അടിയന്തിരാവസ്ഥയുടെ ജ്വലിക്കുന്ന ഓര്‍മകളുമായി മൂസക്കുട്ടി

Posted on: December 20, 2016 3:55 pm | Last updated: December 20, 2016 at 3:55 pm

എടവണ്ണപ്പാറ: അടിയന്തിരാവസ്ഥയുടെ ജ്വലിക്കുന്ന ഓര്‍മ്മകളുമായി കഴിയുകയാണ് മപ്രം കൊന്നാര് പള്ളിയില്‍ മുഹദ്ദീനായി ജോലി ചെയ്യുന്ന കുറ്റിത്താടി മൂസക്കുട്ടി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ എച്ച് എം എസ് (ഹിന്ദ് മസ്ദുര്‍ സംഘം) ത്തിന്റെ സെക്രട്ടറി ആയിരുന്നു.
അടിയന്തിരാവസ്ഥക്കെതിരെ മുദ്രാവാക്യം വിളിച്ചതിനായിരുന്നു മറ്റ് നാലുപേരോടൊപ്പം അറസ്റ്റ് ചെയ്യാന്‍ കാരണം. ബോണസ് ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ കമ്പനി ഗേറ്റില്‍ വെച്ച് മുഴക്കിയാതായിരുന്നു അറസ്റ്റിലേക്ക് നയിച്ചെതെന്ന് ഇദ്ദേഹം പറയുന്നു. രാപ്പന്‍ (സി ഐ ടി യു), ജേക്കപ്പ് (സി ഐ ടി യു), അബ്ദുര്‍റഹ്മാന്‍(എസ് ടി യു), രാമന്‍ (ബി എം എസ്) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോഴിക്കോട് പുതിയറയിലുള്ള ജയിലിലേക്കായിരുന്നു മാവൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

രാവിലെ ജീരക വെള്ളവും ചപ്പാത്തിയും ചമ്മന്തിയും ഉച്ചക്ക് സാമ്പാറും ചോറുമായിരുന്നു ഭക്ഷണം. തന്റെ അറുപത്തിയെട്ടാം വയസ്സിലും മൂസക്കുട്ടി ഓര്‍ക്കുന്നു. എഴുപത്തിയാറ് ദിവസങ്ങള്‍ ജയിലില്‍ കഴിഞ്ഞ നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ചു. പതിനഞ്ച് ദിവസങ്ങള്‍ കൂടുമ്പോള്‍ ഇവരെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പിന്നീട്, റിമാന്‍ഡില്‍ കിടന്ന ദിവസം ശിക്ഷയായി കണക്കാക്കി അഞ്ചു പേരെ കോടതി വെറുതെ വിട്ടു.