Connect with us

Palakkad

മാന്തോപ്പുകളിലെ കീടനാശിനി: ജീവജാലങ്ങള്‍ക്ക് ഭീഷണിയാകുന്നു

Published

|

Last Updated

പാലക്കാട്: മുതലമടയിലെ മാന്തോപ്പുകളില്‍ കീടനാശിനി പ്രയോഗം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആശ്രയം റൂറല്‍ സൊസൈറ്റി വീണ്ടും തയ്യാറെടുക്കുന്നു. സൊസൈറ്റിയുടെ കീഴില്‍ രണ്ടാം തവണെയാണ് പഠനം.
2005 ഡിസംബര്‍ ഇരുപതിന് മുതലമട വെള്ളാരം കടവിലുള്ള ബാബു കോളനിപരിസരത്ത് പൂമ്പാറ്റകളുടെ ദേശാടനം സംബന്ധിച്ച് പഠനം നടത്തുന്നതിന് വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനികളുടെ വ്യാപക ഉപയോഗം മാന്തോപ്പുകളില്‍ കണ്ടെത്തിയത്.
അന്ന് വംശനാശ ഭീഷണി നേരിടുന്ന നിരവധി ചിത്ര ശലഭങ്ങളും ഷഡ്പദങ്ങളും തവളയും പാമ്പുമൊക്ക കൊല്ലപ്പെടുന്ന കാഴ്ച പ്രവര്‍ത്തകര്‍ പുറം ലോകത്തെ അറിയിച്ചത്. പിന്നീട് വളര്‍ത്തു മൃഗങ്ങളുടെ മരണത്തിലേക്കും ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കണ്ടെത്താന്‍ സഹായിച്ചത്.

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലില്‍ 2006 മുതല്‍ ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെട്ടു. തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ കൊടുവായൂര്‍ യൂനിറ്റിലെ നൂറിലേറെ വരുന്ന അധ്യാപക വിദ്യാര്‍ത്ഥികളും കൊല്ലങ്കോട് ആശ്രയത്തിലെ പ്രവര്‍ത്തകരും നടത്തിയ സാമ്പിള്‍ പഠനങ്ങളില്‍ ഗുരുതരമായ 174 രോഗ ബാധിതരെ കണ്ടെത്തിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകനായ എസ് ഗുരുവായൂരപ്പന്‍ മനുഷാവകാശ കമ്മീഷനെ കാണുകയും കാസര്‍കോടിന് സമാനമായ പ്രശ്‌നപരിഹാരത്തിന് വീണ്ടും മുന്‍കൈ എടുക്കണമെന്ന് അപേക്ഷിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് തീരുമാനമെടുക്കുന്നതിന് കമ്മീഷന്‍ കത്തുനല്‍കുകയും ചെയ്തു. അതില്‍ വിശദമായ വിലയിരുത്തലുകള്‍ക്കു ശേഷം ദുരിത ബാധിതര്‍ക്കായി കാസര്‍ഗോഡ് ജില്ലക്ക് സമാനമായ പാക്കേജ് രൂപവത്ക്കരിക്കുന്നതിനും നടപടിക്ക് ശിപാര്‍ശ ചെയ്തുവെങ്കിലും യാതൊരു നടപടിയുമായില്ല.

ഇതിന്റെ അടിസ്ഥാനത്തില്‍ ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയും മുതലമട പഞ്ചായത്തിന്റെയും നേതൃത്വത്തില്‍, വിവിധ സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കീടാനാശികളുടെ ദുരിതം അനുഭവിക്കുന്നവരുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ധാരണയായി.
ഇപ്പോള്‍ രോഗ ബാധിതര്‍ കൂടിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പുതിയ പഠനം നടത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest