതെങ്കിലും ന്യൂസ്‌പേപ്പര്‍ സ്റ്റോറി ട്വീറ്റ് ചെയ്തത് നിങ്ങളുടെ സുഹൃത്ത് ഷെയര്‍ ചെയ്യുന്നതായി സങ്കല്‍പ്പിക്കുക. ഈ വാര്‍ത്തക്ക് അഞ്ച് ഉറവിടങ്ങളുണ്ട്. ന്യൂസ്‌പേപ്പര്‍, രാഷ്ട്രീയക്കാരന്‍, ട്വിറ്റര്‍, സുഹൃത്ത്, ഫേസ്ബുക്ക് എന്നിവ. ഒരു സന്ദേശം കൈമാറുന്ന പ്രക്രിയയില്‍ ഈ അഞ്ച് ഉറവിടങ്ങളും പങ്കെടുത്തു. ഇങ്ങനെ അടരുകളായി മാറുന്ന ഉറവിടങ്ങള്‍ ഓണ്‍ലൈന്‍ വാര്‍ത്താനുഭവത്തിന്റെ പൊതുപ്രത്യേകതയാണ്. ഈ അഞ്ച് ഉറവിടങ്ങളില്‍ പ്രധാന ഉറവിടം ഏതാണ്? ഈ ചോദ്യം സ്വയം ചോദിക്കാത്ത ഓരോ ഓണ്‍ലൈന്‍ വായനക്കാരനും വ്യാജവാര്‍ത്തകളില്‍ വീഴാനുള്ള സാധ്യത താരതമ്യേന വളരെ കൂടുതലാണ്. ഉറവിടങ്ങളുടെ ഈ ചങ്ങല തേടിപ്പോകുന്നവര്‍ വളരെ വിരളം.
Posted on: December 21, 2016 9:08 am | Last updated: December 22, 2016 at 8:24 pm

യു എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പാണ് വാഷിംഗ്ടണിലെ പ്രശസ്തമായ കൊമിറ്റ് പിംഗ് പാംഗ് പിസ ഷോപ്പിന്റെ ഉടമ ജെയിംസ് അല്‍ഫന്റി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അസാധാരണമാം വിധം ഫോളോവേഴ്‌സ് വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാര്യം ശ്രദ്ധിച്ചത്. ഒപ്പം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വായിച്ചുതീര്‍ക്കാവുന്നതിലപ്പുറം മെസേജുകളും. എല്ലാ സന്ദേശങ്ങളും ഭീഷണികളാണ്. നിന്നെ കൊല്ലാന്‍ ഞങ്ങളിതാ വരുന്നു, ഇനി നീ ജീവിച്ചിരിക്കാന്‍ പാടില്ല, ഇന്നത്തോടെ എല്ലാം അവസാനിക്കണം തുടങ്ങിയ ഭീഷണികള്‍. തന്റെ ഷോപ്പിലെ ജോലിക്കാര്‍ക്കും സമാനമായ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആദ്യം ജെയിംസ് അല്‍ഫന്റിക്ക് ഒന്നും മനസ്സിലായില്ല. തന്റെ പിസ ഷോപ്പ് കേന്ദ്രീകരിച്ച് കുട്ടികളെ ദുരുപയോഗം ചെയ്യുന്നു എന്നും കുട്ടികളെ ഉപയോഗിച്ച് ലൈംഗിക കച്ചവടം നടക്കുന്നു എന്നും ആരോപിച്ച് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു വ്യാജവാര്‍ത്ത ചില വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിച്ചതിന്റെ ഫലമാണ് പ്രതിഷേധവും വധഭീഷണിയുമെന്ന് അദ്ദേഹം പിന്നീട് കണ്ടെത്തി.

അമേരിക്കയിലെ ചില ആധികാരിക പത്രങ്ങളും ഈ വ്യാജവാര്‍ത്ത അതേപടി പ്രസിദ്ധീകരിച്ചു. അതോടെ ജെയിംസ് അല്‍ഫന്റിയുടെയും നാല്‍പതോളം ജോലിക്കാരുടെയും ജീവിതം വ്യാജ വാര്‍ത്തയില്‍ വഴിമുട്ടിനിന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണങ്ങളും നടന്നു. നിയമപോരാട്ടത്തിനൊടുവില്‍ കൊമിറ്റ് പിംഗ് പോംഗ് പിസ ഷോപ്പ് വിജയിച്ചു. വാര്‍ത്ത വ്യാജമായിരുന്നു എന്നും ഷോപ്പുടമയും ജീവനക്കാരും നിരപരാധികളാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുകണ്ടെത്തി.

ഈ പ്രവണതയെ ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്നത് ‘ഡിജിറ്റല്‍ വൈറസ്’ എന്നാണ്. വായനക്കാരും പ്രേക്ഷകരും വ്യാജ വാര്‍ത്തകളില്‍ വീഴാതെ ജാഗ്രത പുലര്‍ത്തുകയാണെങ്കില്‍, അവ ഷെയര്‍ ചെയ്യാതിരിക്കുകയാണെങ്കില്‍ ഡിജിറ്റല്‍ വൈറസ് ലക്ഷ്യം കാണില്ല. ദൗര്‍ഭാഗ്യകരമായി, ലോകത്തെ മഹാഭൂരിപക്ഷം പേരും വ്യാജ വാര്‍ത്തകള്‍ പൂര്‍ണമായി വിശ്വസിക്കുന്നവരോ പാതിവിശ്വസിക്കുന്നവരോ പങ്കുവെക്കുന്നവരോ ആണ്. ഓണ്‍ലൈന്‍ വാര്‍ത്തകളുടെ സമാഹരണ സ്വഭാവവും ആധികാരികതയും അവയുടെ മനഃശാസ്ത്രവും പക്വതയോടെ തിരിച്ചറിയാതെ ഈ വൈറസ് ഭേദമാവില്ല എന്നും ന്യൂയോര്‍ക്ക് ടൈംസ് മാധ്യമ പഠനവിഭാഗം അടിവരയിടുന്നു. താന്‍ വായിച്ച വാര്‍ത്ത ശരിയാണെന്ന് ഉറപ്പ് വരുത്തുന്നതിനിടയില്‍ വായിക്കുന്നയാള്‍ മാനസികമായി പക്ഷപാതിത്വം കാണിക്കുന്നത് കൊണ്ടാണ് ഇത്തരം ‘ഫേക്ക് ന്യൂസു’കള്‍ക്ക് പ്രചാരണം ലഭിക്കുന്നത് എന്നാണ് മാധ്യമനിരീക്ഷകരുടെ വിലയിരുത്തല്‍. തന്റെ വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കും അനുസരിച്ച് മാത്രമാണ് ഓരോ ആളും വാര്‍ത്തകള്‍ വായിക്കുന്നതും ഉള്‍ക്കൊള്ളുന്നതും. ടി വി പ്രേക്ഷകരുടെ മാനസികവ്യാപാരവും ഇങ്ങനെ തന്നെ. സ്വന്തം വിശ്വാസത്തോട് യോജിച്ചുവരുന്ന കാര്യങ്ങള്‍ മാത്രം ഗൗരവത്തിലെടുക്കുകയും അതിനപ്പുറമുള്ളവ തള്ളിക്കളയുകയും ചെയ്യുക എന്നതാണ് ലോകത്തെ എല്ലായിടത്തുമുള്ള വായനക്കാരും പ്രേക്ഷകരും പുലര്‍ത്തുന്ന പൊതുമനോഭാവം. എന്നാല്‍ സ്വന്തം വിശ്വാസങ്ങള്‍ക്കപ്പുറം പക്ഷപാതിത്വം ഒട്ടുമില്ലാതെ വാര്‍ത്തകള്‍ കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരും പലപ്പോഴും വ്യാജവാര്‍ത്തകളില്‍ വീഴാറുണ്ട്.

വാര്‍ത്തകളുടെ ഉറവിടത്തെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും നാം പുലര്‍ത്തുന്ന അശ്രദ്ധയും നിസ്സംഗതയുമാണ് വ്യാജവാര്‍ത്തകളുടെ നിര്‍മാണത്തിനും വ്യാപകമായ വിതരണത്തിനും കാരണം. വാര്‍ത്തകളുടെ ഉറവിടത്തെക്കുറിച്ച് വായനക്കാര്‍ ചിന്തിക്കാതിരിക്കുന്നത് കൊണ്ടാണ് ഓണ്‍ലൈനില്‍ വ്യാജന്യൂസുകള്‍ വ്യാപകമായി പടരുതെന്നാണ് ഇരുപത് വര്‍ഷത്തോളം ഓണ്‍ലൈന്‍ വാര്‍ത്തകളുടെ മനഃശാസ്ത്രത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചും ഗവേഷണം നടത്തിയ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ എസ് ശ്യാം സുന്ദര്‍ എഴുതിയത്. പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന നിയമങ്ങളോ ഗുണമേന്മയോ പരിഗണിക്കാത്ത നിരുത്തരവാദിത്വമാണ് നിലവില്‍ ഓണ്‍ലൈന്‍ ന്യൂസുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വാര്‍ത്തയുടെ ഗുണമേന്മയും ഉറവിടങ്ങളുടെ ആധികാരികതയും സ്വീകാര്യത എന്ന അതിവൈകാരികതക്ക് വേണ്ടി ബലികഴിക്കുമ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കുമേല്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലാതാകുന്നു. ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്ന ലേഖകനും ന്യൂസ് എഡിറ്ററും വായനക്കാരും ഈ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടുന്നു.

നിരവധി അടരുകളുള്ള ഉറവിടങ്ങള്‍

ആധികാരിക ന്യൂസ് ഏജന്‍സികളാണ് ഇന്നും വാര്‍ത്തകള്‍ക്ക് കാവല്‍ നില്‍ക്കുന്നവര്‍. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കി വാര്‍ത്തകള്‍ സംഭാവന ചെയ്യുന്നതും ന്യൂസ് ഏജന്‍സികള്‍ തന്നെ. വാര്‍ത്തകളുടെ ഉറവിടങ്ങളെക്കുറിച്ച് പുലര്‍ത്തിവരുന്ന ജാഗ്രത കൊണ്ടാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ക്ക് ഇത്രമേല്‍ വിശ്വാസ്യത കൈവന്നത്. എന്നാല്‍ ഈ ന്യൂസ് ഏജന്‍സികളൊന്നും ഇന്റര്‍നെറ്റ് ന്യൂസുകള്‍ ഒട്ടും പരിഗണിക്കാറില്ല എന്ന വസ്തുത ഒരു അത്ഭുതമായി തോന്നിയേക്കാം. ഇവിടെയാണ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ അലസമായി കൈകാര്യം ചെയ്യുന്ന ഒരു ശരാശരി വായനക്കാരന്‍ വരുത്തിവെക്കുന്ന അപകടത്തിന്റെ ആഴം അളന്നെടുക്കേണ്ടത്. ഓണ്‍ലൈന്‍ വാര്‍ത്തകളുടെ വൈവിധ്യങ്ങളായ ഉറവിടങ്ങള്‍ തിരിച്ചറിയുക എന്ന അടിസ്ഥാനകടമ പോലും മറക്കുന്നു എന്നതാണ് ഈ അപകടത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നത്. ഈ കടമയാണ് വ്യാജവാര്‍ത്തകളില്‍ വീഴുന്ന ഓരോ ആളും മറക്കുന്നത്.
ഓണ്‍ലൈന്‍ വാര്‍ത്തകളുടെ പ്രധാനപ്രശ്‌നമായി മാധ്യമഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത് അടരുകളാകുന്ന വാര്‍ത്താ ഉറവിടങ്ങളാണ്. ഫേസ്ബുക്കില്‍ വായിക്കുന്ന ന്യൂസ് ഫീഡുകള്‍ ഉദാഹരണം. ഒരു രാഷ്ട്രീയ നേതാവ് ഏതെങ്കിലും ന്യൂസ്‌പേപ്പര്‍ സ്റ്റോറി ട്വീറ്റ് ചെയ്തത് നിങ്ങളുടെ സുഹൃത്ത് ഷെയര്‍ ചെയ്യുന്നതായി സങ്കല്‍പിക്കുക. ഈ വാര്‍ത്തക്ക് അഞ്ച് ഉറവിടങ്ങളുണ്ട്. ന്യൂസ്‌പേപ്പര്‍, രാഷ്ട്രീയക്കാരന്‍, ട്വിറ്റര്‍, സുഹൃത്ത്, ഫേസ്ബുക്ക് എന്നിവ. ഒരു സന്ദേശം കൈമാറുന്ന പ്രക്രിയയില്‍ ഈ അഞ്ച് ഉറവിടങ്ങളും പങ്കെടുത്തു. ഇങ്ങനെ അടരുകളായി മാറുന്ന ഉറവിടങ്ങള്‍ ഓണ്‍ലൈന്‍ വാര്‍ത്താനുഭവത്തിന്റെ പൊതുപ്രത്യേകതയാണ്. ഈ അഞ്ച് ഉറവിടങ്ങളില്‍ പ്രധാന ഉറവിടം ഏതാണ്? ഈ ചോദ്യം സ്വയം ചോദിക്കാത്ത ഓരോ ഓണ്‍ലൈന്‍ വായനക്കാരനും വ്യാജവാര്‍ത്തകളില്‍ വീഴാനുള്ള സാധ്യത താരതമ്യേന വളരെ കൂടുതലാണ്. ഉറവിടങ്ങളുടെ ഈ ചങ്ങല തേടിപ്പോകുന്നവര്‍ വളരെ വിരളം. വായിക്കുന്ന വാര്‍ത്ത തനിക്ക് അത്രമേല്‍ പ്രധാനപ്പെട്ടതാകുമ്പോള്‍ മാത്രമേ ഏതൊരു വായനക്കാരനും ഉറവിടങ്ങളെക്കുറിച്ച് ചിന്തിക്കൂ എന്ന് റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഡിജിറ്റല്‍ റിപ്പോര്‍ട്ട് 2016 വ്യക്തമാക്കുന്നു. ഈയൊരു വിടവിലാണ് വ്യാജവാര്‍ത്തകള്‍ പിറവിയെടുക്കുന്നതും വളരുന്നതും. ലോകജനസംഖ്യയില്‍ 51 ശതമാനം പേരും വാര്‍ത്തകള്‍ വായിക്കാന്‍ അവലംബിക്കുന്നത് സോഷ്യല്‍ മീഡിയ ആണെന്നും പ്രസ്തുത റിപ്പോര്‍ട്ട് അടിവരയിടുന്നു. പത്തില്‍ ഒരാള്‍ ഈ ഉറവിടം പ്രധാന ഉറവിടമായി വിശ്വസിക്കുകയും ചെയ്യുന്നു. 18-24 വയസ്സിനിടയിലെ വായനക്കാരില്‍ 28 ശതമാനവും വാര്‍ത്തകളുടെ പ്രധാനഉറവിടമായി സോഷ്യല്‍ മീഡിയയെ വിശ്വസിക്കുന്നു. ഓണ്‍ലൈന്‍ വായനക്കാരില്‍ 36 ശതമാനം പേരും മുന്‍പ് വായിച്ച വാര്‍ത്തകളുമായി താരതമ്യം ചെയ്ത് മാത്രം വാര്‍ത്തകള്‍ വിശ്വസിക്കുമ്പോള്‍ തന്റെ സുഹൃത്തുക്കള്‍ അനുമാനിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നവര്‍ 22 ശതമാനം വരും.

സ്വയം ഉറവിടമാകുമ്പോള്‍

സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടു, പങ്കുവെച്ചു എന്ന കാരണത്താല്‍ സത്യവും അസത്യവും കലര്‍ന്ന വിവരങ്ങള്‍ പലരും വിശ്വസിക്കുന്നു. കേരളത്തിലെ ചിലയിടങ്ങളില്‍ നിന്ന് കുട്ടികളെ കാണാതായ സംഭവം വ്യാപകമായ ഭീതി പടര്‍ത്തിയത് ഒടുവിലെ ഉദാഹരണം. അതിനെത്തുടര്‍ന്നുണ്ടായ വ്യാജ വാര്‍ത്തകള്‍ ദിവസങ്ങളോളം രക്ഷിതാക്കളുടെ ഉറക്കം കെടുത്തി. പ്രധാന നഗരങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ വ്യാപകമാണെന്ന് വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഒഴുകി. പോലീസ് ഉദ്യോഗസ്ഥരും പത്രങ്ങളും ചാനലുകളും ആ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞിട്ടും സോഷ്യല്‍ മീഡിയയിലെ ഫെയ്ക്ക് ന്യൂസുകള്‍ തന്നെ പലരും വിശ്വസിച്ചു. കൂടുതല്‍ പേര്‍ ഷെയര്‍ ചെയ്യുന്നത് വിശ്വസിക്കുക എന്ന ബോധം അറിഞ്ഞോ അറിയാതെയോ ഓണ്‍ലൈന്‍ വാര്‍ത്തകളുടെ ദുരന്തമായി ഇപ്പോഴും തുടരുകയാണ്.

അതിനേക്കാള്‍ അപകടമാണ് സ്വയം ഉണ്ടാക്കിയെടുക്കുന്ന അനുമാനങ്ങള്‍ എന്ന് മീഡിയ സൈക്കോളജി ജേണലിന്റെ ഏറ്റവും പുതിയ ലക്കം വെളിപ്പെടുത്തുന്നു. ഓരോ ആളും സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് മാത്രമാണ് ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുകള്‍ തിരഞ്ഞടുക്കുന്നത് എന്നും ആ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സ്വന്തം അനുമാനങ്ങള്‍, അത് തെറ്റാണെങ്കില്‍ പോലും, വലിയ വാര്‍ത്തയാക്കാന്‍ ശ്രമം നടത്തുമെന്നും പ്രസ്തുത പഠനം വിശദീകരിക്കുന്നു. തത്ഫലമായി’ഇത് എന്റെ ചിന്താഗതിക്കനുസരിച്ചുള്ള വെബ്‌സൈറ്റ് ആണ്, ഇത് ഞാന്‍ പറയാറുള്ള കാര്യമാണ് തുടങ്ങിയ അഭിപ്രായങ്ങള്‍ പറഞ്ഞ് സ്വയം റിസോഴ്‌സ് ആകാനും ശ്രമം നടക്കുന്നു. ഞാനും എന്റെ സുഹൃത്തുക്കളും വാര്‍ത്തകളുടെ ഏറ്റവും വലിയ ഉറവിടമായിമാറുന്ന പരിതാപകരമായ പരിണതിയാണത്. ഇങ്ങനെ വ്യത്യസ്ത രൂപഭാവങ്ങളില്‍ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ കടന്നുവരുമ്പോഴാണ് യഥാര്‍ഥ വാര്‍ത്തയും വ്യാജവാര്‍ത്തയും തമ്മില്‍ തിരിച്ചറിയാന്‍ പോലും കഴിയാതെയാകുന്നത്.

ചുരുക്കത്തില്‍, പത്രം വായിക്കുമ്പോഴും വാര്‍ത്താ ചാനലുകള്‍ കാണുമ്പോഴും ഉണ്ടാകുന്ന ഉദാസീനതയും നിഷ്‌ക്രിയത്വവും ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഉണ്ടാകരുത്. ഇന്റര്‍നെറ്റ് ന്യൂസുകള്‍ വിശകലനം ചെയ്യുമ്പോഴും പങ്കുവെക്കുമ്പോഴും പ്രധാന ഉറവിടങ്ങളെക്കുറിച്ചും അവയുടെ ആധികാരികതയെക്കുറിച്ചും ചില ഉറപ്പുകള്‍ ഉണ്ടായിരിക്കണം. വ്യാജ വാര്‍ത്തകള്‍, അര്‍ധസത്യങ്ങള്‍, വ്യക്തിഹത്യ, ആക്ഷേപങ്ങള്‍, അനാവശ്യമായ വാഗ്വാദങ്ങള്‍, മതനിയമങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ഉറപ്പില്ലാത്ത വിവരങ്ങള്‍ കൈമാറല്‍, അശ്ലീലപ്രയോഗങ്ങള്‍, എവിടെയും എത്താത്ത തര്‍ക്കങ്ങള്‍, അനാരോഗ്യകരമായ സംവാദങ്ങള്‍ തുടങ്ങിയ മുഴുവന്‍ നിഷേധാത്മകമായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. നിര്‍മാണാത്മകമല്ലാത്ത ഒരു കാര്യവും ഓണ്‍ലൈനില്‍ വേണ്ട. വ്യാജ വാര്‍ത്തകളില്‍ വീഴാതിരിക്കാനും വീഴ്ത്താതിരിക്കാനുമുള്ള ജാഗ്രത കൈവരിച്ച ശേഷം മാത്രമേ ഓണ്‍ലൈനാകൂ എന്ന ഉറച്ച തീരുമാനം എടുക്കുക.