സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധം: പിണറായി

Posted on: December 20, 2016 12:48 pm | Last updated: December 20, 2016 at 12:48 pm

തൃശൂര്‍: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കും. മാന്യവും സാന്ത്വനം പകരുന്നതുമായ പ്രവര്‍ത്തന ശൈലിയാകണം പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. അതിനുള്ള സവിശേഷമായ സംസ്‌കാരം പോലീസില്‍ ഉണ്ടാക്കിയെടുക്കണം. സര്‍ക്കാറും പോലീസും സംയുക്തമായി കേരളത്തിലെ എല്ലാ കമ്മീഷനറേറ്റ് ജില്ലകളിലും നടപ്പാക്കുന്ന പിങ്ക് പോലീസ് പട്രോള്‍ പദ്ധതിയുടെ തൃശൂര്‍ സിറ്റിയിലെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

പോലീസ് എന്ന് കേള്‍ക്കുമ്പോള്‍ ഭീതിയല്ല, സുരക്ഷിതത്വ ബോധമാണ് ഉണ്ടാകേണ്ടത്. മാനഭംഗത്തിന് ഇരയായവര്‍ ഓരോ നിമിഷവും അപമാനവും പേറിയാണ് സമൂഹത്തില്‍ കഴിഞ്ഞുകൂടുന്നത്. ഇതു കണ്ടില്ലെന്നു നടിക്കാനാകില്ല. നിയമങ്ങളേക്കാള്‍ മാറ്റമുണ്ടാകേണ്ടത് സാമൂഹിക ചുറ്റുപാടുകളിലാണ്. യഥാര്‍ഥത്തില്‍ നടക്കുന്ന പീഡനങ്ങളുടെ ഭൂരിഭാഗവും പുറംലോകം അറിയുന്നില്ലെന്നതാണ് വസ്തുത. ഇരയാകുന്ന കുടുംബം മാനഹാനി ഭയന്ന് നിയമ നടപടികളിലേക്ക് നീങ്ങാതെ പീഡനങ്ങള്‍ മൂടിവെക്കുകയാണ്. നിയമപാലകരുടെ മുമ്പില്‍ പരാതിയുമായി ചെന്നാല്‍ മാനസിക പീഡനമേല്‍ക്കുമെന്ന് ചിലര്‍ ഭയക്കുന്നു. ഇത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കും. ആര്‍ജവത്തോടെ സത്യം വിളിച്ചു പറയാന്‍ തയ്യാറാകുകയാണ് വേണ്ടത്.

പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ധൈര്യപൂര്‍വം കടന്നുചെല്ലാനും നീതി ലഭിക്കാനുമുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആ വഴിക്കുള്ള നീക്കമാണ് പിങ്ക് പട്രോളിംഗ് പദ്ധതിയെന്നും സുരക്ഷിതത്വബോധം സൃഷ്ടിക്കാന്‍ ഈ സംവിധാനം കൊണ്ട് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്രക്കാരായ സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ശുചിത്വമുള്ള ടോയ്‌ലറ്റുകളെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. പോലീസ് കണ്‍ട്രോള്‍ റൂമില്‍ പ്രത്യേകമായി സ്ഥാപിച്ച ഹെല്‍പ് ഡസ്‌കില്‍ രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലീസിന്റെ സേവനം ആവശ്യമെങ്കില്‍ 1515 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ വനിതാ പോലീസിന്റെ സേവനം ലഭ്യമാകുന്ന പദ്ധതിയാണ് പിങ്ക് പോലീസ് പട്രോള്‍. ഇതിന് അത്യാധുനിക സംവിധാനങ്ങളുള്ള പ്രത്യേക വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി എന്‍ ജയദേവന്‍ എം പി, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസി. ഷീല വിജയകുമാര്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എം കെ മുകുന്ദന്‍, കൗണ്‍സിലര്‍ കെ മഹേഷ്, തൃശൂര്‍ റേഞ്ച് ഐ ജി. എം ആര്‍ അജിത്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. എ ഡി ജി പി. ബി സന്ധ്യ സ്വാഗതവും റൂറല്‍ എസ് പി ആര്‍ നിശാന്തിനി നന്ദിയും പറഞ്ഞു. പിങ്ക് പോലീസ് പട്രോളിംഗ് വാഹനത്തിന്റെ ഫഌഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു.