റോഹിംഗ്യ: വിമര്‍ശത്തിന് മുന്നില്‍ മയപ്പെട്ട് മ്യാന്മര്‍

Posted on: December 20, 2016 9:00 am | Last updated: December 20, 2016 at 12:02 am

യാങ്കൂണ്‍: റോഹിംഗ്യന്‍ ജനതക്കെതിരെ മ്യാന്മര്‍ സര്‍ക്കാറും സൈന്യവും നടത്തുന്ന വംശഹത്യക്കെതിരെ ആസിയാന്‍ രാഷ്ട്രത്തലവന്മാരുടെ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശം. മ്യാന്മര്‍ കൗണ്‍സിലര്‍ ആംഗ് സാന്‍ സൂകി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് റോഹിംഗ്യന്‍ വിഷയം ഗൗരവകരമായി ചര്‍ച്ച ചെയ്തത്. റോഹിംഗ്യന്‍ വിഷയത്തില്‍ കുറ്റകരമായ മൗനം പാലിച്ചതിന്റെ പേരില്‍ സമാധാന നൊബേല്‍ ജേതാവ് കൂടിയായ സൂകി അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശം നേരിട്ടുകൊണ്ടിരിക്കെയാണ് ആസിയാന്‍ രാഷ്ട്രത്തലവന്മാര്‍ക്ക് യാങ്കൂണില്‍ വിരുന്നൊരുക്കുന്നത്. വിമര്‍ശങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ റോഹിംഗ്യകള്‍ക്ക് വേണ്ടി മലേഷ്യ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. മ്യാന്മര്‍ സൈന്യത്തിനെയും സര്‍ക്കാറിനെയും വിമര്‍ശിച്ച മലേഷ്യന്‍ വിദേശകാര്യ മന്ത്രി റോഹിംഗ്യകള്‍ക്ക് വേണ്ടി ആസിയാന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടാകണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, റോഹിംഗ്യകള്‍ക്കെതിരായി നടക്കുന്ന സംഘടിത സൈനിക ആക്രമണങ്ങളെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും മ്യാന്മര്‍ ന്യായീകരിച്ചു. ക്രൂരമായ വംശഹത്യ നടന്നുവെന്ന് സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളിലൂടെ മറ്റും തെളിഞ്ഞ റാഖിനെയില്‍ ഇപ്പോഴും നിരവധി റോഹിംഗ്യകള്‍ ജീവിക്കുന്നുണ്ടെന്നും റോഹിംഗ്യകളുടെ വിഷയം തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നും വ്യക്തമാക്കി. റാഖിനെയുടെ നിലവിലെ അവസ്ഥ മനസ്സിലാക്കാന്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വിരലിലെണ്ണാവുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സന്ദര്‍ശനാനുമതി നല്‍കി. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം തിരഞ്ഞെടുത്ത അന്താരാഷ്ട്ര, പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെയാണ് വംശീയ കലാപം നടന്ന റാഖിനെയിലേക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. റാഖിനെയില്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ നടന്ന ആക്രമണത്തെ കുറിച്ചുള്ള തെളിവുകള്‍ പുറത്തുവിട്ട് റോഹിംഗ്യന്‍ വിഷയം നിരന്തരമായി ചര്‍ച്ച ചെയ്ത നിരവധി അന്താരാഷ്ട്ര, പ്രാദേശിക മാധ്യമങ്ങളിലെ പ്രതിനിധികള്‍ക്ക് മന്ത്രാലയം അനുമതി നല്‍കിയില്ല. റാഖിനെയടക്കമുള്ള റോഹിംഗ്യന്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളിലേക്ക് മാധ്യമങ്ങള്‍ക്ക് ഇപ്പോഴും വിലക്ക് തുടരുകയാണ്.
റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്മര്‍ ഉയര്‍ത്തിയ ന്യായീകരണങ്ങളെ അസ്ഥാനത്താക്കിയാണ് മലേഷ്യന്‍ വിദേശകാര്യമന്ത്രി അനിഫ അമന്‍ യോഗത്തില്‍ പ്രതികരിച്ചത്. റാഖിനെയില്‍ നടക്കുന്ന ആക്രമണങ്ങള്‍ മേഖലയിലെ സുരക്ഷയെയും നിലനില്‍പ്പിനെയും ബാധിക്കുമെന്നും ആക്രമണ ഭീതിയില്‍ പലായനം ചെയ്‌തെത്തിയ അരലക്ഷത്തിലധികം റോഹിംഗ്യകള്‍ മലേഷ്യയിലുണ്ടെന്നും അനിഫ അമന്‍ വ്യക്തമാക്കി. ദക്ഷിണേഷ്യന്‍ മേഖലയെ ബാധിക്കുന്ന പ്രധാന പ്രശ്‌നമായി റോഹിംഗ്യന്‍ വിഷയം മാറിയിട്ടുണ്ട്. ആസിയാന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി തന്നെ ഈ വിഷയത്തെ നേരിടുകയും പരിഹരിക്കുകയും വേണം. പീഡനവും ത്യാഗവും അനുഭവിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മനുഷ്യാവകാശ സഹായം എത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഹിംഗ്യന്‍ വിഷയം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സൂകിയുടെ മ്യാന്മര്‍ സര്‍ക്കാര്‍ ആസിയാന് രാജ്യങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടില്ല. എന്നാല്‍, റോഹിംഗ്യന് വിഷയങ്ങളും റാഖിനെയില്‍ നടക്കുന്ന ഇടപെടലുകളും പുറംലോകത്തെ അറിയിക്കുമെന്നും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യാവകാശ സഹായങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മ്യാന്മറിലെ റാഖിനെ സംസ്ഥാനത്ത് കൂട്ടമായി ജീവിക്കുന്ന ലക്ഷക്കണക്കിന് റോഹിംഗ്യകളെ പൗരന്മാരായി പോലും അംഗീകരിക്കാത്ത മ്യാന്മര്‍ ക്രൂരമായ ആക്രമണങ്ങളാണ് ഇവര്‍ക്കെതിരെ നടത്തുന്നത്.